| Thursday, 15th February 2024, 8:35 am

വിസ നിയമലംഘനം, മയക്കുമരുന്ന് കടത്ത് ആരോപിച്ച് നാടുകടത്തലുമായി മാലിദ്വീപ് സര്‍ക്കാര്‍; പുറത്താക്കപ്പെട്ടവരില്‍ ഇന്ത്യക്കാരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാലെ: രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി 186 വിദേശികളെ നാടുകടത്തി മാലിദ്വീപ് സര്‍ക്കാര്‍. പുറത്താക്കപ്പെട്ടവരില്‍ 43 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിസ നിയമലംഘനം, മയക്കുമരുന്ന് കടത്ത് അടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ടാണ് വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സീല്‍ ചെയ്യുന്നതിന്റെ ഭാഗമായി നടന്ന പരിശോധനകളിലാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര സുരക്ഷ മന്ത്രി അലി ഇഹ്സാന്‍ പറഞ്ഞു. ഇത്തരത്തില്‍ നിയമ ലംഘനങ്ങള്‍ നടത്തുന്ന വിദേശികളെ കണ്ടെത്താനുള്ള കൂടുതല്‍ നീക്കങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ബിസിനസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാമ്പത്തിക മന്ത്രാലയവുമായി ചേര്‍ന്ന് മന്ത്രാലയം ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ഇഹ്സാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രജിസ്റ്റര്‍ ചെയ്തതും രജിസ്റ്റര്‍ ചെയ്യാത്തതുമായ ബിസിനസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രജിസ്റ്റര്‍ ചെയ്ത ഉടമയ്ക്ക് പകരം വിദേശികളാണ് ബിസിനസുകള്‍ നടത്തുന്നതെന്നും ഇഹ്സാന്‍ പറഞ്ഞു. ഇത്തരം ബിസിനസുകള്‍ അടച്ചുപൂട്ടാനുള്ള ശ്രമങ്ങളും വിദേശികളെ പുറത്താക്കാനുമുള്ള ശ്രമങ്ങള്‍ക്കിടയിലാണ് നിലവിലെ നാടുകടത്തല്‍.

ഇന്ത്യക്കാര്‍ക്ക് പുറമെ ബംഗ്ലാദേശ് പൗരന്മാരായ 85 പേരും ശ്രീലങ്കക്കാരായ 25 പേരും എട്ട് നേപ്പാളികളും മാലിദ്വീപ് സര്‍ക്കാരിന്റെ നിയമ നടപടിക്ക് വിധേയമായിട്ടുണ്ട്.

വിസാ സംബന്ധമായ വിഷയങ്ങളില്‍ ഇമിഗ്രേഷനും പൊലീസ് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്താറുണ്ടെന്ന് ഇമിഗ്രേഷന്‍ കണ്‍ട്രോളര്‍ ഷമാന്‍ വഹീദ് പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും പ്രത്യേക ഗ്രൂപ്പിനെ ലക്ഷ്യം വെക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Maldivian government to deport people on charges of visa violations and drug trafficking

We use cookies to give you the best possible experience. Learn more