ക്വാലാലംപൂര്‍: മഹാതിര്‍ മുഹമ്മദ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജി വെച്ചതിനു പിന്നാലെ മലേഷ്യയില്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു. മുഹ്‌യിദിന്‍ യസ്സിനെയാണ് മലേഷ്യന്‍ രാജാവ് പ്രധാനമന്ത്രിയായി നിയമിച്ചത്.
പര്‍തി പ്രിബുമി ബെര്‍സാതു മലേഷ്യ പാര്‍ട്ടിയുടെ പിന്തുണയോടെയാണ്് അധികാരത്തിലേറുന്നത്. ബാരിസണ്‍ നാഷണല്‍ പാര്‍ട്ടി, പാര്‍ടി ഇസ്‌ലാം സി മലേഷ്യ എന്നീ പാര്‍ട്ടികളും മുഹ്‌യിദിന്‍ യസ്സിന്റെ പ്രധാനമന്തി സ്ഥാനത്തെ പിന്തുണച്ചു. ഞായറാഴ്ചയാണ് പുതിയ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ്.
ഫെബ്രുവരി 24 നാണ് മഹാതിര്‍ മുഹമ്മദ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജി വെക്കുന്നത്. മഹാതിറിന്റെ പാര്‍ട്ടിയായ പ്രിബുമി ബെര്‍സാതു (Pribumi Bersatu) സഖ്യത്തിലുള്ള പകതന്‍ ഹരപന്‍ (Pakatan Harapa) പാര്‍ട്ടിയുമായി പിരിയുന്നതിനു പിന്നാലെയാണ് രാജി. സഖ്യത്തിലുള്ള പകതന്‍ ഹരപന്‍ എന്ന പാര്‍ട്ടിയുമായാണ് മഹാതിര്‍ തെറ്റിപ്പിരിഞ്ഞത്.
സഖ്യപാര്‍ട്ടി നേതാവായ അന്‍വര്‍ ഇബ്രാഹിമുമായുള്ള തര്‍ക്കമായിരുന്നു ഇതിന് കാരണം. 2018 ലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യത്തിലെത്തി മലേഷ്യയില്‍ അധികാരത്തിലെത്തിയത്. അന്നത്തെ പ്രധാന എതിരാളിയായ ബാരിസണ്‍ നാഷണല്‍ സഖ്യത്തെ പരാജയപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇവര്‍ സഖ്യത്തിലായത്. അന്നത്തെ പ്രധാനമന്ത്രിയായ നജിബ് റസാക്കിനെ പുറത്താക്കിയാണ് മഹാതിര്‍ പ്രധാനമന്ത്രിയായത്.
മഹാതിറിന്റെ പാര്‍ട്ടിയും പകതന്‍ ഹരപനും സഖ്യത്തിലായ സമയത്ത് അധികാരം അന്‍വറുമായി പങ്കിടുമെന്ന് ധാരണയായിരുന്നു. ഇതില്‍ വന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ഇരുവിഭാഗവും തമ്മില്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കിയത്. 2018 ന് മുന്‍പ് 1981 മുതല്‍ 2003 വരെ മഹാതിര്‍ മുഹമ്മദ് മലേഷ്യന്‍ പ്രധാനമന്ത്രി സ്ഥാനത്തിരുന്നിരുന്നു.
പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ മലേഷ്യന്‍ രാജാവ് അടിയന്തര യോഗം ചേര്‍ന്നതിനു പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചിരിക്കുന്നത്.