ഫഹദ് ഫാസില്‍ നായകനാകുന്ന ‘മലയന്‍കുഞ്ഞ്’ തിയേറ്ററില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ഒ.ടി.ടിയിലാകും റിലീസ് ചെയ്യുക എന്ന് നേരെത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനെ തള്ളിയാണ് ഇപ്പോള്‍ ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂലൈ 22നാണ് ചിത്രം റിലീസ് ചെയ്യുക. ഫാസില്‍ നിര്‍മാതാവാകുന്ന ‘മലയന്‍കുഞ്ഞി’ന്റെ സംവിധാനം നിര്‍വഹിക്കുന്നത് നവാഗതനായ സജിമോനാണ്.
സിനിമയുടെ ട്രെയ്‌ലര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ‘ട്രാന്‍സ്’ ആയിരുന്നു അവസാനമായി തിയേറ്ററില്‍ റിലീസ് ചെയ്ത ഫഹദ് ചിത്രം. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എ.ആര്‍ റഹ്മാനാണ്. ‘യോദ്ധ’എന്ന ചിത്രത്തിന് ശേഷം എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. പൃഥ്വിരാജിന്റെ ആടുജീവിത്തിന് വേണ്ടിയും റഹ്മാന്‍ സംഗീതം ഒരുക്കുന്നുണ്ട്.
സര്‍വൈവല്‍ ത്രില്ലറായിട്ടാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്’, ‘സി യു സൂണ്‍’, ‘മാലിക്’ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണനാണ് മലയന്‍കുഞ്ഞിന്റെ തിരക്കഥ. ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ കോസ്റ്റിയൂംസും വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘മലയന്‍കുഞ്ഞ്’ എന്ന ചിത്രത്തിലൂടെ ഫാസില്‍ വീണ്ടും നിര്‍മാണത്തിലേക്ക് എത്തുന്നത് മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മ്മിച്ചതും ഫാസില്‍ തന്നെയായിരുന്നു.
Content Highlight : Malayankunju theatre release announced