ജീവകാരുണ്യത്തിന്റെ വിപണനമൂല്യവും അമൃതാനന്ദമയിയും
Opinion
ജീവകാരുണ്യത്തിന്റെ വിപണനമൂല്യവും അമൃതാനന്ദമയിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th October 2012, 7:54 am

നവസമ്പന്നവര്‍ഗം തങ്ങളുടെ സാംസ്‌കാരികവും മൂല്യപരവും ധൈഷണികവുമായ അധമബോധത്തെ മറച്ചുവയ്ക്കുന്നതിന് കണ്ടെത്തിയ മാര്‍ഗങ്ങള്‍ ക്ഷേത്രദര്‍ശനം, മന്ത്രവാദ-പൂജാദികര്‍മങ്ങള്‍, സിദ്ധരെയും മതാചാര്യരെയും ആദരിക്കല്‍, പൊട്ടുതൊടല്‍, ഏലസുകളും ജപച്ചരടുകളും കെട്ടുക, ബ്രേയ്‌സ്‌ലെറ്റുകളും മോതിരങ്ങളും മാലകളും ധരിക്കുക, പുണ്യതീര്‍ഥാടനം തുടങ്ങിയവയാണ്.

ഭാഗം രണ്ട്‌


എസ്സേയ്‌സ് /ജെ. രഘു


നവസമ്പന്നരുടെ അപകര്‍ഷത

J Raghuമലയാളികളില്‍ ഗണ്യമായൊരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ അമൃതാനന്ദമയിക്ക് കഴിയുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്നതിന് ഈ വിഭാഗത്തിന്റെ മനോനിലയെക്കുറിച്ച് പരിശോധിക്കേണ്ടതാവശ്യമാണ്. അമൃതാനന്ദമയിയുടെ ഭക്തരില്‍ ഭൂരിപക്ഷവും സവര്‍ണമധ്യവര്‍ഗങ്ങളാണ്. സമീപകാലത്ത് പണക്കാരായി മാറിയ ഈ വിഭാഗം പക്ഷെ, ആനുപാതികമായ മൂല്യസംസ്‌കാരികപരിവര്‍ത്തനത്തിലൂടെ കടന്നുപോയിട്ടില്ല.

കഴിഞ്ഞ മൂന്നു നാലു ദശകങ്ങള്‍ക്കുള്ളില്‍ കേരളത്തിലുണ്ടായ സാമ്പത്തികാഭിവൃദ്ധി ആന്തരികമായ പരിവര്‍ത്തനങ്ങളുടെ ഫലമായിരുന്നില്ല. ഗള്‍ഫ് നിക്ഷേപവും നാണ്യവിളകളുടെ വിലയിലുണ്ടായ വര്‍ധനവും ആഗോളവത്കരണം സൃഷ്ടിച്ച സാധ്യതകളും ദല്ലാള്‍-മാഫിയ പ്രവര്‍ത്തനങ്ങളും മൂല്യശുഷ്‌കരും ചിന്താശൂന്യരുമായ പണക്കാരുടെ പുതിയൊരു വിഭാഗത്തിനു ജന്മം നല്‍കുകയുണ്ടായി.[]

മൂല്യപരവും സാംസ്‌കാരികവും സൗന്ദര്യപരവുമായ ഭാവുകത്വപരിണാമങ്ങളിലൂടെയൊന്നും കടന്നുപോകാതെതന്നെ ഇവരുടെ ഭൗതികജീവിതത്തില്‍ അഭൂതപൂര്‍വമായ മാറ്റങ്ങളുണ്ടായി. ഈ നവസമ്പന്നവര്‍ഗം തങ്ങളുടെ സാംസ്‌കാരികവും മൂല്യപരവും ധൈഷണികവുമായ അധമബോധത്തെ മറച്ചുവയ്ക്കുന്നതിന് കണ്ടെത്തിയ മാര്‍ഗങ്ങള്‍ ക്ഷേത്രദര്‍ശനം, മന്ത്രവാദ-പൂജാദികര്‍മങ്ങള്‍, സിദ്ധരെയും മതാചാര്യരെയും ആദരിക്കല്‍, പൊട്ടുതൊടല്‍, ഏലസുകളും ജപച്ചരടുകളും കെട്ടുക, ബ്രേയ്‌സ്‌ലെറ്റുകളും മോതിരങ്ങളും മാലകളും ധരിക്കുക, പുണ്യതീര്‍ഥാടനം തുടങ്ങിയവയാണ്.

