|

ഒന്നും പറയേണ്ട രഞ്ജിനി; മലയാളികള്‍ ഇങ്ങനെയൊക്കെയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രിട്ടനിലെ പഠനകാലത്താണ് മറഡോണയെ കൂടുതല്‍ അറിഞ്ഞത്. എന്നാല്‍ സ്‌റ്റേജില്‍ കയറിയെത്തിയപ്പോഴാണ് മറഡോണയെ ആദ്യമായി കാണുന്നത്. ഡാന്‍സ് ചെയ്യുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഭാഷ ഒരു തടസമല്ലായിരുന്നു. മറഡോണയുടെ സ്‌നേഹവും അഭിനന്ദനവും ഞാന്‍ അനുഭവിച്ചറിഞ്ഞു.


I M Vijayan with Maradona

ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണ കേരളത്തിന്റെ മണ്ണില്‍ ആദ്യമായി കാലുകുത്തി. അത് വാര്‍ത്തയെന്നതിനപ്പുറം ഒരു സംഭവമാണ്. എന്നാല്‍ മറഡോണ വന്നതിനേക്കാളും വാര്‍ത്തയായത് മറ്റ് പലതുമാണ്. ഇന്ത്യയുടെ കറുത്തമുത്ത് ഐ.എം വിജയനൊപ്പം പന്ത് തട്ടിയതും ജ്വല്ലറി ഉദ്ഘാടനം ചെയ്തതും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. വലിയ പബ്ലിസിറ്റി ലഭിച്ചത് പരിപാടി അവതാരകയായ രഞ്ജിനി ഹരിദാസിന് മറഡോണ ഉമ്മ കൊടുത്തതും അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് നൃത്തം വെച്ചതുമാണ്.[]

യഥാര്‍ത്ഥത്തില്‍ അത് ഒരു വലിയ ചര്‍ച്ചയാക്കേണ്ടതുണ്ടോ അല്ലെങ്കില്‍ അതിനപ്പുറം വിവാദത്തിന്റെ ചുഴിയിലേക്ക് അതിനെ തള്ളിയിടേണ്ട കാര്യമുണ്ടോ.?

സ്‌റ്റേഡിയത്തിലെ പതിനായിരക്കണക്കിന് ആരാധകരെ കണ്ടിട്ടും യാതൊരു തലയെടുപ്പും കാണിക്കാതെ ആരാധകരുടെ സന്തോഷത്തില്‍ പങ്കുചേരുകയാണ് മറഡോണ ചെയ്തത്. ആരാധകര്‍ക്ക് മുന്നിലെത്തിയ മറഡോണ അവര്‍ക്കൊപ്പം നൃത്തം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. ഒരു അവതാരകയെന്ന നിലയില്‍ ഒരു പക്ഷേ ആര്‍ക്കും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ പരിപാടിയെ അനായാസമായി കൈകാര്യം ചെയ്യാനും രഞ്ജിനിക്കായി.

രഞ്ജിനി ഒരു അവതാരകയാണ് അഭിനേത്രിയാണ് അതിലുപരി ഒരു മോഡലും. അവര്‍ സാധാരണ ജനങ്ങള്‍ക്കുള്ള അതിതീവ്രവും അനാവശ്യവുമായ സദാചാര ബോധം അവര്‍ വച്ച് പുലര്‍ത്തുന്നില്ല. പാട്ടും ഡാന്‍സും ലാറ്റിനമേരിക്കന്‍ ജീവിതരീതിയാണ്. കോമ്പയര്‍ എന്ന രീതിയില്‍ രഞ്ജിനി അതില്‍ പങ്കു ചേര്‍ന്നെന്ന് മാത്രമേയുള്ളു. അവര്‍ അതാസ്വദിക്കുകയും ചെയ്തു. അവിടെ കാര്യങ്ങള്‍ അവസാനിക്കേണ്ടതാണ്. എന്നാല്‍ മലയാളികള്‍ക്ക് അത് സഹിക്കുന്നില്ല. മളയാളിമാന്യന്മാര്‍ ചൊറിച്ചില്‍ തീര്‍ക്കാന്‍ അവര്‍ക്ക് കഴിയാവുന്നത് പോലെ പ്രശ്‌നം വേണ്ടരീതിയിലൊക്കെ വഷളാക്കാന്‍ ശ്രമിക്കും.

മറഡോണയുടെ ചുവടിനൊപ്പം നൃത്തം ചവിട്ടാന്‍ വേദിയില്‍ ഒരു കുഞ്ഞുപോലും ഉണ്ടായിരുന്നില്ല. ഒരു പക്ഷേ രഞ്ജിനിയല്ല അവതാരകയെങ്കില്‍ വെറും കാഴ്ചക്കാരിയായ ഒരു അവതാരികയെ അവിടെ നമ്മള്‍ കാണേണ്ടിവരുമായിരുന്നു. രഞ്ജിനിയുടെ അസുലഭമായ സൗഭാഗ്യമെന്നതുപോലെ രഞ്ജിനി അവസരത്തെ ഉപയോഗപ്പെടുത്തിയെന്ന് വേണം പറയാന്‍.

