ചരിത്രം പറയുന്നവര്‍ ശബരിമലയുടെ താന്ത്രികവൃത്തി മല അരയര്‍ക്ക് തിരിച്ചു തരട്ടെ; മല അരയ മഹാസഭ സെക്രട്ടറിയും പി.കെ സജീവ് സംസാരിക്കുന്നു
Sabarimala women entry
ചരിത്രം പറയുന്നവര്‍ ശബരിമലയുടെ താന്ത്രികവൃത്തി മല അരയര്‍ക്ക് തിരിച്ചു തരട്ടെ; മല അരയ മഹാസഭ സെക്രട്ടറിയും പി.കെ സജീവ് സംസാരിക്കുന്നു
മുഹമ്മദ് ഫാസില്‍
Tuesday, 23rd October 2018, 3:42 pm

ശബരിമലയുടെ ചരിത്രത്തെയും ആചാരങ്ങളെയും കൂട്ടുപിടിച്ചാണ് മുന്‍രാജകുടുംബവും, തന്ത്രിമാരും, വിശ്വാസികളും ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ക്കുന്നത്. എന്നാല്‍ ചരിത്രത്തെ വളച്ചൊടിച്ച് ചരിത്രത്തെ കുത്തകയാക്കി വച്ചിരിക്കുകയാണ് തല്‍പരകക്ഷികളെന്ന് പരിശോധിച്ചാല്‍ കാണാം. ശബരിമലയുടെ ചരിത്രം മല അരയരുടെ ചരിത്രമാണ്. ആയ് രാജഭരണകാലത്തെ മല അരയരുടെ ചരിത്രത്തിന് സംഘകാലത്തിന്റത്രയും പഴക്കം ഉണ്ട്. മല അരയരുടെ ആരാധനാലയങ്ങളും ദേവസങ്കല്‍പങ്ങളും എങ്ങിനെ ബ്രാഹ്മണിക്ക് ഹിന്ദു മിത്തുകളായി പരിണമിച്ചതെന്ന് ചരിത്രകാരനും മല അരയ മഹാ സഭയുടെ സ്ഥാപകനും ജനറല്‍ സെക്രട്ടറിയും ആയ പി.കെ സജീവ് വിശദീകരിക്കുന്നു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍

ചരിത്രത്തിന്റെ പിന്‍ബലമുള്ള സംസ്‌കാരങ്ങള്‍ ബ്രാഹ്മണവല്‍ക്കരിപ്പിക്കുന്നതെങ്ങിനെയാണെന്ന് ശബരിമല വിഷയത്തെ മുന്‍നിര്‍ത്തി വിശദീകരിക്കാമോ?

സംസ്‌കാരങ്ങളെ മിത്തുവല്‍ക്കരിക്കപ്പെടുന്നതിലൂടെയാണത് സാധിക്കുന്നത്. ശബരിമലയെ മുന്‍നിര്‍ത്തി ഞാനത് വിശദീകരിക്കാം. ശ്രീകൃഷ്ണ്‍ കാരാഗ്രഹത്തില്‍ വാസുകിയുടെയും വസുദേവന്റെയും മകനായി ജനിച്ചതാണെന്ന് പറയാന്‍ മടിയില്ലാത്ത ആള്‍ക്കാരാണ് അയ്യപ്പന്‍ വിഷ്ണുവിന്റെ തുട പിളര്‍ന്ന് വന്നതാണെന്ന് പറയുന്നത്. കാരണം ശ്രീകൃഷ്ണന്‍ 5000 വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ആളാണെന്നാണ് പറയപ്പെടുന്നത്. ആ ചരിത്രം വസ്തുനിഷ്ഠമായി പഠിക്കാന്‍ ഇനി കഴിയില്ലെന്നവര്‍ക്കറിയാം. എന്നാല്‍ അയ്യപ്പന്റെ കാലഘട്ടം എന്നു പറയുന്നത് 900 വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രമാണ്. ഇനിയും ശാസ്ത്രീയമായി പഠിക്കാന്‍ പറ്റുന്ന ഒന്നാണ് അയ്യപ്പന്റെ ചരിത്രം.