ഇത്തരം പ്രവൃത്തികളിലൂടെ ഇവര്‍ സ്വന്തം സമ്പന്നതയുടെ ആന്തരികമായ ക്ഷുദ്രതയേയും ജ്ഞാനശൂന്യതയെയും പുണ്യവത്കരിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ആധുനികോത്തരമായ സമ്പന്നതയ്‌ക്കൊപ്പം വിശുദ്ധവത്കരിക്കപ്പെട്ട സാംസ്‌കാരികപകര്‍ഷതയും വളരുകയാണുണ്ടായത്. ആന്തരികമായ അധമത്വങ്ങള്‍ക്ക്, നിസ്സാരതകള്‍ക്ക്, ധിഷണാശൂന്യതയ്ക്ക്, മൂല്യശുഷ്‌കതയ്ക്ക് ഈ പണക്കാര്‍ ആത്മീയ പരിവേഷം നല്‍കി. എന്നാല്‍ ഈ ആത്മീയ പരിവേഷത്തിനു മനശാസ്ത്രപരമായ പ്രഭാവമുണ്ടാകണമെങ്കില്‍ അത് ഏതെങ്കിലുമൊരു വ്യക്തിയിലൂടെ മൂര്‍ത്തരൂപം ആര്‍ജിക്കേണ്ടതുണ്ട്.

ഇത്തരമൊരു ചരിത്രസന്ധിയാണ് അമൃതാനന്ദമയിയെ സാധ്യമാക്കിയത്. ഇവര്‍ക്ക് വിദ്യാഭ്യാസമില്ല, പാണ്ഡിത്യമില്ല, മൂല്യശിക്ഷണമില്ല, ഉയര്‍ന്ന ചിന്താശക്തിയില്ല, സൗന്ദര്യമില്ല. നവസമ്പന്നവര്‍ഗത്തിന്റെ ആന്തരികവ്യക്തിത്വത്തിന്റെ എല്ലാ ലക്ഷണങ്ങളുടെയും ആള്‍രൂപമായി മാറാന്‍ അമൃതാനന്ദമയിയ്ക്കുകഴിഞ്ഞു. ഭക്തി-ഭജനഗാനാലാപനോന്മാദം ഇവരുടെ ആത്മീയമായ ആകര്‍ഷണീയത വര്‍ധിപ്പിക്കുകയും ചെയ്തു. പ്രാദേശികമായി ആവിര്‍ഭവിച്ച ഈ പ്രതിഭാസത്തെ അമൃതാനന്ദമയിയായും അമ്മയായും വളര്‍ത്തിയെടുക്കുന്നതില്‍ കേരളത്തിലെ മാധ്യമ മീഡിയോക്രിറ്റി വഹിച്ച പങ്ക് നിസ്സാരമല്ല.

ശുഭ്രവസ്ത്രധാരിയായ ഈ അമ്മ ഓരോ ഭക്തന്റെയും ഭക്തയുടെയും അധമമായ ആന്തരികതയെ ആശ്ലേഷത്തിലൂടെ വാത്സല്യപൂര്‍വം ആത്മീയവത്കരിക്കുന്നു. തങ്ങളുടെ ആന്തരിക ക്ഷുദ്രതയെക്കുറിച്ചുള്ള അപകര്‍ഷബോധത്തില്‍നിന്ന് ഭക്തര്‍ക്ക് ആശ്ലേഷ നിമിഷങ്ങളിലെങ്കിലും ശാന്തി ലഭിക്കുന്നു. കേരളത്തിലെ പുത്തന്‍പണക്കാരുടെ ആന്തരികമായ അപകര്‍ഷതയുടെ മൂര്‍ത്തീരൂപമാണ് അമൃതാനന്ദമയി.

