| Thursday, 16th May 2024, 6:36 pm

സ്ത്രീകളോട് മോശമായി പെരുമാറി; സ്റ്റേഡിയത്തിൽ പുരുഷ കാണികൾക്ക് വിലക്കേർപ്പെടുത്തി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഫുട്‌ബോള്‍ മത്സരത്തിനിടെ സ്‌റ്റേഡിയത്തില്‍ പുരുഷന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇറാനിലെ ഫുട്ബോൾ ഫെഡറേഷന്‍. മെയ് ഒന്നിന് നടന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിലെ സ്ത്രീകളോട് മോശമായി പെരുമാറിയതിനാണ് പുരുഷ കാണികള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം.

ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് പുരുഷ കാണികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പകരം മത്സരം നടക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ സ്ത്രീകളെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നായിരുന്നു ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം.

ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ നേരത്തെ സത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇറാന്‍ നിരവരധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അതിനിടെ, അച്ചടക്ക സമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തെത്തി.

വര്‍ഷങ്ങളായി പുരുഷ മേധാവിത്വമുള്ള സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെട്ടന്നും ഇന്ന് അച്ചടക്ക സമിതിയുടെ തീരുമാനത്തെ തുടര്‍ന്ന് സ്ത്രീകള്‍ മാത്രമുള്ള സ്റ്റേഡിയങ്ങള്‍ കാണാന്‍ സാധിച്ചെന്നും ഇറാനിലെ മാധ്യമമായ തബ്‌നക് പറഞ്ഞു.

സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഇറാന്‍ സര്‍ക്കാറിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ഖബര്‍ സ്‌പോര്‍ട്‌സ് ദിനപത്രം രംഗത്തെത്തി. രണ്ട് മാസം മുമ്പ് സ്ത്രീകള്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ കാണികളായി എത്തുന്നത് പൂര്‍ണ്ണമായും വിലക്കിയിരുന്നു. ഇപ്പോള്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുതിയ തീരുമാനത്തെ തുടര്‍ന്ന് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോ മത്സരത്തില്‍ സ്ത്രീ കാണികള്‍ മാത്രമായിരിക്കും ഉണ്ടാവുകയെന്നും പത്രം പറഞ്ഞു.

2022 മാർച്ച് മുതൽ സ്ത്രീകൾക്ക് സ്റ്റേഡിയങ്ങളിലേക്ക് അനിയന്ത്രിതമായ പ്രവേശനം അനുവദിക്കണമെന്ന ഫിഫയുടെ നിർദേശം വകവയ്ക്കാതെയായിരുന്നു സ്റ്റേഡിയങ്ങളിൽ സ്ത്രീകളെ വിലക്കാൻ ഇറാൻ തീരുമാനിച്ചത്. പിന്നീട് സ്ത്രീകളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഉണ്ടായിരുന്നു. ഒരോ മത്സരങ്ങളിലും കുറച്ച് സത്രീകൾക്ക് മാത്രമാണ് പ്രവേശനം നൽകിയിരുന്നത്.

2022 മാർച്ചിൽ ഇറാനും ലെബനനും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം കാണുന്നതിന് ഓൺലൈനായി ടിക്കറ്റ് വാങ്ങിയ നൂറുകണക്കിന് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. കളികാണാൻ അവകാശമുണ്ടെന്ന് ശഠിക്കുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോൾ സ്ത്രീകൾക്ക് നേരെ സുരക്ഷാസേന കണ്ണീർ വാതകം പ്രയോഗിച്ചെന്നും കുരുമുളക് സ്‌പ്രേ പ്രയോ​ഗിച്ചെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. സംഭവത്തിൽ നിരവധി സ്ത്രീകൾക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlight: Male fans barred from football stadiums in iran

We use cookies to give you the best possible experience. Learn more