ക്വാലാലംപൂര്‍: ഇന്ത്യക്കാരുള്‍പ്പടെ 14 ജീവനക്കാരുമായി മലേഷ്യന്‍ കപ്പല്‍ കാണാതായി. കഴിഞ്ഞയാഴ്ചയാണ് ദക്ഷിണ ചൈനാക്കടലില്‍ വെച്ച് കപ്പല്‍ കാണാതായത്. കടല്‍ കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്തതാണെന്ന് സംശയിക്കുന്നത്. അതേ സമയം മിരി തുറമുഖത്ത് നിന്ന് 23 നോട്ടിക്കല്‍ മൈല്‍ അകലെയായി കാണാതായ കപ്പലിനെ മറ്റൊരു കപ്പല്‍ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
മലേഷ്യയിലെ സാറാവാക്കിലേക്ക് പോകുകയായിരുന്ന കപ്പലുമായി സെപ്റ്റംബര്‍ 3നാണ് അധികൃതര്‍ക്ക് ബന്ധം നഷ്ടപ്പെട്ടത്. കപ്പല്‍ കൊള്ള സംഘം തട്ടിയെടുത്തിട്ടുണ്ടെങ്കില്‍ ഇതിനകം തന്നെ മലേഷ്യന്‍ സമുദ്രാതിര്‍ത്ത്ി കടന്ന് ഇന്തോനേഷ്യന്‍ കടലില്‍ എത്തിയിരിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
കപ്പലില്‍ ഇന്ത്യക്കാരെ കൂടാതെ മലേഷ്യ, ഇന്തോനേഷ്യ, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണുള്ളത്. ഇരുമ്പയിര് ഉള്‍പ്പടെയുള്ള വസ്തുക്കളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പല്‍ കണ്ടെത്തുന്നതിനായി നാവിക സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണെന്നും തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളുടെ സഹായം തേടുമെന്നും മലേഷ്യ അറിയിച്ചു.
നിലവില്‍ ലോകത്തേറ്റവുമധികം കടല്‍ കൊള്ള നടക്കുന്ന മേഖലകളിലൊന്നാണ് ദക്ഷിണാ ചൈന കടല്‍. കഴിഞ്ഞ ജൂണില്‍ ഒരു മലേഷ്യന്‍ ടാങ്കര്‍ കൊള്ളക്കാര്‍ ഇവിടെ നിന്നും തട്ടിയെടുത്തിരുന്നു.