| Sunday, 11th February 2024, 2:39 pm

ഫെഡറൽ നിയമത്തിന് നേരെയുള്ള കയ്യേറ്റം; 16 ശരീഅത്ത് നിയമങ്ങൾ റദ്ദാക്കി മലേഷ്യൻ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്വാലാലംപൂർ: ഭരണഘടനാ വിരുദ്ധമെന്നും സംസ്ഥാന സർക്കാരുകൾക്ക് ശരീഅത്ത് നിയമനിർമാണത്തിന് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി കെലന്തൻ സംസ്ഥാനം പാസാക്കിയ 16 ശരീഅത്ത് നിയമങ്ങൾ റദ്ദാക്കി മലേഷ്യൻ സുപ്രീം കോടതി.

രാജ്യത്തിന്റെ ഫെഡറൽ അധികാരത്തെ കയ്യേറ്റം ചെയ്യുന്നതാണ് കെലന്തന്റെ നടപടിയെന്ന് കോടതി ചൂണ്ടിക്കാട്ടി.
മലേഷ്യൻ ഫെഡറൽ നിയമങ്ങളെ മറികടന്ന് സംസ്ഥാനത്തിന് ശരീഅത്ത് നിയമങ്ങൾ പാസാക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

സ്വവർഗാനുരാഗം, ലൈംഗികാതിക്രമം, തെറ്റായ വിവരങ്ങൾ കൈവശംവെക്കൽ, ലഹരി, ക്രോസ് ഡ്രസ്സിങ്, ആരാധനാലയങ്ങൾ തകർക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട 16 നിയമങ്ങളാണ് റദ്ദാക്കിയത്.

കെലന്തൻ ഭരിക്കുന്ന പാൻ മലേഷ്യൻ ഇസ്‌ലാമിക് പാർട്ടി (പി.എ.എസ്) പാസാക്കിയ നിയമത്തിനെതിരെ അഭിഭാഷകരായ നിക് സുറീന, നിക് അബ്ദുൽ റഷീദ് എന്നിവരുടെ ഹരജിയിലാണ് മലേഷ്യയിലെ പരമോന്നത കോടതി നിയമം റദ്ദാക്കിയത്.

ആകെയുള്ള 18 നിയമങ്ങൾക്കെതിരെയായിരുന്നു ഹരജി നൽകിയത്.

1990 മുതൽ മലേഷ്യയിലെ പ്രതിപക്ഷ പാർട്ടിയാണ് പി.എ.എസ്. അതേസമയം 97 ശതമാനത്തിലധികം മുസ്‌ലിങ്ങൾ താമസിക്കുന്ന കെലന്തൻ 1990 മുതൽ ഭരിക്കുന്നത് പി.എ.എസാണ്. പ്രതിപക്ഷ മുന്നണിയിലെ പാർട്ടിയാണ് പി.എ.എസ് എങ്കിലും പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് അവർ. മലേഷ്യയിലെ 13 സംസ്ഥാനങ്ങളിൽ നാലിലും ഭരണം നടത്തുന്നതും അവരാണ്.

അതേസമയം ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളുടെ കറുത്ത ദിനമാണ് ഇതെന്ന് വിധിപ്രഖ്യാപനത്തിന് പിന്നാലെ പി.എ.എസ് ജനറൽ സെക്രട്ടറി തകിയുദ്ധീൻ ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.

മുസ്‌ലിങ്ങളുടെ കുടുംബ കാര്യങ്ങളിലും വ്യക്തിപരമായ വിഷയങ്ങളിലും ഖുർആനും ഹദീസും (മുഹമ്മദ്‌ നബിയുടെ ചര്യകൾ) അടിസ്ഥാനമാക്കിയ ശരീഅത്തും സർക്കാർ നിയമങ്ങളും ഉൾപ്പെടുന്ന ഇരട്ട നിയമ വ്യവസ്ഥയാണ് മലേഷ്യയിലുള്ളത്.

മലൈസ് എന്നറിയപ്പെടുന്ന ഗോത്രവിഭാഗമാണ് മലേഷ്യയിൽ മുസ്‌ലിങ്ങൾ. 33 മില്യൺ വരുന്ന രാജ്യത്തെ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ടും മുസ്‌ലിങ്ങളാണ്. ചൈനീസ്, ഇന്ത്യൻ ന്യൂനപക്ഷവും ജനസംഖ്യയുടെ ഭാഗമാണ്.

CONTENT HIGHLIGHT: Malaysia’s top court invalidates state’s Islam-based laws on incest, sodomy and other offenses

We use cookies to give you the best possible experience. Learn more