| Wednesday, 17th October 2018, 7:25 pm

ശബരിമലയില്‍ ആക്രമണം നടത്തുന്നവര്‍ പഠിപ്പില്ലാത്ത മലയരയ ആദിവാസികള്‍; സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ആദിവാസികളുടെ തലയില്‍കെട്ടിവെച്ച് സമരനേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല സംഘര്‍ഷത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആദിവാസികളുടെ മേല്‍ കെട്ടിവെച്ച് അയ്യപ്പ ധര്‍മ്മ സേന നേതാവ്. ദേശീയ ചാനലായ മിറര്‍ നൗവില്‍ നടന്ന ചര്‍ച്ചയിലാണ് സംഘര്‍ഷത്തിന് പിന്നില്‍ പഠിപ്പില്ലാത്ത മലയര ആദിവാസികളാണെന്ന് പറയുന്നത്.

“പ്രക്ഷോഭം നടത്തുന്നവരില്‍ എന്നെപ്പോലെയും നിങ്ങളെപ്പോലെയും വിദ്യാസമ്പന്നരല്ലാത്ത മലയരയ ആദിവാസികളുണ്ട്. രക്ത തിളപ്പാണ് ഇവര്‍ക്ക്” എന്നാണ്പ്രശാന്ത് ഉണ്ണികൃഷ്ണന്‍ എന്ന സമരവക്താവ് പറഞ്ഞത്.

ശബരിമല സമരത്തിനായി വി.എച്ച്.പി-ബി.ജെ.പി നേതാക്കള്‍ തങ്ങളുടെ സ്ത്രീകളെ തട്ടിക്കൊണ്ട് പോയെന്ന് മലംപണ്ടാരം വിഭാഗം സംഘടനയുടെ സെക്രട്ടറി സതീഷ് അഴിമുഖം വെബ്‌പോര്‍ട്ടലിനോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വി.എച്ച്.പിയും ബിജെപി പ്രവര്‍ത്തകരും ഞങ്ങടെ കോളനിയില്‍ എത്തി കൂട്ടിക്കൊണ്ടുപോയതാണ് ഈ സ്ത്രീകളെ… ഇപ്പം കേസ് വന്നപ്പോള്‍ ആരും ഇല്ല. ഇതനുവദിക്കില്ല. ആദിവാസികളെ വച്ച് മുതലെടുക്കാന്‍ സമ്മതിക്കില്ല””, എന്നും സതീഷ് പ്രതികരിച്ചിരുന്നു.

ആത്മഹത്യ ഭീഷണി മുഴക്കിയ ആദിവാസി വിഭാഗത്തില്‍പ്പെട്ട നിലയ്ക്കല്‍ സ്വദേശി രത്‌നമ്മയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ശബരിമല സമരത്തില്‍ ആദിവാസികളെ സംഘപരിവാര്‍ കവചമാക്കുന്നുവെന്നതിന്റെ സൂചനകളാണ് സമരാനുകൂലിയായ ഈ നേതാവ് ചാനലില്‍ സംസാരിച്ചതില്‍ നിന്നും വ്യക്തമാവുന്നത്.

We use cookies to give you the best possible experience. Learn more