അയ്യപ്പന് അച്ഛനും അമ്മയുമുണ്ടായിരുന്നു. അയ്യപ്പന്റെ ചരിത്രം മിത്തുവല്‍ക്കരിക്കപ്പെട്ടില്ലെങ്കില്‍ തങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്ന് തല്‍പരകക്ഷികള്‍ക്ക് നന്നായറിയാം. അയ്യപ്പന്‍ ജനിച്ചതാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ വിശ്വാസം ചോദ്യം ചെയ്യപ്പെട്ടു. വര്‍ഷങ്ങളെടുത്ത് സത്യം വസ്തുനിഷ്ഠമായി തെളിയിച്ചപ്പോള്‍ ആളുകള്‍ക്ക് കാര്യം മനസ്സിലായി. ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത വിശ്വാസത്തിന് എന്ത് പ്രസക്തിയാണ്? ചരിത്രത്തിനു പകരം കഥകളെ സംസ്‌കാരങ്ങള്‍ക്ക് അടിസ്ഥാനമാക്കാനാണ് അധികാരശ്രേണിയിലുള്ളവര്‍ ശ്രമിക്കുന്നത്.

ഭാഷയും ഈ പ്രക്രിയയില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ബുദ്ധന്‍ പാലി ഭാഷ പ്രചരിപ്പിച്ചത് സംസ്‌കൃതത്തിന്റെ കുത്തക ഇല്ലാതാക്കാന്‍ കൂടിയാണ്. തമിഴ്നാട്ടില്‍ നോക്കുകയാണെങ്കില്‍ നമുക്കു കാണാം, അവിടെ അമ്പലങ്ങളില്‍ പൂജകളും മന്ത്രങ്ങളുമൊക്കെ തമിഴ് ഭാഷയിലാണ് നടത്താറ്. ദ്രാവിഡമുന്നേറ്റത്തിന്റെ ഏറ്റവും വലിയ സംഭാവനയാണത്.

എന്നാല്‍ നമ്മുടെ നവോത്ഥാന പ്രസ്താനങ്ങള്‍ക്ക് ഇതിനു കഴിഞ്ഞിട്ടില്ല. ശ്രീലങ്കയില്‍ ആഭ്യന്തരകലാപം ഉണ്ടായപ്പോള്‍ സിംഹളര്‍ ചെയ്തത് പ്രാചീനരേഖകളുടെതടക്കം ശേഖരമുള്ള ജാഫ്നയിലെ തമിഴയരുടെ ലൈബ്രറി കത്തിക്കുകയായിരുന്നില്ലേ?. നൂറ്റാണ്ടുകളല്ലെ ഇല്ലാതായത്.

ആവാസവ്യവസ്ഥയില്‍ നിന്നും മല അരയരെ പുറത്താക്കി, മലയരുടെ വിശ്വാസങ്ങളെ ബ്രാഹ്മണവല്‍ക്കരിച്ച് തങ്ങളില്‍ നിന്നും അകറ്റി,  ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പാള്‍ തന്നെ മലയര വിഭാഗത്തില്‍ പെട്ട ചില ആളുകള്‍ സംഘപരിവാറിന്റെ സമരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു, ആത്മഹത്യാ ഭീഷണി മുഴക്കുന്നു. ഇത് എങ്ങനെയാണ് താങ്കള്‍ നോക്കിക്കാണുന്നത്?

മുന്നില്‍ നില്‍ക്കുന്നതല്ല, സംഘപരിവാര്‍ മനപ്പൂര്‍വ്വം മനുഷ്യപരിചയാക്കി വച്ചിരിക്കുകയാണ് കുറച്ചു പേരെ. സാംസ്‌കൃറ്റെസേഷന്റെ സ്വാധീനവും ഉണ്ടതിന്. പതിനെട്ടു മലകളിലാകെ വ്യാപിച്ചു കിടന്ന ഒരു സമൂഹമായിരുന്നു മല അരയവിഭാഗം. ആ പതിനെട്ടു മലകളിലുമായി നൂറു കണക്കിന് ക്ഷേത്രങ്ങളുണ്ടായിരുന്നു. അവിടന്നൊക്കെ ഞങ്ങളുടെ വിശ്വാസത്തെയും ആവാസവ്യവസ്ഥയെയും തട്ടിപ്പറിച്ചതാണ്. ഫോറസ്റ്റുകാരൊക്കെ വലിയ രീതിയല്‍ ഉപദ്രവിച്ചിട്ടുണ്ട് ഞങ്ങളെ. വളരെ പണ്ടൊന്നുമല്ല ഇത് നടന്നത്. 1970 കള്‍ വരെ ഞങ്ങള്‍ക്ക് ഈ പറയുന്ന പ്രദേശങ്ങളില്‍ കൃഷിയിടവും നാഗരികം എന്ന് വിശേഷിക്കാവുന്ന ഒരു സംസ്‌കാരവും ഉണ്ടായിരുന്നു.

