ന്യൂദല്‍ഹി: ഇന്ത്യയിലെ മത,വംശ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ന്യൂദല്‍ഹിയിലെ ഇന്ത്യ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള മലേഷ്യയുടെ ആശങ്ക മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ അന്‍വര്‍ ഇബ്രാഹിം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ചില ഗൗരവകരമായ പ്രശ്‌നങ്ങളുണ്ടെന്നും ഇന്ത്യ അത് ശരിയായി തന്നെ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഐ.ഡി.ഡബ്ല്യൂ.എ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
മലേഷ്യയെ ചോദ്യം ചെയ്യാന്‍ ഇന്ത്യക്ക് അധികാരമുള്ളത് പോലെ തന്നെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്കും ആശങ്കയുണ്ട്. മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രധാനപ്പെട്ട ചില ആശങ്കകള്‍ക്ക് ഇന്ത്യ പരിഹാരം കാണേണ്ടതുണ്ട്. കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും സഘര്‍ഷം കുറച്ച് മേഖലയില്‍ സമാധാനം കൊണ്ടുവരേണ്ടതുണ്ടെന്നും മലേഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞു.
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
നെഹ്‌റുവും സുകര്‍ണോയുമെല്ലാം സാമ്രാജ്യത്വത്തിനെതിരെ നിലകൊണ്ടിരുന്നവരാണെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ പറഞ്ഞു. മനുഷ്യത്വവും സ്വാതന്ത്ര്യവും എന്താണെന്ന് തിരിച്ചറിഞ്ഞായിരുന്നു അവര്‍ പ്രവകര്‍ത്തിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വിവാദ പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് കൈമാറണമെങ്കില്‍ പര്യാപ്തമായ തെളിവുകള്‍ ഇന്ത്യ കൈമാറണമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞു. നിലവില്‍ സാക്കിര്‍ നായിക്ക് ഇന്ത്യക്കും മലേഷ്യക്കുമെതിരെ സംസാരിക്കുകയോ സുരക്ഷഭീഷണയുണ്ടാക്കുന്ന തരത്തിലുള്ള എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതൊന്നും ചെയ്യാത്തിടത്തോളം കാലം സാക്കിര്‍ നായിക്കിനെ മലേഷ്യയില്‍ നിന്ന് നാടുകടത്തില്ലെന്നും അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. എന്നാല്‍ സാക്കിര്‍ നായിക്കിനെ നാടുകടത്താന്‍ വേണ്ടി നല്‍കുന്ന ഏതൊരു തെളിവിനെയും തുറന്ന മനസ്സോടെ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മോദി സാക്കിര്‍ നായിക്കിനെ വിട്ടുനല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഇത്തവണത്തെ സന്ദര്‍ശനത്തില്‍ അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ഐ.ഡി.ഡബ്ല്യൂ.എയിലെ ചടങ്ങിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അന്‍വര്‍ ഇബ്രാഹിം പറഞ്ഞു.
സാക്കിര്‍ നായിക്
സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ 2016ല്‍ ഇന്ത്യയില്‍ നിരോധിച്ചപ്പോഴാണ് അദ്ദേഹം രാജ്യം വിട്ടത്. പിന്നാലെ 2018ല്‍ അദ്ദേഹം മലേഷ്യയില്‍ അഭയം തേടി. മലേഷ്യ അദ്ദേഹത്തിന് അഭയം നല്‍കുകയും ചെയ്തു. ഭീകരപ്രവര്‍ത്തനം, വിദ്വേഷ പ്രസംഗം എന്നീ കുറ്റങ്ങളുടേ പേരിലാണ് സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയാണ് മലേഷ്യന്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. നേരത്തെ സി.എ.എ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ തുടങ്ങിയ മോദി സര്‍ക്കാറിന്റെ നടപടികളെ മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.
ഇത് പുനസ്ഥാപിച്ചതിന് ശേഷമാണ് ഇപ്പോള്‍ അന്‍വര്‍ ഇബ്രാഹിമിന്റെ ഇന്ത്യ സന്ദര്‍ശനം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ് നടത്തി.
content highlights: Malaysia is concerned about India’s minorities; If Zakir Naik is to be released, evidence is also required