മാലി: മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെയും മറ്റു എട്ട് രാഷ്ട്രീയ തടവുകാരെയും വിട്ടയക്കാന്‍ മാലി സുപ്രീംകോടതിയുടെ ഉത്തരവ്. ഇവരുടെ വിചാരണ ഭരണഘടനാ വിരുദ്ധവും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ചുമാണ് നടപടി. അതേ സമയം കേസുകളില്‍ പുനര്‍ വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
മുന്‍വൈസ് പ്രസിഡന്റ്, പ്രതിരോധ മന്ത്രി, ജഡ്ജി ചീഫ് പ്രോസിക്യൂട്ടര്‍ തുടങ്ങിയവരെല്ലാമാണ് വിട്ടയക്കപ്പെട്ടത്.
പ്രസിഡന്റ് അബ്ദുല്ല യമീനെ താത്കാലികമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. ഹരജിയില്‍ താരുമാനമെടുക്കുന്നതിന് പകരം 9 രാഷ്ട്രീയ തടവുകാരെ വെറുതെ വിടാന്‍ തീരുമാനിക്കുകയായിരുന്നു.
നഷീദടക്കമുള്ളവരെ വെറുതെ വിട്ടതിന് പുറമെ 12 പ്രതിപക്ഷ എം.പിമാരെ അസാധുവാക്കിയ നടപടിയും കോടതി തടഞ്ഞിട്ടുണ്ട്. ഇതോടെ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് ശക്തി വര്‍ധിക്കുകയും പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള അംഗബലം ലഭിക്കുകയും ചെയ്യും.
2016ല്‍ ജയിലിലായിരിക്കെ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ നഷീദ് ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടുകയായിരുന്നു. സുപ്രീംകോടതി വിധി വന്നതോടെ നഷീദിന് നാട്ടിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യമൊരുങ്ങുകയാണ്. കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായും പ്രസിഡന്റ് യമീന്‍ രാജിവെച്ചൊഴിയണമെന്നും നഷീദ് ട്വീറ്റ് ചെയ്തു.