ചരിത്രം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് ഞങ്ങളുടേത്. അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തെ അടിച്ചമര്‍ത്തിയവര്‍ തന്നെ അവരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതിന്റെ പരിണിതഫലമാണ് ഇന്ന് കാണുന്ന മലയരരുടെ സമര പങ്കാളിത്തം എന്ന് പറയുന്നത്. വിശ്വാസവും വലിയൊരു ഘടകമാണ്, അത് തള്ളിക്കളയാന്‍ കഴിയില്ല. മല അരയരുടെ വിശ്വാസത്തിന്റെ വികൃതമായ മുതലെടുപ്പാണ് സംഘപരിവാര്‍ നടത്തുന്നത്.

ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ മല അരയവിഭാഗത്തിന്റെ വികാരപ്രകടനമാണെന്ന രാഹുല്‍ ഈശ്വര്‍ അടക്കമുള്ള സംഘപരിവാറിന്റെ അവകാശവാദങ്ങള്‍ ഞാനീ പറഞ്ഞതരത്തിലുള്ള മുതലെടുപ്പിന്റെ ഫലമാണ്. ഞങ്ങള്‍ക്കൊരു ഗോഡ് ഫാദര്‍ ഇല്ല്. ഞങ്ങള്‍ സമരത്തിലും പങ്കെടുക്കുന്നില്ല. അത് ഞാന്‍ രാഹുലിനോടും പറഞ്ഞിട്ടുണ്ട്.

2006 ല്‍ ആരംഭിച്ച കേസ് ആണിത്. കേസില്‍ ഞങ്ങളെയും കൂറ് ചേര്‍ക്കണമെന്ന് രാഹുലിനോടടക്കം ഞങ്ങളാവശ്യപ്പെട്ടതാണ്. സ്പെഷല്‍ ട്രൈബല്‍ റിച്ച്വല്‍ ആയി പ്രശ്നത്തെ കോടതിയില്‍ അവതരിപ്പിച്ച് കേസ് എളുപ്പം ജയിക്കാമായിരുന്നവര്‍ക്ക്. എന്നാല്‍ അങ്ങനെ വന്നാല്‍ ശബരിമലയുടെ അവകാശം ഞങ്ങള്‍ക്ക് തിരിച്ചു കിട്ടുമെന്ന് ഭയന്ന് അവരതിന് തയ്യാറായില്ല.

ശബരിമലയില്‍ ജാതിയില്ല, ഭക്തരെ ഒരുപേലെയാണ് കാണുന്നത്, ജാതി പറഞ്ഞ് ഹിന്ദുക്കളെ അകറ്റാന്‍ പുറമെയുള്ളവര്‍ ശ്രമിക്കുകയാണെന്ന മാളികപ്പുറം മേല്‍ശാന്തിയുടെ അഭിപ്രായത്തെ എങ്ങനെ കാണുന്നു?

അങ്ങനെയാണെങ്കില്‍ അദ്ദേഹം ശബരിമലയില്‍ തേനഭിഷേകം നടത്തിക്കാണിക്കട്ടെ. ഞാനാദ്യമേ പറഞ്ഞല്ലോ ബ്രാഹ്മണവല്‍ക്കരണത്തെപ്പറ്റി. അതിന്റെ മറ്റൊരു ഉദാഹരമാണ് തേനഭിഷേകം നെയ്യഭിഷേകമായി മാറിയത്. തേന്‍ എവിടെ നിന്നാണ് വരുന്നത്, അത് കൊണ്ടുവരുന്നതാരാണ് എന്നൊക്കെ അന്വേഷിച്ചാല്‍ തന്നെ ശബരിമലയുടെ യഥാര്‍ത്ഥ ചരിത്രം നമുക്ക് മനസ്സിലാകും.

