[] മാലി: രണ്ടാമത്തെ പ്രവാശ്യവും ആര്‍ക്കും അമ്പത് ശതമാനം വോട്ട് നേടാന്‍ കഴിയാതിരുന്നതിനാല്‍ ഇന്ന് നടക്കേണ്ടിയിരുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഈ മാസം 16ലേക്ക് മാറ്റിവച്ചു.
ഇതടക്കം മൂന്നാം തവണയാണ് മാലിയില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് തടസ്സപ്പെടുന്നത്. ഇതിനിടെ പ്രചരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് എ.പി.പി സ്ഥാനാര്‍ത്ഥി അബ്ദുള്ള യാമീന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
മാലിയില്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ നിലവിലെ പ്രസിഡണ്ട് മുഹമ്മദ് വഹീദ് ഹസനോട് അധികാരത്തില്‍ തുടരാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നാളെയായിരുന്നു പുതിയ പ്രസിഡണ്ട് ചുമതലയേല്‍ക്കേണ്ടിയിരുന്ന ദിവസം. എന്നാല്‍ ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനം വോട്ട് ലഭിച്ചിരുന്നില്ല.
മുന്‍പ്രസിഡണ്ട് മുഹമ്മദ് നഷീദിന് 46.3 ശതമാനം വോട്ടുകളും മുഖ്യ എതിരാളിയായ അബ്ദുള്‍ യാമിന് 29.73 ശതമാനം വോട്ടുകളും ലഭിച്ചു.
വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപിച്ച് ജംബൂരി പാര്‍ട്ടി നേതാവ് ഖാസിം മുഹമ്മദ് നല്‍കിയ പരാതിയെത്തുടര്‍ന്ന് സെപ്തംബര്‍ ഏഴിന് നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
സെപ്തംബര്‍ 28ന് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പോലീസിന്റെ ഇടപെടലിനെത്തുടര്‍ന്ന് തടസപ്പെടുകയുമായിരുന്നു.
സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ഒക്ടോബര്‍ 19ന് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചെങ്കിലും സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍പ്പട്ടിക അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് അതും തടസപ്പെടുകയായിരുന്നു.