ഇസ്രഈല്‍ കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മലേഷ്യ
World News
ഇസ്രഈല്‍ കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മലേഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th December 2023, 11:27 pm

ക്വാലാലംപുര്‍: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രഈലി കപ്പലുകള്‍ക്ക് പ്രവേശനം നിരോധിച്ച് മലേഷ്യ. ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ സൈന്യം നടത്തുന്ന കൂട്ടക്കൊലയും ക്രൂരതയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പറഞ്ഞു.

ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ ഭരണകൂടത്തിന്റെ നടപടികളോടുള്ള രാജ്യത്തിന്റെ പ്രതികരണമാണ് നിലവില്‍ ഏര്‍പ്പെടുത്തിയ നിരോധനമെന്ന് പ്രധാനമന്ത്രി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ഇസ്രഈല്‍ പതാക ഘടിപ്പിച്ച കപ്പലുകള്‍ ഇനിമുതല്‍ മലേഷ്യയുടെ തുറമുഖങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് അന്‍വര്‍ ഇബ്രാഹിമിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. മലേഷ്യന്‍ തുറമുഖങ്ങളില്‍ നിന്ന് ഇസ്രഈല്‍ തീരത്തേക്ക് ചരക്ക് കയറ്റുന്നതിലും മലേഷ്യ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളും നിയന്ത്രങ്ങളും  ഉടനടി പ്രാബല്യത്തില്‍ വരുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഏതെങ്കിലും തുറമുഖത്ത് നിന്ന് ഇസ്രഈലിലേക്ക് ചരക്ക് കയറ്റുന്നതിലും വിലക്കേര്‍പ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ബുധനാഴ്ചയാണ് ഇസ്രഈലിന്റെ ഏറ്റവും വലിയ ഷിപ്പിങ് സ്ഥാപനമായ സിമ്മിനെ ഒറ്റപെടുത്തികൊണ്ട് ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പ്രഖ്യാപിക്കുന്നത്.

ചെങ്കടലിലെ വ്യാപാര പാതയില്‍ യെമനിലെ ഹൂത്തി വിമതര്‍ ആക്രമണം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഇസ്രഈല്‍ കപ്പലുകള്‍ക്ക് മലേഷ്യ വിലക്ക് ഏര്‍പ്പെടുത്തുന്നത്.

Content Highlight: Malaysia bans Israeli ships