ഈ പുത്തന്‍പണക്കാര്‍ക്ക് തങ്ങളുടെ ആന്തരികാപകര്‍ഷതയെ സ്വയം ആശ്ലേഷിക്കാനുള്ള മനശാസ്ത്രപരമായ വാഞ്ചയുണ്ടാവും. പക്ഷെ, സ്വയം ആശ്ലേഷിക്കുക അസാധ്യവുമാണ്. അതിനാല്‍ ഇവര്‍ സ്വന്തം ആന്തരികാധമത്വത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന ഒരു ശുഷ്‌കവ്യക്തിത്വത്തെ തേടുന്നു. അമൃതാനന്ദമയിയുടെ ആശ്ലേഷം അവര്‍ക്ക് ആത്മാശ്ലേഷത്തിന്റെ മനോവിശ്രാന്തി നല്കുന്നു. പ്രബുദ്ധമായ സമൂഹത്തിനുമുന്നില്‍ ആത്മ സങ്കോചം മാത്രം അനുഭവിക്കുന്ന ഇവരെ “മോനെ മോളെ” വിളികള്‍ കൊണ്ട് അമൃതാനന്ദമയി സാന്ത്വനിപ്പിക്കുകയും ചെയ്യുന്നു.

ശരാശരി മലയാളികള്‍ അവികസിത മനസ്സിനെ വഹിക്കുന്ന ആധുനിക ശരീരങ്ങളാണ്. ആധുനിക ശാസ്ത്രീയ-സാങ്കേതിക വൈദഗ്ധ്യത്തിന്റെ പ്രത്യേകത അതിനാധാരമായ ശാസ്ത്രീയ മനസ്സില്‍നിന്ന് അതിനു സ്വതന്ത്രമായി നില്‍ക്കാന്‍ കഴിയുന്നു എന്നതാണ്. ശാസ്ത്രീയമനോഘടന ആര്‍ജിച്ചിട്ടില്ലാത്ത അവികസിത മനസ്സിന്റെ ഉടമകള്‍ക്കും ശാസ്ത്രീയ വൈദഗ്ധ്യം സ്വായത്തമാക്കാനും പ്രയോഗിക്കാനും കഴിയുന്നത് അതുകൊണ്ടാണ്. തേങ്ങയുടച്ച് റോക്കറ്റ് വിക്ഷേപിക്കുന്ന ബഹിരാകാശ സാങ്കേതിക വിദഗ്ധനും എല്ലാം ദൈവത്തിന്റെ കൈയിലാണെന്ന് ആശ്വസിപ്പിക്കുന്ന ന്യൂറോളജിസ്റ്റും പ്രതീകവത്കരിക്കുന്നത് ആധുനിക ശരീരവും അവികസിത മനസ്സുമായി ജീവിക്കുന്ന മലയാളിയുടെ വൈപരീത്യത്തെയാണ്.

ആധുനിക ശാസ്ത്രീയ മനസ്സിനെ നിരാകരിക്കുകയും ആധുനികസാങ്കേതികതയെ സ്വീകരിക്കുകയും ചെയ്യുന്നു എന്നതാണ് മലയാളിയുടെ പ്രത്യേകത. അന്ധവിശ്വാസങ്ങളിലും ജാതകപ്പൊരുത്ത-ദോഷങ്ങളിലും പൊങ്കാലയിലും രോഗശാന്തിശുശ്രൂഷയിലും തിരുമുടിയിലും ഹജ്ജ് തീര്‍ഥാടനത്തിലും അമൃതാനന്ദമയ ഭക്തിയിലും ആരാധനാലയ നിര്‍മാണത്തിലും ആമഗ്നരായ മലയാളിയുടെ അവികസിത മനസ്സിന്, ആധുനികത ഒരു ഉപഭോഗ വസ്തുമാത്രമാണ്.ആധുനികതയെ ഒരു ചിന്താരീതിയായും സാംസ്‌കാരികമൂല്യവ്യവസ്ഥയായും അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന മലയാളികള്‍ക്ക് അതിന്റെ ഭൗതിക പ്രയോജനത്തെ ആശ്ലേഷിക്കാന്‍ യാതൊരു മടിയുമില്ല.

