ജിന്‍സി ബാലകൃഷ്ണന്‍
പൊന്നിന്‍കുരിശ് മുത്തപ്പന്റെ ശരണംവിളികളുമായി മഹാ ഇടവക ജനങ്ങള്‍ മല ചവിട്ടിയതോടെ വിശുദ്ധിയുടെ മലകയറ്റത്തിന് ആരംഭമാവും. ഇനിയുള്ള നാളുകളില്‍ മുത്തപ്പന്റെ പൊന്‍കുരിശുതൊട്ട് വന്ദിക്കാനായി ഭക്തലക്ഷങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്തും.
യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളായിരുന്ന വിശുദ്ധ തോമാശ്ലീഹായാല്‍ സ്ഥാപിതമായെന്നു കരുതുന്ന മലയാറ്റൂര്‍ പള്ളി ഇന്ന് ഒരു രാജ്യാന്തര തീര്‍ഥാടന കേന്ദ്രമാണ്. യൂദയായിലെ ഗലീലി എന്ന ദേശത്ത് മത്സ്യത്തൊഴിലാളി കുടുംബത്തില്‍ പിറന്ന തോമസ് യേശുവിന്റെ പ്രബോധനങ്ങളില്‍ ആകര്‍ഷണീയനായി. വള്ളവും വലയും ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ഒരാളായി മാറുകയും ചെയ്തു.
യേശുവിന്റെ മരണശേഷം ശ്ലീഹന്മാര്‍ ഒത്തു ചേര്‍ന്ന് യേശു വചനങ്ങള്‍ ലോകമെങ്ങും പ്രചരിപ്പിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ തോമാശ്ലീഹയ്ക്ക് കിട്ടിയത് ഭാരതമെന്ന പ്രദേശമായിരുന്നു. എ.ഡി. 52 ല്‍ ഇന്ത്യയിലെ ഒരു രാജാവായിരുന്ന ഗുണ്ടഫെറിന്റെ കൊട്ടാരം നിര്‍മിക്കാന്‍ നല്ലൊരു ശില്‍പിയെത്തേടി ഹാബാന്‍ എന്ന യഹൂദ കച്ചവടക്കാരന്‍ ഇവിടെയെത്തിയിരുന്നു. അദ്ദേഹത്തോടൊപ്പം തോമാശ്ലീഹാ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയെന്നാണ് വിശ്വസിച്ചു പോരുന്നത്.
കേരളത്തില്‍ കപ്പലിറങ്ങിയ തോമസ് നാടൊട്ടുക്ക് സഞ്ചരിച്ച് ഏഴു പള്ളികള്‍ നിര്‍മിച്ചുവെന്നാണ് വിശ്വസിച്ചുപോരുന്നത്. കേരളത്തിലെ മലമ്പ്രദേശങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ മലയാറ്റൂരിലും എത്തി. മലയാറ്റൂര്‍ അന്ന് വന്യമൃഗങ്ങളുടെ സങ്കേതമായിരുന്നു. വന്യമൃഗങ്ങളില്‍ നിന്ന് രക്ഷതേടിയും തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ഭാരിച്ച ദൗത്യത്തിന് കരുത്തുതേടിയും വിശുദ്ധന്‍ മലമുകളില്‍ ദിവസങ്ങളോളം പ്രാര്‍ഥനയില്‍ മുഴുകുമായിരുന്നുവത്രെ. ആ അവസരങ്ങളിലൊക്കെ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട് തോമസിനെ ആശ്വസിപ്പിക്കാറുണ്ടെന്നാണ് വിശ്വസിക്കുന്നത്.
മലയാറ്റൂരില്‍നിന്ന് മദ്രാസിലെ മൈലാപ്പൂരിലേക്ക് യാത്രയായ തോമസ് അവിടെ വച്ച് കുന്തം കൊണ്ടുള്ള കുത്തേറ്റ് രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ചരിത്രം. രക്തസാക്ഷിത്വത്തിന് ശേഷം ഏതാണ്ട് 800 വര്‍ഷങ്ങള്‍ക്കുശേഷമാണ് മലയാറ്റൂര്‍ പള്ളി വിശുദ്ധനായ തോമസിന്റെ പേരില്‍ അറിയപ്പെട്ടു തുടങ്ങുന്നത്.
