|

മലയോര ഹൈവേ; 250 കി.മീ പണി പൂര്‍ത്തിയായി, ഒരു വര്‍ഷത്തിനകം 200 കി.മീ കൂടി; ആദ്യ റീച്ചിന്റെ ഉദ്ഘാടനം നാളെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലവരെ നീളുന്ന 793.68 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന മലയോര പാതയുടെ 250 കിലോമീറ്റര്‍ പണി പൂര്‍ത്തിയായി. ഒരു വര്‍ഷത്തിനുള്ളില്‍ 200 കിലോമീറ്ററിന്റെ കൂടി പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പണി പൂര്‍ത്തിയായ ആദ്യ റീച്ച് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി- കക്കാടംപൊയില്‍ റോഡ് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

മലയോര പാതയുടെ നിര്‍മാണത്തിനായി 2017ലാണ് കിഫ്ബി ഭരണാനുമതി നല്‍കിയത്. റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം പൊതുജനങ്ങളില്‍ നിന്ന് സൗജന്യമായി ലഭ്യമാക്കി 55 റീച്ചുകളിലായി ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലുള്ള ഡിസൈന്‍ റോഡായാണ് മലയോര പാത വിഭാവനം ചെയ്തിരിക്കുന്നത്.

738.20 കിലോമീറ്റര്‍ റോഡിന് ഇതുവരെ കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. 506.73 കിലോമീറ്ററിന് സാങ്കേതികാനുമതി നല്‍കി, ടെന്‍ഡര്‍ ചെയ്തു. അതില്‍, നിര്‍മാണം ആരംഭിച്ച 481.13 കിലോമീറ്റര്‍ ദൂരത്തില്‍ 250 കിലോമീറ്ററാണ് പൂര്‍ത്തിയാക്കിയത്.

ഏകദേശം 200 കിലോമീറ്റര്‍ മലയോര പാതയുടെ പ്രവൃത്തികൂടി 2026 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാനാകും വിധത്തിലാണ് പ്രവര്‍ത്തനം മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മലയോര പാത പൂര്‍ണമായും പണിതീര്‍ക്കാന്‍ 3600 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 1288 കോടി രൂപ ഇതിനോടകം ചെലവഴിച്ചുകഴിഞ്ഞു.

12 മീറ്റര്‍ വീതിയില്‍ രണ്ടുവരിയായി നിര്‍മിക്കുന്ന മലയോര പാതയില്‍ മെച്ചപ്പെട്ട റോഡ് പ്രതലവും മാര്‍ക്കിങ്ങുകളും അടിസ്ഥാന സുരക്ഷാസംവിധാനങ്ങളും ഉണ്ടാകും. റോഡിന്റെ അടിത്തറ ശക്തിപ്പെടുത്തി കൂടുതല്‍ കാലം നിലനില്‍ക്കുന്ന ഫുള്‍ ഡെപ്ത് റെക്ലമേഷന്‍ (എഫ്.ഡി.ആര്‍) ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ മലയോര പാതയുടെ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ കള്ളിക്കാട് പാറശ്ശാല – ഒന്നാം ഘട്ടം (15.5 കി.മി), കൊല്ലായില്‍ – ചല്ലിമുക്ക് (21.08 കി.മി), പെരിങ്ങമ്മല – പാലോട് (3.5 കി.മി) കൊല്ലം ജില്ലയില്‍ കൊല്ലായില്‍ (ചല്ലിമുക്ക്) – പുനലൂര്‍ കെ.എസ്.ആര്‍.ടി.സി (46.1 കി.മി), പത്തനംതിട്ട ജില്ലയില്‍ പത്തനാപുരം- പ്ലാച്ചേരി (47.67 കി.മീ), ഇടുക്കി ജില്ലയില്‍ കുട്ടിക്കാനം ചപ്പാത്ത് (19.0 കി.മി), പീരുമേട് – ദേവികുളം – രണ്ടാം ഘട്ടം (2.9 കി.മി), തൃശൂര്‍ ജില്ലയിലെ പട്ടിക്കാട് -വിളങ്ങന്നൂര്‍ (5.3 കി.മി), മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം കാളികാവ് – ഒന്നാം ഘട്ടം (8.7 കി.മി) കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി – കക്കാടംപൊയില്‍ (35.35 കി. മി), കാസര്‍കോട് ജില്ലയിലെ നന്ദാരപ്പടവ് – ചേവാര്‍ (23 കി.മീ.), കോളിച്ചാല്‍ -ഇടപ്പറമ്പ് (21 കി.മീ) എന്നീ റീച്ചുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇതിനോടകം പൂര്‍ത്തിയായിട്ടുള്ളത്.

content highlights: Malayora Highway; 250 km completed, 200 km more within a year; The inauguration of the first Reich is tomorrow