മാലി: ഇസ്രഈല്‍ പാസ്‌പോര്‍ട്ട് രാജ്യത്ത് നിരോധിക്കാനൊരുങ്ങി മാലിദ്വീപ്. ഇതിന് വേണ്ടി നിയമ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ രണ്ടിന് ഞായറാഴ്ച ഉച്ചക്ക് രാഷ്ട്രപതിയുടെ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് മന്ത്രി അലി ഇഹ്‌സാനാണ് തീരുമാനം പ്രഖ്യാപിച്ചത്.
കാബിനറ്റിന്റെ ശുപാര്‍ശയെ തുടര്‍ന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇസ്രഈല്‍ പാസ്‌പോര്‍ട്ട് രാജ്യത്ത് നിരോധിക്കാന്‍ തീരുമാനിച്ചെന്ന് അലി ഇഹ്‌സാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രഈലികള്‍ മാലിദ്വീപില്‍ പ്രവേശിക്കുന്നത് തടയാന്‍ ആവശ്യമായ നിയമ ഭേദഗതിക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു കാബിനറ്റ് ഉപസമിതി രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് പുറമേ ഫലസ്തീന്റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ രാജ്യത്ത് നിന്ന് പ്രതിനിധിയെ അയക്കാനും തീരുമാനമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീനികള്‍ക്ക് വേണ്ടി ധനസമാഹരണ കാമ്പെയ്‌നും രാജ്യവ്യാപകമായി റാലിയും നടത്താന്‍ മാലിദ്വീപ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Content Highlight: Maldives to impose a ban on Israeli passports