മലേഷ്യന്‍ വിമാനം തകര്‍ന്നു, 295 മരണം. വെടിവെച്ചിട്ടതെന്ന് ആരോപണം
Daily News
മലേഷ്യന്‍ വിമാനം തകര്‍ന്നു, 295 മരണം. വെടിവെച്ചിട്ടതെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th July 2014, 10:28 am

[] കീവ്: യുക്രൈന്‍ സേനയും റഷ്യന്‍ അനുകൂല വിമതരും പോരാട്ടം നടത്തുന്ന കിഴക്കന്‍ യുക്രൈനു മീതെ ഇന്നലെ തകര്‍ന്നു വീണ മലേഷ്യന്‍ യാത്രാ വിമാനം റഷ്യന്‍ വിമതര്‍ തകര്‍ത്തതാണെന്ന് യുക്രൈന്‍ സര്‍ക്കാര്‍ ആരോപിച്ചു.

15 ജീവനക്കാരുള്‍പ്പടെ 295 യാത്രക്കാരുമായി  പറക്കുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍ ബോയിംഗ് 777 വിമാനമാണ് തകര്‍ന്നത്. സംഭവത്തില്‍ വിമാനത്തിലെ 295 യാത്രക്കാരും മരിച്ചു.

ആസ്റ്റംര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോകുകയായിരുന്ന മലേഷ്യന്‍ യാത്രാ വിമാനം  ഡോണ്‍ടെസ്‌ക് പ്രവിശ്യയില്‍ ടോറസിന് സമീപമാണ്  തകര്‍ന്നു വീണത്‌. ഡോണ്‍ടെസ്‌ക് പ്രവിശ്യ റഷ്യന്‍ അനുകൂല വിമതരുടെ സ്വാധീന പ്രദേശമാണ്.

പതിനായിരം മീറ്റര്‍ ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വിമാന അവശിഷ്ടങ്ങളും മൃതശരീരങ്ങളും കിലോമീറ്ററുകളോളം ചിതറിക്കിടക്കുകയാണ്.

യാത്രക്കാരില്‍ 154 പേര്‍ ഹോളണ്ടുകാരാണെന്ന് സ്ഥിരീകരിച്ചു. ഇവര്‍ക്ക്  പുറമെ 27 ഓസ്‌ട്രേലിയക്കാരും 23 മലേഷ്യക്കാരും 11 ഇന്തോനേഷ്യക്കാരും ആറ് ബ്രിട്ടീഷുകാരും നാല് ജര്‍മ്മന്‍കാരും, നാല് ബെല്‍ജിയംകാരും മൂന്നു ഫിലിപ്പീന്‍സുകാരും ഒരു കനേഡിയന്‍ പൗരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ദുരന്തത്തില്‍ പെട്ട് മരണമടഞ്ഞ മറ്റ് 47 പേര്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.