കേരളം ഒരു ആധുനിക സമൂഹമാണ് എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കേണ്ടത് പിരമിതമായ ആധുനിക ഭൗതികസമൂഹം എന്നു മാത്രമാണ്. ചിന്താപരമായി കേരളത്തെ ഒരു ആധുനികസമൂഹം എന്നു വിശേഷിപ്പിക്കാനാവില്ല. മാനസികമായ അവികസിതാവസ്ഥയും ആധുനികമായ ഉപഭോഗവും തമ്മിലുള്ള വിടവ് സൃഷ്ടിക്കുന്ന അഗാധമായ അരക്ഷിതത്വത്തിന്റെ, ഭയത്തിന്റെ, അപകര്‍ഷതയുടെ, സൃഷ്ടിയാണ് പെരുകിക്കൊണ്ടിരിക്കുന്ന മതാത്മകത. ഇന്നു കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഭക്തി-ആത്മീയതാ പ്രകടനങ്ങള്‍ ഒരുതരം “സ്‌കൈസോയ്ഡ്” പ്രവണതകളുടെ ബാഹ്യപ്രകാശനങ്ങളാണ്.

അമൃതാനന്ദമയിയെപ്പോലുള്ളവരുടെ നവയുഗ ആത്മീയതയ്ക്ക് മതാത്മകമല്ലാത്ത പ്രതിച്ഛായ ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അത് ഈ അവികസിത മനസ്സിന്റെ സൃഷ്ടി തന്നെയാണ്. ഉന്നത സാങ്കേതിക വിദഗ്ധരും ന്യായാധിപന്മാരും രാഷ്ട്രീയനേതാക്കളും അമൃതാനന്ദമയിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനു കാരണം അവരുടെ മാനസികമായ അവികസിതാവസ്ഥയാണ്. ആശ്ലേഷത്തിലൂടെ പരിലാളനതയിലൂടെ ഈ അവികസിതാവസ്ഥയെ പുണ്യവത്കരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന ധര്‍മമാണ് അമൃതാനന്ദമയി നിര്‍വഹിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു

സാമ്പത്തികരംഗത്ത് നിക്ഷേപം നടത്തുകയും ലാഭകരവും കാര്യക്ഷമവുമായ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നവരെയാണ് പ്രൊഫഷണല്‍ സംരംഭകര്‍ എന്നു പറയുന്നത്. തന്റെ ആത്മീയ പ്രതിച്ഛായയെ മൂലധനമാക്കിക്കൊണ്ട് ഒരു പ്രൊഫഷണല്‍ ആത്മീയസംരംഭകയായി മാറാന്‍ കഴിഞ്ഞു എന്നതാണ് അമൃതാനന്ദമയിയുടെ വിജയം.

 

ആത്മീയ സംരംഭകത്വം

അമൃതാനന്ദമയിയെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം ഇവരുടെ “ആത്മീയസംരംഭകത്വം”  (Spirituopreneurship) ആണ്. ഉത്തരാധുനിക പ്രചരണോപാധികളുടെ വിന്യാസം, ഗംഭീരമായ ആഘോഷപരത, ദേശീയവും അന്തര്‍ദേശീയവുമായ പ്രശസ്തരുടെ സാന്നിധ്യം, വിദേശത്തെ ഭക്തജനസമ്പര്‍ക്കപരിപാടികളെക്കുറിച്ചുള്ള പെരുപ്പിച്ച ആഭ്യന്തരപ്രചാരണം എന്നീ മാര്‍ഗങ്ങളിലൂടെയാണ് അമൃതാനന്ദമയി കേരളത്തില്‍ സ്വയം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ വ്യവസായ-വിദ്യാഭ്യാസ-ആശുപത്രികള്‍ അടങ്ങുന്ന അതിബൃഹത്തായ സാമ്പത്തിക സാമ്രാജ്യത്തിന്റെ സൃഷ്ടിയിലൂടെ അമൃതാനന്ദമയി, പരമ്പരാഗത ഹിന്ദു ആത്മീയതയില്‍ നിന്ന് സ്വയം വിച്ഛേദിക്കുകയും ചെയ്യുന്നു.

