ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ദ്വീപിലേക്കെത്തിക്കാന്‍ റോഡ് ഷോയുമായി മാലിദ്വീപ് ടൂറിസം വകുപ്പ്. ഉഭയകക്ഷി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ നഷ്ടപ്പെട്ട വിനോദസഞ്ചാരികളെ തിരിച്ചുപിടിക്കാന്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ റോഡ് ഷോ സംഘടിപ്പിക്കാനാണ് മാലിദ്വീപ് ടൂറിസ്റ്റ് ബോര്‍ഡിന്റെ തീരുമാനം.
അടുത്ത കാലങ്ങളില്‍ മാലിദ്വീപ് സ്വീകരിച്ച വിദേശ നയങ്ങള്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ വഷളാക്കിയിരുന്നു. ഇതോടെ ഇന്ത്യയില്‍ നിന്ന് ദ്വീപിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകുകയും ചെയ്തു. വിനോദ സഞ്ചാരത്തിനായി ലക്ഷദ്വീപിനെ തെരഞ്ഞെടുക്കണമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യവും ഈ ഇടിവിന് കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്, മാലിദ്വീപ് ടൂറിസം കഴിഞ്ഞ മാര്‍ച്ചില്‍ 33 ശതമാനത്തിന്റെ ഇടിവ് നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 2023 മാര്‍ച്ചില്‍ 41,000ത്തിലധികം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ആണ് മാലിദ്വീപ് സന്ദര്‍ശിച്ചത്. എന്നാല്‍ 2024 മാര്‍ച്ചില്‍ ഇത് 27,224 ആയി കുറഞ്ഞു.
2023 മാര്‍ച്ച് വരെ മാലിദ്വീപ് വിനോദസഞ്ചാരത്തിന്റെ ഒന്നാമത്തെ സ്രോതസ് ഇന്ത്യ ആയിരുന്നു. അതേസമയം 2024 ആയപ്പോഴേക്കും ഇന്ത്യയുടെ സ്ഥാനം ആറിലേക്ക് താഴുകയാണ് ചെയ്തത്.
2023ല്‍ ദ്വീപിലേക്കെത്തിയ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം രണ്ട് ലക്ഷത്തിലധികവും ചൈനയില്‍ നിന്നുള്ളത് ഒന്നരലക്ഷത്തോളവുമായിരുന്നു. ഈ വര്‍ഷം ദ്വീപിലേക്ക് എത്തിയത് 217,394 വിനോദസഞ്ചാരികള്‍ ആണ്. അതില്‍ 34,600ലധികം പേര്‍ ചൈനയില്‍ നിന്നുള്ളവരാണ്.
Content Highlight: Maldives to hold road shows in Indian cities to win back tourists