കന്യാസ്ത്രീകള്‍ക്ക് നീതി നല്‍കൂ, ബിഷപ്പിനെ പുറത്താക്കൂ; വത്തിക്കാന്‍ ന്യൂസ് പേജുകളില്‍ മലയാളികളുടെ പ്രതിഷേധം
Social Tracker
കന്യാസ്ത്രീകള്‍ക്ക് നീതി നല്‍കൂ, ബിഷപ്പിനെ പുറത്താക്കൂ; വത്തിക്കാന്‍ ന്യൂസ് പേജുകളില്‍ മലയാളികളുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th September 2018, 2:58 pm

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വത്തിക്കാന്‍ ന്യൂസ് ഔദ്യോഗിക പേജില്‍ മലയാളികളുടെ പ്രതിഷേധം.  കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചും അവര്‍ക്ക് നീതി ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പേരാണ് പേജില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തകള്‍ക്ക് ചുവടെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

“ഐ ആം ഫ്രം കേരള. ഞങ്ങളുടെ കന്യാസ്ത്രീകളെ സഹായിക്കണം. അവര്‍ക്ക് നീതി ഉറപ്പാക്കണം, ബിഷപ്പിനെതിരെ നടപടിയെടുക്കണം” സേവ് അവര്‍ നണ്‍സ്, ബ്രിങ് ഫ്രാങ്കോ ഡൗണ്‍ എന്നീ ഹാഷ്ടാഗുകളിലായി മലയാളികള്‍ പ്രതിഷേധമറിക്കുന്നു.

രൂക്ഷമായ വിമര്‍ശനം നടത്തി ബിഷപ്പിനെതിരെ നടപടിയെടുക്കാത്തതില്‍ മലയാളത്തിലുള്ള ചീത്തവിളികളും കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ചുള്ള ഇംഗ്ലീഷ് ന്യൂസ് ലിങ്കുകളും പേജില്‍ നിറക്കുന്നുണ്ട്.


Read Also : സഭക്ക് ചൂഷണം ചെയ്യാന്‍വേണ്ടി മാത്രം ഉണ്ടാക്കിയെടുത്ത അടിമത്വ ഏര്‍പ്പാടാണ് കന്യാസ്ത്രീ


ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ നാടെങ്ങും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ പരാതി നല്‍കിയിട്ട് ഇന്നേക്ക് 77 ദിവസം പിന്നിടകയാണ്.

അതേസമയം കന്യാസ്ത്രീ തനിക്കെതിരെ പീഡനാരോപണം ഉന്നയിച്ചപ്പോള്‍ തന്നെ രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. എന്നാല്‍ സഹപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം തീരുമാനം മാറ്റുകയായിരുന്നെന്നും ബിഷപ്പ് പറഞ്ഞു.

“”ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജി ആലോചിച്ചതാണ്, ഇന്നാല്‍ പെട്ടന്ന് രാജിവെയ്ക്കുന്നത് തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്ന് സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചു. അവരുടെ നിര്‍ദേശാനുസരണമാണ് രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറിയത്”” ബിഷപ്പ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കവേ പറഞ്ഞു.


Read Also : സവര്‍ണ്ണ ക്രിസ്ത്യാനിക്ക് കുതിരകയറാനുള്ള ഇടമാകരുത്, അവര്‍ണ്ണ ക്രിസ്ത്യാനികളുടെ രൂപതകള്‍


സഭയെ എതിര്‍ക്കുന്നവരാണ് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ എന്നും ബിഷപ്പ് പറയുന്നുണ്ട്. മിഷണറീസ് ഓഫ് ജീസസ് സിസ്റ്റേഴ്സില്‍ കന്യാസ്ത്രീയ്ക്കൊപ്പം ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് പറഞ്ഞതിനെ തുടര്‍ന്ന് അവസാന അഭയമെന്ന നിലയില്‍ സമ്മര്‍ദ്ദ തന്ത്രവുമായി കന്യാസ്ത്രീകള്‍ ഇറങ്ങിയിരിക്കുകയാണ്.