ഒരിക്കല്‍ മലയില്‍ നായാട്ടിനുപോയ മലവേടര്‍ രാത്രിയില്‍ വിശ്രമത്തിനായി വിശുദ്ധ തോമാശ്ലീഹാ പ്രാര്‍ഥിച്ചിരുന്ന വിരിപ്പാറയില്‍ കയറി. അവിടെ വിശുദ്ധന്റെ കാല്‍പ്പാദങ്ങളും കാല്‍മുട്ടുകളും അത്ഭുതകരമായി മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നത് കണ്ടെത്തിയ അവര്‍ താഴ്‌വാരത്തുള്ള താമസക്കാരെ വിവരമറിയിച്ചു. തദ്ദേശവാസികള്‍ ഉടന്‍ മലയിലെത്തി പ്രാര്‍ഥിക്കുവാന്‍ തുടങ്ങി. മലയിലുണ്ടായിരുന്ന പൊന്‍കുരിശു വണങ്ങി പ്രാര്‍ഥന തുടങ്ങിയതോടെയാണ് മലയാറ്റൂര്‍ പൊന്‍മല കയറ്റത്തിന് തുടക്കം കുറിച്ചത്.
പൊന്‍കുരിശു കണ്ടെത്തിയതു മുതല്‍ മലമുകളില്‍ വിളക്കു തെളിയിക്കുമായിരുന്നു. വിളക്കണഞ്ഞാല്‍ മലമുകളില്‍ കാണപ്പെട്ടിരുന്ന വരയാടുകള്‍ കരഞ്ഞ് ബഹളം കൂട്ടി താഴേക്ക് ഇറങ്ങി വരുമായിരുന്നു. വിളക്ക് വീണ്ടും തെളിയുമ്പോള്‍ അവ നിശബ്ദമാകുകയും മലമുകളിലേക്ക് മടങ്ങുകയും ചെയ്യുമായിരുന്നുവത്രെ. കുരിശു കണ്ടെത്തിയ മല എന്ന അര്‍ഥത്തില്‍ മലയാറ്റൂര്‍ പിന്നീട് കുരിശുമല എന്നറിയപ്പെട്ടു.
ആപത്തുകളിലും കഷ്ടപ്പാടുകളിലും പെട്ട് വലന്നവരെ ആശ്വസിപ്പിക്കാന്‍ വിശുദ്ധന്‍ വൃദ്ധന്റെ രൂപം ധരിച്ച് വരുമായിരുന്നുവെന്ന് പഴമക്കാര്‍ വിശ്വസിച്ചു പോന്നു. അങ്ങനെ വിശുദ്ധന് മുത്തപ്പനെന്ന പേരും വീണു. കരമാര്‍ഗമുള്ള യാത്രാ സൗകര്യങ്ങള്‍ പരിമിതമായിരുന്ന അക്കാലത്ത് പെരിയാറ്റിലൂടെയാണ് തീര്‍ത്ഥാടകരെത്തിയിരുന്നത്.
മലയും നാടും ഒത്തുചേരുന്ന പെരിയാര്‍ തീരത്ത് എ.ഡി. 900ല്‍ തീര്‍ഥാടകര്‍ക്കുവേണ്ടി ഒരു ദേവാലയം ഉയര്‍ന്നു. അതാണ് കുരിശുമുടി പള്ളി. സമുദ്രനിരപ്പില്‍നിന്ന് 1200 അടി ഉയരത്തിലാണ് കുരിശുപള്ളി നിര്‍മ്മിച്ചിരിക്കുന്നത്. തീര്‍ത്ഥാടക സഞ്ചയത്തിന്റെ അഭയ കേന്ദ്രമായ ഈ പള്ളി തോമാശ്ലീഹായാല്‍ സ്ഥാപിതമാണെന്ന് ചരിത്രരേഖകളില്‍ കാണുന്നു. എങ്കിലും പലതവണ പുതുക്കി പണിത പള്ളിയായിരിക്കണം ഇന്നുള്ളത്. വിരിപ്പാറയിലെ കാല്‍പ്പാദം നിരവധി അത്ഭുതങ്ങളുടെ കേന്ദ്രമാണ്.
പൊന്‍കുരിശ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉയര്‍ന്ന കപ്പേള വന്യമൃഗങ്ങളില്‍ നിന്നു രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഉയര്‍ന്നത്. ആന കുത്തിയ പള്ളി പൊന്‍കുരിശ് കപ്പേളയില്‍നിന്ന് 150 അടി കിഴക്കുമാറിയിട്ടാണ്. കുരിശുമുടി അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമാകുന്നതിന്റെ ഭാഗമായി മലമുകളിലെ ആനകുത്തിയ പള്ളി നവീകരിച്ചു. മലമുകളിലെ ആദ്യത്തെ കെട്ടിടം ഇതാണ്. ഇതിന് എത്രകാലം പഴക്കമുണ്ടെന്നു വ്യക്തമല്ല.