ചെറിയ കാര്യങ്ങളില്‍ വരെ ചരിത്രം തെളിവുകള്‍ അവശേഷിപ്പിച്ചിരിക്കുന്നതു കാണാം. മലയ്ക്കല്‍ ക്ഷേത്രത്തിന്റെ സമീപത്തുനിന്നും 13ാം നൂറ്റാണ്ടിലെ രണ്ടു വിഗ്രഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ആ വിഭ്രഹങ്ങളുടെ നിര്‍മ്മാണരീതിയിലും മറ്റും ബ്രാഹ്മണസ്വാധീനം കാണാന്‍ കഴിയില്ല. സര്‍ക്കാര്‍ അതിന്റെ മൂല്യം മനസ്സിലാക്കിയതായി കാണുന്നില്ല. അതിന്നും ഉപേക്ഷിക്കപ്പെട്ട നിലയിലാണുള്ളത്. ക്ഷേത്രത്തിലെ പഴയ തൂണുകളും മറ്റും നവീകരണത്തിന്റെ പേരില്‍ കളഞ്ഞു. ഞങ്ങളുടെ ചരിത്രമാണതിലുള്ളത്. കേവലവിശ്വാസത്തിനു പുറകെ പോകാതെ ചരിത്രത്തെ ഉള്‍ക്കൊണ്ട് വേരുകള്‍ അന്വേഷിക്കാന്‍ ആളുകള്‍ തയ്യാറാവണം.

ശബരിമലയിലെ പ്രതിഷേധങ്ങള്‍ കേരളരാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കും എന്നാണ് താങ്കള്‍ കരുതുന്നത്?

രസകരമായ ഒരു കാര്യമുണ്ട്. ബാബരി മസ്ജിദ് പൊളിച്ചപ്പോഴും ഗുജറാത്ത് കലാപം ഉണ്ടായപ്പോഴും ബി.ജെ.പി യുടെ ജനസമ്മിതി വര്‍ദ്ധിച്ചായി കാണാം. ശബരിമലയില്‍ ഇത്തരത്തിലൊരു രക്തചൊരിച്ചിലുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാം എന്നായിരുന്നു സംഘപരിവാര്‍ കരുതിയത്. രാഷ്ട്രീയമായി മാത്രമല്ല സാംസ്‌കാരികമായും ഈ സമരം കേരളത്തെ വര്‍ഷങ്ങള്‍ പിന്നോട്ടടിക്കും. മുസ്‌ലിം ലീഗിന്റെയൊക്കെ ശബരിമലവിഷയത്തിലെ പ്രസ്താവന ഞാന്‍ കണ്ടു. സങ്കടകരമായ ഒരു കാര്യമാണത്. മുസ്‌ലിംങ്ങള്‍ക്കെതിരെ ആദിവാസികളെയും ദളിതരെയും നിരത്തിയാണ് ഗുജറാത്ത് കലാപം സാധ്യമാക്കിയതെന്നോര്‍ക്കണം. അവിടെ മുസ്‌ലിംങ്ങള്‍ക്കും പിന്നോക്കവിഭാഗത്തിലും പെട്ടവര്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ലാഭമല്ലാതെ നഷ്ടം ഉള്ളതായി കണ്ടിട്ടുണ്ടോ? കേരളത്തിലെ പുരോഗമന മുസ്‌ലിം സംഘടനകള്‍ ദളിതരെയും മറ്റു പിന്നോക്കവിഭാഗങ്ങളെയും ഉള്‍ക്കൊള്ളത്തക്ക രീതിയില്‍ മാറണം. പിന്നോക്ക വിഭാഗക്കാരെ തീവ്രമത സംഘടനകള്‍ രാഷ്ട്രീയമായി മുതലെടുക്കാനാണ് വിട്ടുകൊടുക്കരുത്. ഞാന്‍ മുസ്‌ലിം സംഘടനാനേതാക്കളോട് ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാറുണ്ട്.

ആദിവാസികളുടെയും ദളിതരുടെയും ചരിത്രങ്ങള്‍ എങ്ങനെ ബ്രാഹ്മണരുടെ ചരിത്രമായി എന്നത് വിപുലീകരിക്കാമോ?

