| Sunday, 17th November 2024, 8:11 am

മാല്‍ക്കം എക്‌സിന്റെ കൊലപാതകം; സി.ഐ.എ, എഫ്.ബി.ഐ, എൻ.വൈ.പി.ഡി എന്നിവക്കെതിരെ കേസ് നൽകി മക്കൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: സി.ഐ.എ, എഫ്.ബി.ഐ, ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവക്കെതിരെ കേസ് ഫയല്‍ ചെയ്ത് മാല്‍ക്കം എക്‌സിന്റെ മക്കള്‍.

മാല്‍ക്കം എക്സിന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പേരില്‍ രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിയിലാണ് നീക്കം. പ്രതികളെ കുറ്റവിമുക്തരാക്കി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാല്‍ക്കമിന്റെ മക്കള്‍ നിയമനടപടിക്ക് ഒരുങ്ങിയിരിക്കുന്നത്.

ആഫ്രിക്കൻ-അമേരിക്കൻ വിപ്ലവകാരിയും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന നേതാവായ മാല്‍ക്കം എക്‌സിന്റെ കൊലപാതകത്തില്‍ യു.എസ് സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ മക്കള്‍ ആരോപിക്കുന്നത്.

യു.എസ് സ്ഥാപനങ്ങളുടെ നിയമവിരുദ്ധമായ നീക്കത്തില്‍ 100 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

നേഷന്‍ ഓഫ് ഇസ്‌ലാമിന്റെ വക്താവായിരുന്നു മാല്‍ക്കം എക്‌സ്. കറുത്ത വര്‍ഗക്കാരുടെ ഏകീകരണത്തിനും ശാക്തീകരണത്തിനും ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തിനുള്ളില്‍ ഇസ്‌ലാമിന്റെ നിലനില്‍പ്പിനും വേണ്ടിയും നിലയുറച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

നിലവിൽ മാല്‍ക്കം എക്‌സിന്റെ മൂന്ന് പെണ്‍മക്കളാണ് യു.എസ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. മാല്‍ക്കമിന്റെ കൊലപാതകത്തില്‍ യു.എസ് സര്‍ക്കാരിനുള്ള പങ്ക് പ്രോസിക്യൂഷന്‍ അടിച്ചമര്‍ത്തുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

2023 ഫെബ്രുവരിയില്‍ മാല്‍ക്കം എക്സിന്റെ പെണ്‍മക്കളില്‍ ഒരാളായ ഇല്യാസ ഷാബാസ് മാല്‍ക്കമിന്റെ കൊലപാതകത്തില്‍ യു.എസ് സര്‍ക്കാരിനെതിരെ കേസ് നല്‍കുമെന്ന് അറിയിച്ചിരുന്നു.

1965 ഫെബ്രുവരി 21ന് മാല്‍ക്കം എക്‌സിനെ മൂന്ന് പേര്‍ ചേര്‍ന്ന് വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു. ഗര്‍ഭിണിയായ പങ്കാളിയ്ക്കും തന്റെ മൂന്നു കുഞ്ഞുങ്ങള്‍ക്കും മുമ്പില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

തുടര്‍ന്ന് മല്‍ക്കമിനെ കൊലപ്പെടുത്തിയ കേസില്‍ ഹാലിം എന്നറിയപ്പെട്ടിരുന്ന താല്‍മാജ് ഹെയര്‍, മുഹമ്മദ് അസീസ് എന്ന നോര്‍മന്‍ ബട്ട്‌ലര്‍, ഖലീല്‍ ഇസ്‌ലാം എന്നറിയപ്പെട്ടിരുന്ന തോമസ് ജോണ്‍സന്‍ എന്നിവര്‍ അറസ്റ്റിലാവുകയും ചെയ്തു.

എന്നാല്‍ 1980ല്‍ അസീസും ഇസ്‌ലാമും ജയില്‍ മോചിതരാകുകയും 2009ല്‍ ഇസ്‌ലാം മരണപ്പെടുകയും ഉണ്ടായി. മാല്‍ക്കമിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു ഇരുവരുടെയും വാദം. 1966ല്‍ കുറ്റംസമ്മതിച്ച താല്‍മാജ് ഹെയര്‍ 2010ല്‍ പരോളിലാകുകയും ചെയ്തിരുന്നു.

കേസില്‍ വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്ന് 1966 മാര്‍ച്ച് 11ന് മൂന്ന് പ്രതികളും കുറ്റക്കാരാണ് കോടതി കണ്ടെത്തിയിരുന്നു. ഇവരെ ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇവരെ യു.എസ് കുറ്റവിമുക്തരാക്കുകയായിരുന്നു.

മാല്‍ക്കമിന്റെ കൊലപാതകത്തെ ആസ്പദമാക്കി ‘ഹൂ കില്‍ഡ് മാല്‍കം എക്‌സ്’ എന്ന ഒരു ഡോക്യൂമെന്ററി പുറത്തിറങ്ങിയിരുന്നു. മാല്‍ക്കം കേസില്‍ യു.എസ് തുടര്‍നടപടികള്‍ എടുക്കാതിരുന്നതിന് പിന്നില്‍ എഫ്.ബി.ഐക്ക് പങ്കുണ്ടെന്ന് ഡോക്യൂമെന്ററി ആരോപിച്ചിരുന്നു.

ലോകത്തെ നടക്കും വിധത്തിലുള്ള വാര്‍ത്തയായിരുന്നു മാല്‍ക്കം എക്‌സിന്റെ കൊലപാതകം. മാല്‍ക്കമിനെ കൊലപ്പെടുത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറും സമാനമായി മരണപ്പെട്ടിരുന്നു.

Content Highlight: Malcolm X’s daughters sue CIA, FBI and NYPD for $100m over his assassination

We use cookies to give you the best possible experience. Learn more