രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ കാര്യക്ഷമമായി കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലും ആളുകളോട് വാക്‌സിന്‍ എടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഡയലര്‍ ട്യൂണിലൂടെ സന്ദേശം കൊടുക്കുന്ന കേന്ദ്രസര്‍ക്കാരിനെ കഴിഞ്ഞ ദിവസമാണ് ദല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചത്.
കേന്ദ്രത്തിന്റെ കയ്യില്‍ മതിയായ വാക്സിന്‍ ഇല്ലാത്തപ്പോള്‍ ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കണമെന്ന് എത്രനാള്‍ പറയാന്‍ കഴിയുമെന്ന് തങ്ങള്‍ക്കറിയില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കൊവിഡിന്റെ രൂക്ഷഘട്ടത്തില്‍ രാജ്യത്ത് ഓക്‌സിജന്റെയും ബെഡുകളുടെയും മാത്രമല്ല പ്രധാനമന്ത്രിയുടെയും അഭാവമുണ്ടെന്ന് രാഹുല്‍ഗാന്ധിയും വിമര്‍ശിച്ചിരുന്നു.
ഏഴ് വയസ്സുള്ള സര്‍ക്കാര്‍ മിസ്സിങ്ങാണെന്നും സര്‍ക്കാരിനെ കണ്ടുകിട്ടുന്നവര്‍ രാജ്യത്തെ പൗരന്‍മാരെ വിവരമറിയിക്കണമെന്നും പറയുന്നതായിരുന്നു ഔട്ട്‌ലുക്ക് മാഗസിന്റെ കവര്‍. ഇത്തരം വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ട്രോളോട് ട്രോളിന്റെ പുതിയ എപ്പിസോഡ്.
ദല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും പുതിയ പാര്‍ലമെന്റ് നിര്‍മാണ പദ്ധതിയായ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതും കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന രൂക്ഷവിമര്‍ശനങ്ങളില്‍ ഒന്നാണ്. ഇത്തരത്തില്‍ രാജ്യത്തെ അടിയന്തിരഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരിക്കുന്ന സര്‍ക്കാരിനെയും നിരുത്തരവാദിത്വത്തോടെ പെരുമാറുന്ന പ്രധാനമന്ത്രിയെയുമാണ് ട്രോളോട് ട്രോളിലൂടെ വിമര്‍ശിക്കുന്നത്.