കേരളത്തില്‍ ജാതിയില്ലായിരുന്നു. ആയ് രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലത്ത് കേരളത്തില്‍ ഗോത്രവര്‍ഗ്ഗങ്ങളാണുണ്ടായിരുന്നത്. പൂര്‍വ്വീകര്‍ പറയുന്നതു പ്രകാരം ചരിത്രം ഇങ്ങനെയാണ്. ആയ് രാജാക്കന്മാരിലൊരാള്‍ക്ക് ഒരു മാറാ രോഗം വന്നു. കേരളത്തിലെ വൈദ്യന്മാരെല്ലാം ചികിത്സിച്ചിട്ടും രോഗം മാറിയില്ല. എന്നാല്‍ കേരളത്തിനു പുറത്തുനിന്നും വന്ന ഒരു ബ്രാഹ്മണന്‍ രാജാവിന്റെ രോഗം ഭേദമാക്കി. സന്തോഷവാനായ രാജാവ് അദ്ദേഹത്തിന് പണം വാഗ്ദാനം ചെയ്തു. എന്നാല്‍ അദ്ദേഹത്തിന് വേണ്ടത് പണമല്ലായിരുന്നു, മറിച്ച് തന്നെ കൊട്ടാരത്തിലെ പ്രധാനപൂജാരിയാക്കാന്‍ അദ്ദേഹം രാജാവിനോടാവശ്യപ്പെട്ടു. അതോടെ കേരളത്തിലുടനീളം ദൈവ സങ്കല്‍പങ്ങള്‍ ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടു.

ഇത്തരം ഒരു സാംസ്‌കാരിക-ആചാര അധീശത്വം ശബരിമലയില്‍ സംഭവിക്കുന്നത് എന്നു മുതലാണ്?

ശബരിമലയില്‍ അത് സംഭവിക്കുന്നത് 1902 താഴ്മണ്‍ മഠം അയ്യപ്പന്റെ പൂജാരിമാരായി വരുന്നതോടെയാണ്. ശബരിമലയിലെ ആദ്യത്തെ പൂജാരികളുടെ പേരുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമത്. ആദ്യത്തെ പൂജാരിയുടെ പേര് കരിമല അരയന്‍ എന്നാണ്. അദ്ദേഹമാണ് ആദ്യത്തെ പടിയിട്ടത്. ശബരിമലയുടെ ആദ്യത്തെ പടി പുരാവസ്തുവകുപ്പ് പരിശോധിക്കാന്‍ തയ്യാറായാല്‍ അത് കരിമല അരയന്‍ വകയാണെന്ന് കാണാം.

രണ്ടാമത്തെ പൂജാരി താളനാണി അരയനാണെന്ന് സാമുവല്‍ മറ്റീര്‍ തന്റെ “നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍” എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. കരിങ്കോന്തി ഓപ്പന്‍, കോര്‍മന്‍ അരയന്‍, കരിമല മൂര്‍ത്തി, കരിമല കോര്‍മന്‍, വല്യേരി കടുത്ത, കൊമ്പുകുത്തി കൊച്ചുരാമന്‍ എന്നിവരും മല അരയ വിഭാഗത്തില്‍ പെട്ട ശബരിമലയിലെ പൂജാരികളാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.

1800 കള്‍ വരെ മല അരയരാണ് ശബരിമലയില്‍ പൂജകള്‍ നിര്‍വ്വഹിച്ചു വന്നത്. മല അരയരുടെ ആവാസകേന്ദ്രമായ 18 മലകളില്‍ പെട്ട ഒരു മലയാണ് കരിമല. അവിടുത്തുകാരാണ് ശബരിമലയുടെ പൂജാരികളെന്ന് അവരുടെ പേരില്‍ നിന്ന് വ്യക്തമാണ്. ശബരിമലയോട് ഏറ്റവും അടുത്തു നില്‍ക്കുന്നവരാണ് മല അരയ വിഭാഗത്തില്‍ പെട്ട കരിമലയര്‍.