അമൃതാനന്ദമയി പ്രതിനിധാനം ചെയ്യുന്ന ഈ പ്രവണതയെ “ആത്മീയ സംരംഭകത്വ”മെന്നു നിര്‍വചിക്കാവുന്നതാണ്. സാമ്പത്തികരംഗത്ത് നിക്ഷേപം നടത്തുകയും ലാഭകരവും കാര്യക്ഷമവുമായ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നവരെയാണ് പ്രൊഫഷണല്‍ സംരംഭകര്‍ എന്നു പറയുന്നത്. തന്റെ ആത്മീയ പ്രതിച്ഛായയെ മൂലധനമാക്കിക്കൊണ്ട് ഒരു പ്രൊഫഷണല്‍ ആത്മീയസംരംഭകയായി മാറാന്‍ കഴിഞ്ഞു എന്നതാണ് അമൃതാനന്ദമയിയുടെ വിജയം.[]

പ്രാദേശികതാത്പര്യങ്ങള്‍ മാത്രമുള്ള സാധാരണ ആള്‍ദൈവങ്ങളില്‍നിന്നു വ്യത്യസ്തമാണ് ആത്മീയസംരംഭകര്‍. ആഗോളാടിസ്ഥാനത്തിലുള്ള ആത്മീയ വിപണിയിയെയാണ് ഇവര്‍ ഉന്നം വയ്ക്കുന്നത്. ആഗോളാത്മീയവിപണിയുടെ അഭിരുചികള്‍, പ്രവണതകള്‍, താത്പര്യങ്ങള്‍ എന്നിവയെ സമര്‍ഥമായി ചൂഷണം ചെയ്യാനും സ്വയം ഒരു ഉത്പന്നമായി മാറാനുമുള്ള ശേഷിയാണ് ആത്മീയ സംരംഭകത്വത്തിന്റെ പ്രത്യേകത.

ആത്മീയത ഒരു ചരക്കായി മാറുമ്പോള്‍ സാധാരണ ചരക്കുകളുടെ പരസ്യവിപണന തന്ത്രങ്ങള്‍ അപര്യാപ്തമാകുന്നു. ആത്മീയ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍, അഭിരുചികള്‍, ശീലങ്ങള്‍, പദവിമോഹങ്ങള്‍, സങ്കടങ്ങള്‍, സംത്രാസങ്ങള്‍, സംഘര്‍ഷങ്ങള്‍, എന്നിവയെ പുനര്‍നിര്‍വചിക്കുകയും തന്റെ ആത്മീയ ബ്രാന്‍ഡിന്റെ ചോദനം വര്‍ധിപ്പിക്കുന്ന തരത്തില്‍ അവയെ പുനര്‍വ്യനിസിക്കുകയും ചെയ്തുകൊണ്ടാണ് അമൃതാനന്ദമയി കേരളത്തിലെ ആത്മീയതാ സൂപ്പര്‍മാര്‍ക്കറ്റിലെ “ലീഡര്‍” ആയി മാറിയത്.

പരമ്പരാഗത സാമ്പത്തിക വിപണിയുടെ പ്രത്യേകത അതിന്റെ പരോക്ഷതയും അപരിചിതത്വവും ഇന്റിമസിയുടെ അഭാവവുമാണ്. ഉത്പാദകന് ഓരോ ഉപഭോക്താവുമായും നേരിട്ട് ഇടപെടാന്‍ കഴിയില്ല. ഉത്പാദകനും ഉപഭോക്താവും തമ്മിലുള്ള ബന്ധം പരോക്ഷവും അപരിചതവും ഔപചാരികവുമാണ്. അതുകൊണ്ടാണ്, ക്ലാസിക്കല്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ കമ്പോളശക്തികളെ, “അദൃശ്യകര”ങ്ങള്‍ എന്നു വിശേഷിപ്പിച്ചത്. എന്നാല്‍, ആത്മീയ വിപണിയില്‍ ഉല്പാദകനും ഉപഭോക്താവിനും വേറിട്ടുനില്ക്കാനാവില്ല. കാരണം, ആത്മീയതാ വിപണിയിലെ ഉത്പന്നം ഉത്പാദകന്‍ തന്നെയാണ്. ഉത്പാദകന്‍ സ്വയം ഉത്പന്നമാകുന്നു എന്നതാണ് ആത്മീയതാവിപണിയെ പ്രത്യക്ഷവും ദൃശ്യവും ഹൃദയംഗമവുമാക്കുന്നത്.

