ക്വാലാലംപുര്‍: പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ ഇന്ത്യയെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. കഴിഞ്ഞ 70 വര്‍ഷത്തോളം ഒരു പ്രശ്‌നവുമില്ലാതെ സൗഹാര്‍ദ്ദത്തോടെ ജീവിച്ച ജനതയ്ക്കിടയിലേക്കു പൗരത്വ ഭേദഗതി നിയമം കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
മലേഷ്യയില്‍ നടന്ന ക്വാലാലംപുര്‍ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ജനങ്ങള്‍ മരിച്ചുവീഴുകയാണ്. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്‌ലിങ്ങളുടെ പൗരത്വത്തിനെതിരെ എടുക്കുന്ന നടപടി ഖേദകരമാണ്.’- അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ ഈ പ്രസ്താവന ശരിയല്ലെന്നും കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാതെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പ്രതികരിക്കുന്നതില്‍ നിന്ന് മലേഷ്യ വിട്ടുനില്‍ക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ മാത്രം 10 പേര്‍ മരിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബിജ്നോര്‍, സംഭാല്‍, ഫിറോസാബാദ്, മീററ്റ്, കാന്‍പുര്‍, വാരാണസി എന്നിവിടങ്ങളിലാണു മരണം സംഭവിച്ചിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തേ ആറു പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അതൊന്നും പൊലീസ് വെടിവെപ്പില്‍ ഉണ്ടായതല്ലെന്നായിരുന്നു ഡി.ജി.പി ഒ.പി സിങ്ങിന്റെ അവകാശവാദം.