സാമുവല്‍ മറ്റീറിന്റെ പുസ്തകത്തില്‍ ശബരിമലയെ പത്തോളം പേജുകളില്‍ പരാമര്‍ശിക്കുന്നുണ്ട്. അതിലെവിടെയും താഴ്മണ്‍ മഠത്തിന്റെ പേരില്ല, എന്നാല്‍ മല അരയ വിഭാഗത്തിന് ശബരിമലയുമായുള്ള ബന്ധം ഈ ചരിത്രപുസ്തകത്തില്‍ വ്യക്തമാണ്. ഇന്ന് മല അരയരുടെ ദൈവത്തിന്റെ പ്രതിഷ്ഠ നടത്താന്‍ ഇല്ലത്തു നിന്നും നമ്പൂതിരി വരേണ്ട ഗതിയല്ലെ. അയ്യപ്പന്റെ കാര്യമെടുക്കുകയാണെങ്കില്‍ ഹിന്ദു ആചാരങ്ങളില്‍ അയ്യപ്പന്റെ സ്ഥാനം എവിടെയായിരുന്നു? ഓരോ അമ്പലത്തിന്റെയും ചുറ്റുമതിലിനു പുറത്തായിരുന്നു അയ്യപ്പന്റെ സ്ഥാനം. അയ്യപ്പന്‍ നമ്പൂതിരിയെന്നോ അയ്യപ്പന്‍ നായര്‍ എന്നോ ഉള്ള പേരുകള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അയ്യപ്പന് ശാസ്താവ് എന്ന പേരിടാന്‍ ആരാണ് പറഞ്ഞത്. ഞങ്ങളുടെ പൂര്‍വ്വികരുടെ പേരുകളിലൊന്നും ജാതി ഇല്ലായിരുന്നു. ബ്രാഹ്മണവല്‍ക്കരണത്തിനു മുന്നോടിയായി ഇവിടെ ഹൈന്ദവവല്‍ക്കരണം നടന്നിട്ടുണ്ട്. ആദിവാസികളുടേത് പ്രത്യേക മതമാണെന്ന് അംബേദ്കര്‍ പറഞ്ഞ കാര്യമാണ്. സ്വന്തമായ ദൈവസങ്കല്‍പ്പമുള്ള ഒരു സമൂഹമാണ് ആദിവാസികളുടേത്. അധികാരവും സാമ്പത്തികലക്ഷ്യവും മുന്നില്‍കണ്ട് ഞങ്ങളുടെ ചരിത്രം ഹൈന്ദവവല്‍ക്കരിക്കപ്പെടുകയാണുണ്ടായത്.

ശബരിമലയിലെ സ്ത്രീപ്രവേശനത്തെില്‍ താങ്കളുടെ നിലപാട് എന്താണ്?

സ്ത്രീകള്‍ ശബരിമലയില്‍ പോവുകയോ പോവാതിരിക്കുകയോ ചെയ്യട്ടെ. 41 ദിവസത്തെ അതികഠിനമായ വ്രതത്തിനു ശേഷം അയ്യപ്പനോടെeപ്പം ചോളരുമായുള്ള യുദ്ധത്തിനു പോവുകയാണെന്നാണ് വിശ്വാസം. പ്രസവാനന്തരം ആര്‍ത്തവചക്രത്തില്‍ മാറ്റം ഉണ്ടാവുന്ന സമയത്ത് സ്ത്രീകള്‍ കുട്ടികളുടെ ചോറൂണിനും മറ്റും ശബരിമലയില്‍ പോയിരുന്നു. അല്ലാതെയും സ്ത്രീകള്‍ പോയിട്ടുണ്ട്. ലക്ഷി രാജീവ് ഒക്കെ ശബരിമലയില്‍ പോയിട്ടുണ്ടെന്ന് അവരുതന്നെ പറഞ്ഞതല്ലെ. അവരു കള്ളം പറയണ്ട ആവശ്യമില്ല. ഈ വിഷയത്തില്‍ കടുംപിടിത്തത്തിന്റെ ആവശ്യം ഇല്ല. 41 ദിവസത്തെ വ്രതത്തിന്റെ കാര്യം പൊക്കിപ്പിടിച്ചു നടക്കുന്ന രാഹുല്‍ ഈശ്വര്‍ ഒക്കെ ക്ലീന്‍ഷേവ് സ്വാമിയല്ലെ. ഇവിടെയിരിക്കുന്ന ദേവസ്വംകാരും അങ്ങനെയല്ലെ. ഇവരൊക്കെ വ്രതം എടുത്തിട്ടാണോ ശബരിമലയില്‍ പോകുന്നത്. ഇവരാണ് സ്ത്രീകളുടെ പ്രവേശനത്തെ എതിര്‍ക്കുന്നതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

മുഹമ്മദ് ഫാസില്‍
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍, തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.