പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് അടി. ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പേര് പോലെ തന്നെ അടിയാണ് ചിത്രത്തില്‍ പ്രധാനി. സജീവ് നായര്‍ എന്ന നന്ദുവിന്റെ കല്യാണ ദിവസം സംഭവിക്കുന്ന അപ്രതീക്ഷിതമായ ഒരു അടിയും അതിനെ തുടര്‍ന്ന് വരുന്ന സംഭവങ്ങളുമാണ് സിനിമ.
ആണ്‍ ബോധങ്ങള്‍ തമ്മിലുള്ള കൂട്ടയടി എന്നും ഒറ്റവാക്കില്‍ സിനിമയെ പറയാം. പെണ്ണിന്റെ മുന്നില്‍ ജയിച്ചവനായി മാറുക, പെണ്ണിന്റെ മുന്നില്‍ തോറ്റുകൊടുക്കാന്‍ കഴിയാതിരിക്കുക തുടങ്ങി സോകോള്‍ഡ് ആണ്‍ബോധത്തിന്റെ എല്ലാ ചേരുവകളും ചേര്‍ന്നൊരുക്കിയ ആല്‍ഫാ മെയിലുകളാണ് സിനിമയിലെ രണ്ട് പുരുഷന്മാരും.
പെണ്ണിനെ സംരക്ഷിക്കേണ്ടത് പുരുഷനാണെന്നും, പ്രശ്‌നങ്ങളെല്ലാം അവന്‍ ഉള്ളിലൊതുക്കണമെന്നുമുള്ള കുലപുരുഷ സങ്കല്‍പ്പത്തില്‍ ജീവിക്കുന്നയാളാണ് സജീവ് നായര്‍. എന്നാല്‍ സാധാരണ മനുഷ്യനുണ്ടാകുന്ന ഭയവും ആശങ്കയും അയാള്‍ക്കുണ്ടാകുന്നുണ്ട്. പക്ഷെ അത് പുറത്ത് കാണിക്കാന്‍ അയാളിലെ ആണ്‍ബോധം അനുവദിക്കുന്നില്ല. ആ പിരിമുറുക്കമാണ് ഒടുവിലയാളെ സിനിമ പറയുന്നത് പോലെ കോമാളിയാക്കി മാറ്റുന്നത്.
എത്രയോ കാലങ്ങളായി മലയാള സിനിമ ആഘോഷിച്ച മെയില്‍ ഈഗോയുടെ തലക്കിട്ട് കൊടുക്കുന്ന കൊട്ടാണ് പ്രശോഭിന്റെ ‘അടി’. സജീവ് നായര്‍ നില്‍ക്കുന്നത് നായക സ്ഥാനത്താണെങ്കിലും അയാളെയും തെറ്റ് എന്ന നിലയില്‍ തന്നെയാണ് സിനിമ അവതരിപ്പിക്കുന്നത്. അത് തന്നെയാണ് സിനിമയുടെ പ്രധാന വിജയവും. നമ്മുടെ നിത്യ ജീവിതത്തില്‍ കണ്ടിട്ടുള്ള ഒരുപാട് സജീവന്മാരുടെ സിനിമാറ്റിക് രൂപമാണ് സജീവ്.
ധ്രുവന്‍ അവതരിപ്പിക്കുന്ന വെള്ളപ്പട്ടര്‍ എന്ന കഥാപാത്രമാകട്ടെ ആണത്തത്തിന്റെ തീവ്രത കൂടിയ ‘കോമാളിയാണ്’. ഞാനൊരു ആണാടാ പ്രയോഗം ചിത്രത്തിന്റെ പല ഘട്ടങ്ങളിലും രണ്ട് പുരുഷന്മാരും പറയുന്നുണ്ട്. അത് തന്നെയാണ് സിനിമ പറയാന്‍ ശ്രമിക്കുന്നതും. താന്‍ ഒരു ആണാണ് എന്ന ചിന്ത മാത്രമല്ല അവളൊരു പെണ്ണ് മാത്രമാണ് എന്ന തോന്നലും വെള്ളപ്പട്ടരുടെ പ്രശ്‌നമാണ്.
ലൈംഗികത എന്ന ഒറ്റ വാക്കിലാണ് അയാള്‍ പെണ്ണിനെ കാണുന്നത്. തനിക്ക് മുമ്പില്‍ തലയുയര്‍ത്തി സംസാരിക്കുന്ന പെണ്ണ് അയാള്‍ക്കൊരു അസ്വസ്ഥതയാണ്. അവിടെ അയാളുടെ ആണ്‍ബോധം ഉയരും. അവസാനം എഴുതി കാണിക്കുന്നത് പോലെ ഇത് വെറുമൊരു പട്ടി ഷോ എന്ന് മാത്രമാണ് ഈ ചൂടാകലുകളെ വിലയിരുത്തേണ്ടതുള്ളു.
contenr highlight: male ego in adi malayalam movie