| Saturday, 12th May 2018, 11:15 pm

മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് പാര്‍ട്ടി വിട്ടു; തീരുമാനം യാത്രാ വിലക്കിന് തൊട്ടുപിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്വാലലംപൂര്‍: യാത്രാ വിലക്ക് വന്നതിന് തൊട്ടുപിന്നാലെ മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ഉംനോ പാര്‍ട്ടിയില്‍ നിന്നും ബാരിസണ്‍ നാഷനല്‍ സഖ്യത്തിന്റെ ചെയര്‍മാന്‍ പദവിയില്‍ നിന്നും രാജി വച്ചു.

നജീബിന്റെ അനുയായിയും മുന്‍ ഉപ പ്രധാനമന്ത്രിയുമായിരുന്ന അഹമ്മദ് സാഹിദ് ഹമീദ് ഇനി പാര്‍ട്ടിയെ നയിക്കുമെന്ന് നജീബ് അറിയിച്ചു. 60 വര്‍ഷമായി മലേഷ്യ ഭരിച്ചിരുന്ന ബാരിസന്‍ നാഷനല്‍ സഖ്യത്തിലെ പ്രധാന പാര്‍ട്ടിയാണ് ഉംനോ.

നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നജീബിനെതിരെ സര്‍ക്കാര്‍ പുനരന്വേഷണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തെരെഞ്ഞെടുപ്പാനന്തര ഒഴിവു കാലം ചെലവഴിക്കാന്‍ കുടുംബത്തോടൊപ്പം യാത്ര തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. യാത്രാ വിലക്കിനെ മാനിക്കുന്നുവെന്ന് നജീബ് ട്വിറ്ററില്‍ കുറിച്ചു.


Read | മഹാരാഷ്ട്രയില്‍ സമുദായ സംഘര്‍ഷം; രണ്ട് പേര്‍ മരിച്ചു അമ്പതിലേറെ പേര്‍ക്ക് പരിക്ക്


“ഇമിഗ്രേഷന്‍ വകുപ്പ് എന്നെയും എന്റെ കുടുംബത്തെയും രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് അറിഞ്ഞു. ഞാന്‍ ആ നിര്‍ദ്ദേശത്തെ മാനിക്കുന്നു. രാജ്യത്ത് തന്നെ തുടരും.” – അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വ്യാഴാഴ്ചയാണ് മലേഷ്യയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദിന്റെ തേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ പകാതന്‍ ഹാരപ്പനാണ് വിജയിച്ചത്. ഭരണ സഖ്യമായ ബാരിസണ്‍ നാഷനലിന്റെ 60 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് മഹാതിര്‍ സഖ്യത്തിന്റെ ജയം. 222 അംഗ പാര്‍ലമെന്റില്‍ 112 സീറ്റുകളും പ്രതിപക്ഷ സഖ്യം കരസ്ഥമാക്കി. ബാരിസണ്‍ നാഷനലിസ്റ്റിന് 76 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.


Read | മഹാരാഷ്ട്രയില്‍ കര്‍ഷക മാര്‍ച്ചിന്റെ കരുത്തില്‍ സി.പി.ഐ.എം ഇറങ്ങുന്നു; പലാഘര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണജാഥയില്‍ അണിനിരന്നത് പതിനായിരങ്ങള്‍


സജീവ രാഷ്ട്രീയം വിട്ട മഹാതിര്‍ തന്റെ മുന്‍ അനുയായിയും പ്രധാനമന്ത്രിയുമായ നജീബ് റസാഖിന്റെ അഴിമതിക്കെതിരെ രംഗത്ത് വരികയായിരുന്നു. നജീബ് റസാഖിന്റെ അക്കൗണ്ടില്‍ 70 കോടി ഡോളര്‍ ഏതോ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് നിക്ഷേപിച്ചതായി വാള്‍ സ്ട്രീറ്റി ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതാണ് അഴിമതി ആരോപണത്തിന് വഴി തെളിച്ചത്. പിന്നാലെ ഒട്ടേറെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മഹാതിറിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒന്നിച്ചത്.

വിജയത്തിന് പിന്നാലെ നജീബിനെതിരെ അഴിമതിക്കേസില്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് “ഞങ്ങള്‍ പ്രതികാരം ചെയ്യില്ല” എന്നാണ് മഹാതിര്‍ പ്രതികരിച്ചത്. നിയമവാഴ്ച പുനസ്ഥാപിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more