ക്വലാലംപൂര്‍: ക്വലാലംപൂരില്‍ ഹമാസ് നേതാവ് ഫാദി അല്‍ ബാത്ശ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ വിദേശ ഇന്റലിജന്‍സ് ഏജന്‍സികളുമായി ബന്ധമുള്ള യൂറോപ്യരാണെന്ന് മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹ്മദ് സാഹിദ് ഹമീദി. ഇന്തോനേഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ ബെര്‍നാമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ പള്ളിയില്‍ പോകവെയാണ് ഫാദി അല്‍ ബാത്ശിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നത്. മോട്ടോര്‍ബൈക്കിലെത്തിയ രണ്ടു പേരാണ് വെടിയുതിര്‍ത്തത്. ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസ്സാദ് ആണെന്ന് ഫാദിയുടെ കുടുംബം ആരോപിച്ചിരുന്നു.
ഫാദിയുടെ പോസ്റ്റ്‌മോര്‍ട്ടം ഞായറാഴ്ച രാവിലെ പൂര്‍ത്തിയായിരുന്നു. കൊലപാതകത്തെ കുറിച്ച് എല്ലാ വശങ്ങളിലും അന്വേഷണം നടത്തുന്നതായി മലേഷ്യന്‍ പൊലീസ് പറഞ്ഞിരുന്നു. സംഘടനയിലെ പ്രധാനപ്പെട്ട വ്യക്തിയാണ് കൊല്ലപ്പെട്ടതെന്നും ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്നും ഹമാസ് പ്രതികരിച്ചിരുന്നു.
Read more: ‘ജാമ്യമില്ലാതെ ജയിലില്‍ എട്ട് മാസം, ഞാന്‍ ശരിക്കും കുറ്റവാളിയാണോ?’, ഡോ. കഫീല്‍ഖാന്റെ കത്ത്
അതേ സമയം ആക്രമണത്തിന് പിന്നില്‍ ഹമാസിനുള്ളിലെ തന്നെ തര്‍ക്കങ്ങളാകാം കാരണമെന്നും ഇസ്രായേലിന് പങ്കില്ലെന്നും ഇസ്രായേല്‍ പ്രതിരോധമന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍ പറഞ്ഞിരുന്നു.
വിദേശരാജ്യങ്ങളിലടക്കം പലസ്തീന്‍ ആക്ടിവിസ്റ്റുകളെ ഇസ്രായേല്‍ കൊലപ്പെടുത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഹമാസ് നേതാവായ മെഹമൂദ് അല്‍ മബ്ഹൂഹ് 2010 ജനുവരി 19 ന് ദുബായിലെ ഒരു ഹോട്ടലില്‍ കൊലചെയ്യപ്പെട്ടതിനു പിന്നില്‍ ഇസ്രായേലാണെന്ന് തെളിഞ്ഞിരുന്നു.