| Tuesday, 13th February 2018, 4:39 pm

'സ്വവര്‍ഗാനുരാഗികളെ എങ്ങനെ തിരിച്ചറിയാം' വിവാദ ലേഖനം പ്രസിദ്ധീകരിച്ച മലേഷ്യന്‍ പത്രത്തിനെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്വലാലംപൂര്‍: ഗേ, ലെസ്ബിയന്‍ ആളുകളെ തിരിച്ചറിയുന്നതിനായി “ലക്ഷണങ്ങള്‍” പ്രസിദ്ധീകരിച്ച മുന്‍നിര മലേഷ്യന്‍ പത്രമായ സിനാര്‍ ഹരൈനിനെതിരെ പ്രതിഷേധം. രാജ്യത്തെ എല്‍.ജി.ബി.ടിക്കാരെ അപകടപ്പെടുത്തുന്ന തരത്തില്‍ ലേഖനം പ്രസിദ്ധീരിച്ചതിനെതിരെയാണ് പ്രതിഷേധം.

ഗേ ആയിട്ടുള്ളവര്‍ക്ക് താടിയോട് പ്രത്യേക താത്പര്യമായിരിക്കുമെന്നും എക്‌സസൈസ് ചെയ്യാനല്ലാതെ മറ്റു പുരുഷന്‍മാരെ കാണാനായി ജിമ്മില്‍ പോകുന്നതും സുന്ദരന്മാരായ പുരുഷന്മാരെ കാണുമ്പോള്‍ കണ്ണില്‍ തിളക്കമുണ്ടാകുമെന്നും ലേഖനം പറയുന്നു.

മറ്റുള്ളവരെ ആലിംഗനം ചെയ്യുന്നതും പരസ്പരം കൈ കോര്‍ത്ത് പിടിക്കുന്നതും പുരുഷന്മാരെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നതും ലെസ്ബിയന്‍സിന്റെ ലക്ഷണമായി പത്രം പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു. മത കൗണ്‍സിലിങ്ങിനായി എല്‍.ജി.ബി.ടിക്കാരെ എങ്ങനെ ക്ഷണിക്കാമെന്ന് പറയുന്ന ലേഖനത്തിലാണ് ലക്ഷണങ്ങളടങ്ങുന്ന ലിസ്റ്റും പ്രസിദ്ധീകരിച്ചത്.

സ്വവര്‍ഗരതി കുറ്റകരമാക്കിയ രാജ്യമാണ് മലേഷ്യ. രാജ്യത്ത് എല്‍.ജി.ബി.ടിക്കാര്‍ ആക്രമിക്കപ്പെടുന്നതിനിടെയാണ് ഹോമോഫോബിക് ആയ പ്രചരണം പത്രം ഏറ്റെടുത്തിരിക്കുന്നത്.

ഗേ ആയതിന്റെ പേരില്‍ നഹ്‌വീന്‍ എന്ന പതിനെട്ടുകാരനെ സഹപാഠികള്‍ മര്‍ദ്ദിക്കുകയും തീകൊളുത്തി കൊല്ലുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സമീറ കൃഷ്ണനെന്ന ലെസ്ബിയനെ കത്തികൊണ്ട് പരിക്കേല്‍പ്പിക്കുകയും വെടിവെക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more