|

കാഡ്ബറി ചോക്‌ളേറ്റുകളില്‍ പന്നിമാംസത്തിന്റെ സാന്നിധ്യമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ക്വാലാലംപുര്‍: കാഡ്ബറി ചോക്‌ളേറ്റുകളില്‍ പന്നിമാംസത്തിന്റെ സാന്നിധ്യമില്ലെന്ന് മലേഷ്യയില്‍ നടന്ന തുടര്‍ പരിശോധനയില്‍ സ്ഥിരീകരിച്ചു.ശേഖരിച്ച 11 സാമ്പിളുകളില്‍ പന്നിയുടെ ഡി.എന്‍.എ കണ്ടത്തെിയില്ലെന്ന് മലേഷ്യന്‍ ഇസ്ലാമിക കാര്യ മന്ത്രി ജമീല്‍ ഖീര്‍ ബഹറോം പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ വരുംദിവസങ്ങളില്‍ നടക്കും.

കാഡ്‌ബെറിയുടെ ഡെയറി മില്‍ക്ക് ചോക്ലേറ്റുകളില്‍ രണ്ടു വിഭാഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കും. നേരത്തേ മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ കാഡ്ബറി ചോക്‌ളേറ്റുകളില്‍ പന്നിമാംസം ചേര്‍ത്തതായി കണ്ടത്തെിയിരുന്നു. ഇത് ലോകത്താകമാനം പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ചോക്ലേറ്റ് ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞ് നിരവധി സംഘടനകള്‍ രംഗത്തുവന്നതോടെ കാഡ്ബറിയുടെ ഡെയറി മില്‍ക് ചോക്ലേറ്റുകളില്‍ രണ്ടു വിഭാഗത്തിന് മലേഷ്യ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് കാഡ്ബറിഫാക്ടറികളില്‍ മലേഷ്യ വിദഗ്ധ പരിശോധന നടത്തിയത്.

മലേഷ്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കാത്ത കമ്പനികള്‍ക്കെതിരെയുളള മുന്നറിയിപ്പാണിതെന്ന് മുസ്‌ലിം കണ്‍സ്യൂമര്‍ അസ്സോസിയേഷന്‍ റിസര്‍ച്ച് മേധാവി ശെയ്ഖ് അബ്ദുല്‍ കരീം പറഞ്ഞിരുന്നു. അതേ സമയം ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായാണ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതെന്ന് കാഡ്ബറി മലേഷ്യ അവകാശപ്പെട്ടു.