പിറന്നാള്‍ കേക്ക് മുറിക്കലിന് മുന്നോടിയായി മറഡോണ രഞ്ജിനി ഹരിദാസിന് കവിള്‍ കാണിച്ചുകൊടുത്തു. അവര്‍ കവിളത്ത് ഉമ്മ നല്‍കി. തന്റെ മനസിലെ ആരാധനയും ബഹുമാനവും രഞ്ജിനി തുറന്ന് കാണിച്ചു.

എന്നാല്‍ മറഡോണ രഞ്ജിനി ഹരിദാസിനെ ഉമ്മ വെച്ചത് സോഷ്യന്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ വലിയ ചര്‍ച്ചയായി. എന്നാല്‍ മലയാളികള്‍ ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. മറഡോണയെപ്പോലൊരു വ്യക്തി സ്‌റ്റേജില്‍ ഒരു സ്ത്രീയോടൊപ്പം നൃത്തം ചെയ്താലോ അവള്‍ക്ക് ഉമ്മ നല്‍കിയാലോ ഇടിഞ്ഞുവീഴുന്നതാണോ നമ്മുടെ സദാചാരം?

രഞ്ജിനി ഹരിദാസിന്റെ മുഖം പോലും അദ്ദേഹം ഇപ്പോള്‍ ഓര്‍മ്മിക്കുന്നുണ്ടാവില്ല.. പക്ഷേ ഇവിടെ ചിലര്‍ ഇപ്പോഴും അതു തന്നെ ഓര്‍ത്തിരിയ്ക്കുന്നു. അത് മലയാളിയുടെ മാത്രം കുഴപ്പമാണ്. ഒരുതരം മാനസിക രോഗമാണത്.

എന്നാല്‍ ഇതേക്കുറിച്ച് രഞ്ജിനി പറയുന്നത് ഇങ്ങനെയാണ്.. “ആദ്യ ചുംബനത്തില്‍ ഞാനൊന്നു പതറി. പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരമാണല്ലോ.. പിന്നെ വെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ പുള്ളിക്കാരന്‍ മറ്റൊരു ഭാഗത്തേക്ക് നടന്നുനീങ്ങുകയാണ്. നമുക്കങ്ങിനെ വിട്ടുകൊടുക്കാന്‍ പറ്റുമോ..? പിന്നാലെ പോയി കൈ അരക്കെട്ടില്‍ ചുറ്റിപിടിച്ചു തിരിച്ചൊരു ചുംബനം നല്‍കി… പുള്ളിക്കാരന്‍ അദ്ദേഹത്തിന്റെ നാട്ടിലെ രീതി കാണിച്ചപ്പോള്‍ എന്റെ രീതിയും കാണിച്ചു… അത്രതന്നെ..!”.

ഒപ്പം ചേര്‍ന്നു ചുവടുവച്ചപ്പോള്‍ പരിപാടിയൊന്ന് കൊഴുപ്പിക്കാമെന്നേ കരുതിയിരുന്നുള്ളൂ. എന്നാല്‍ മറഡോണ എന്നോടൊപ്പം ചേര്‍ന്നു. എന്റെ അരയില്‍ ചുറ്റി ഡാന്‍സ് ചെയ്തു. ഇതിനിടയിലാണ് ചുംബനവും സമ്മാനിച്ചത്… മറഡോണയ്ക്ക് ചുറ്റും ഒരു എനര്‍ജി പ്രവഹിക്കുന്നുണ്ട്. അത് ചുറ്റുമുള്ളവരിലേക്കും പടരും.

ബ്രിട്ടനിലെ പഠനകാലത്താണ് മറഡോണയെ കൂടുതല്‍ അറിഞ്ഞത്. എന്നാല്‍ സ്‌റ്റേജില്‍ കയറിയെത്തിയപ്പോഴാണ് മറഡോണയെ ആദ്യമായി കാണുന്നത്. ഡാന്‍സ് ചെയ്യുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഭാഷ ഒരു തടസമല്ലായിരുന്നു. മറഡോണയുടെ സ്‌നേഹവും അഭിനന്ദനവും ഞാന്‍ അനുഭവിച്ചറിഞ്ഞു.

ഈയൊരു രീതിയില്‍ വിഷയത്തെ സമീപിക്കുന്ന രഞ്ജിനി പോലും ഒരു പക്ഷേ ഇവിടുത്തെ സദാചാര മാന്യന്‍മാരെ ഒന്നു പുച്ഛിച്ചുപോകും. എന്തുതന്നെ ആയാലും മറഡോണ കേരളത്തില്‍ എത്തിയത് എന്തിനാണെന്നും അതിന് നിമിത്തമായത് ആരാണെന്നും കേരളക്കര ഓര്‍ത്തുകാണില്ല. ഇന്നിപ്പോള്‍ ഉദ്ഘാടനത്തിനായി വന്ന മറഡോണയേക്കാള്‍ പ്രശസ്തയായത് യഥാര്‍ത്ഥത്തില്‍ രജ്ഞിനി തന്നെയാണെന്ന് പറയാതെ വയ്യ.

വാല്‍ക്കഷണം: മറഡോണയുടെ വരവ് ആഘോഷമാക്കിയതിലൂടെ ചാനലുകളില്‍ വിജയദശമിയും എഴുത്തിനിരുത്തും ലൈവ് ആയില്ല. സാംസ്‌കാരിക-രാഷ്ട്രീയ എഴുത്താശാന്മാര്‍ ഇങ്ങനെ ഒരു പണി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

Video Stories