| Tuesday, 28th August 2018, 12:38 pm

മാലിദ്വീപിനെ ഇന്ത്യ ആക്രമിച്ച് കീഴ്പ്പെടുത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; ഇന്ത്യയോട് അതൃപ്തി അറിയിച്ച് മാലദ്വീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൊതുതിരഞ്ഞെടുപ്പ് സുതാര്യമായല്ല നടത്തുന്നതെങ്കില്‍ മാലിദ്വീപിനെ ഇന്ത്യ ആക്രമിച്ച് കീഴ്പ്പെടുത്തണമെന്ന രാജ്യസഭാംഗമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് വിവാദമാകുന്നു. മാലിദ്വീപിലെ വിദേശ കാര്യ സെക്രട്ടറി അഹമ്മദ് സരീര്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറായ അഖിലേഷ് മിശ്രയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു.

“”തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെങ്കില്‍ ഇന്ത്യ മാലിദ്വീപിനെ ആക്രമിക്കണം,”” എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി തന്റെ ട്വീറ്റില്‍ കുറിച്ചത്. മാലിദ്വീപിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദുമായി കൊളംബോയില്‍ സുബ്രഹ്മണ്യന്‍ സ്വാമി കൂടിക്കാഴ്ച നടത്തിയത് മാലിദ്വീപിലെ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഉള്‍പ്പടെയായിരുന്നു ട്വീറ്റ്.


Read Also : കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ഉയര്‍ത്തിയ സുരേഷ് കൊച്ചാട്ടില്‍ സുരക്ഷ തേടി സുപ്രീം കോടതിയില്‍; ഹരജി തള്ളി


ഇതേതുടര്‍ന്ന് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം തങ്ങള്‍ക്ക് ഞെട്ടലുണ്ടാക്കിയതായി മാലിദ്വീപ് ഇന്ത്യയെ അറിയിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് അഖിലേഷ് മിശ്രയുമായി അഹമ്മദ് സരീര്‍ കൂടിക്കാഴ്ച നടത്തിയത്. അഖിലേഷ് മിശ്രയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഏഴ് ഇതര രാഷ്ട്രങ്ങളിലെ അംബാസഡര്‍മാരുമായി അഹമ്മദ് സരീര്‍ ചര്‍ച്ച നടത്തി.

എന്നാല്‍ “”സ്വാമിയുടെ അഭിപ്രായം തീര്‍ത്തും വ്യക്തിപരമാണെന്നും അത് ഇന്ത്യ ഗവണ്‍മെന്റിന്റെ നിലപാടല്ലെന്നും വിദേശകാര്യ സെക്രട്ടറി രവീഷ് കുമാര്‍ പറഞ്ഞു.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് ഇന്ത്യയുടെ നയപരിപാടിയാണ് വെളിപ്പെടുത്തുന്നതെന്നും ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ പ്രകോപനപരമായ ഇടപെടലാണെന്നുമാണ് മാലിദ്വീപില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.

We use cookies to give you the best possible experience. Learn more