ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മലയന്‍കുഞ്ഞ് ജൂലൈ 22നാണ് റിലീസ് ചെയ്യുന്നത്. പ്രകൃതി ദുരന്തം പ്രമേയയി വരുന്ന സിനിമയുടെ ചിത്രികരണം ദുഷ്‌കരമായിരുന്നുവെന്നും
ക്യാമറ മാത്രമാണ് അകത്തേക്ക് പോകുന്നതെന്നും ക്യാമറാമാന്‍ പുറത്താണെന്നും ഫഹദ് പറഞ്ഞിരുന്നു.
ക്യാമറാമാന് എന്നെ കാണാന്‍ കഴിയില്ല, ശരീരത്തിന്റെ മൂവ്‌മെന്റ്‌സ് നോക്കിയാണ് ഷോട്‌സ് എടുത്തിരുന്നതെന്നുമാണ് ഫഹദ് ഫാസില്‍ പേര്‍ളി മാണി ഷോയില്‍ പറഞ്ഞത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന മണ്ണിനടിയില്‍ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍.
2 മിനിറ്റ് 47 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മ്യൂസിക്ക് 247 ചാനലിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഉരുള്‍ പൊട്ടല്‍ ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പുകളും പ്രയാസവും വീഡിയോയില്‍ കാണാന്‍ കഴിയും.
നവാഗതനായ സജിമോനാണ് മലയന്‍കുഞ്ഞ് സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം. ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.
അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: പി. കെ. ശ്രീകുമാര്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈന്‍: ജയറാം രാമചന്ദ്രന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്, വാര്‍ത്താ പ്രചരണം: എം.ആര്‍. പ്രൊഫഷണല്‍.
Content Highlight : Malayankunj Behind the scene video released