ചെറിയ പള്ളിക്കുള്ളിലാണു പണ്ട് പ്രാര്‍ഥനാ കര്‍മ്മങ്ങള്‍ നടത്തിയിരുന്നത്. ഇതു പണിയുന്ന കാലത്തു മലമുകളില്‍ ഘോരവനമായിരുന്നുവത്രേ. അന്ന് ധാരാളം വന്യമൃഗങ്ങളും ഉണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ കാട്ടാനകളുടെ വിഹാരകേന്ദ്രമായിരുന്നു പള്ളിയും പരിസരവും. പള്ളിയുടെ കിഴക്കേ ഭിത്തിയില്‍ ആനയുടെ കൊമ്പുകള്‍ തുളഞ്ഞുകയറിയ പാട് ഇന്നും കാണാം. അതുകൊണ്ടാണ് ആനകുത്തിയ പള്ളി എന്നുപറയുന്നത്.
ഈ പള്ളിയുടെ പടിഞ്ഞാറു ഭാഗത്തു പ്രാര്‍ഥനകള്‍ അര്‍പ്പിക്കുവാന്‍ പിന്നീട് വേറൊരു പള്ളി കൂടി പണിതു. പഴയ കെട്ടിടത്തിന് ഒരു മാറ്റവും വരുത്താതെ പള്ളിയുടെ മുന്‍ഭാഗം ഒരു ലക്ഷത്തോളം രൂപ ചെലവിട്ടു നവീകരിച്ചു. ആന കുത്തിയഭാഗം കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ചില്ലിട്ടു സംരക്ഷിച്ചു പോരുന്നു. പള്ളിക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനും ധ്യാനിക്കുന്നതിനും തീര്‍ഥാടനകാലത്തു സൗകര്യമുണ്ടാകും.
ഫ്രാന്‍സിലെ ലൂര്‍ദ് പോലെ ഇന്ത്യയിലെ കത്തോലിക്ക സഭയുടെ ആദ്യ രാജ്യാന്തര തീര്‍ഥാടനകേന്ദ്രമാണ് മലയാറ്റൂര്‍. അനേകം വിശ്വാസികള്‍ ദിവസവും, പ്രത്യേകിച്ച് വലിയനോമ്പു കാലത്തും പുതുഞായറാഴ്ച തിരുനാളിനും കുരിശുമുടിയിലേക്കു തീര്‍ഥയാത്ര നടത്തുന്നു. പുതുഞായര്‍ തിരുനാളാണ് മലയാറ്റൂരിലെ പ്രധാന തിരുനാള്‍. മലയാറ്റൂര്‍ പള്ളിയിലും കുരിശുമുടി പള്ളിയിലുമാണ് തിരുനാളിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്നത്.
നോയമ്പാരംഭം മുതല്‍ തിരക്ക് തീര്‍ഥാടക പ്രവാഹം ഓരോ ദിവസം കഴിയംതോറും വര്‍ധിച്ചു വരുന്നു. കുരിശുമേന്തി മലകയറാനെത്തുന്നവര്‍ ഏറെയാണ്. ദൂരെ സ്ഥലങ്ങളില്‍ നിന്നും കാല്‍നടയായി എത്തുന്നവരുമുണ്ട്. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ആദ്യത്തെ 570 അടി കയറുമ്പോള്‍ ശ്ലീഹാപാതയുടെ ഒന്നാമിടം കാണാം.
ക്രിസ്തുവിന്റെ പീഡാനുഭവയാത്രയിലെ നിര്‍ണായകമായ 14 സന്ദര്‍ഭങ്ങള്‍ ചിത്രീകരിക്കുന്ന, 14 സ്ഥലങ്ങള്‍ കടന്നു വേണം മലമുകളിലെത്തുവാന്‍. മലമുകളില്‍ മുത്തപ്പനെ കണ്ടു വണങ്ങി പ്രാര്‍ഥനയര്‍പ്പിക്കുന്നതിന് മാര്‍ത്തോമ്മാ മണ്ഡപം ഉണ്ട്. മണ്ഡപത്തില്‍ നിന്നും ഇറങ്ങിച്ചെല്ലുന്നത് ബലിയര്‍പ്പണവേദിയിലേക്കാണ്. പിന്നീട് ആന കുത്തിയ പള്ളിയും പള്ളിയുടെ അള്‍ത്താരയും പൊന്‍കുരിശും പാറയില്‍ പതിഞ്ഞ വിശുദ്ധന്റെ കാല്‍പാദങ്ങളും കണ്ട് വണങ്ങി വഴിപാടും പ്രാര്‍ഥനകളും അര്‍പ്പിച്ച് ഭക്തര്‍ മലയിറങ്ങുന്നു.