ആശ്ലേഷത്തിന്റെ ആവിഷ്‌കാരത്തിലൂടെ തന്റെ ഉത്പന്നത്തെ അത്ഭുതകരമാംവിധം ഹൃദയംഗമവും പ്രത്യക്ഷവും ദൃശ്യവുമാക്കാന്‍ അമൃതാനന്ദമയിക്കു കഴിഞ്ഞു. ആത്മീയ ഉപഭോക്താക്കളെ ആശ്ലേഷിച്ച് അനുഗ്രഹിക്കുന്ന അമൃതാനന്ദമയി അവരെ പൂര്‍ണമായും ഭാരരഹിതരും ചിന്താമുക്തരുമാക്കുകയാണ് ചെയ്യുന്നത്. തന്റെ മനസ്സിന്റെ ഭാരം മുഴുവന്‍ ഇറക്കിവയ്ക്കുന്ന ആത്മീയ ഉപഭോക്താവ് അമൃതാനന്ദമയിക്ക് മുമ്പില്‍ വെറും നിസ്സാരനാകുന്നു. അമൃതാനന്ദമയിയുടെ ആത്മീയാധികാരത്തിന്റെ അടിത്തറ പണിതുയര്‍ത്തിയിരിക്കുന്നത് ഭക്തരുടെ ഈ നിസ്സാരതയിന്മേലാണ്.
അടുത്ത പേജില്‍ തുടരുന്നു

അമൃത മെഡിക്കല്‍ കോളജിലെ നഴ്‌സുമാരുടെ ന്യായമായ സമരത്തെ മാനേജ്‌മെന്റ് നേരിട്ടത് കയ്യേറ്റത്തിലൂടെയായിരുന്നു. കേരളത്തിലെ മിക്കവാറുമെല്ലാ ആശുപത്രികളും നഴ്‌സുമാരെ ക്രൂരമായി ചൂഷണം ചെയ്യുന്നു എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ അമൃത മെഡിക്കല്‍ കോളജിന്റെ ജീവകാരുണ്യ പ്രതിച്ഛായ ചൂഷണത്തെ പ്രച്ഛന്നമാക്കാന്‍ സഹായിക്കുന്നു.

 

ജീവകാരുണ്യത്തിന്റെ വിപണനമൂല്യം

അമൃതാനന്ദമയി എന്ന ആത്മീയ സംരംഭകയുടെ മറ്റൊരു വിജയരഹസ്യം അതിന്റെ ജീവകാരുണ്യ പരതയാണ്. ആത്മീയ സംരംഭകത്വത്തില്‍ വിപണിയുടെ സാധാരണനിയമങ്ങള്‍ ഫലപ്രദമാകാനിടയില്ല. അമൃതാനന്ദമയിയുടെ അധിപത്യത്തിലുള്ള വമ്പിച്ച സാമ്പത്തിക സാമ്രാജ്യത്തെ ഇതര സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നു ഭിന്നമാക്കുന്നത് ഈ ജീവകാരുണ്യപരതയാണ്. ഈ സാമ്പത്തിക സാമ്രാജ്യത്തിന്റെ വിശ്വാസ്യതയും സമ്മതിയും വര്‍ധിപ്പിക്കുക മാത്രമല്ല അതിന്റെ സാമ്പത്തിക കൊള്ളകള്‍ മറച്ചുവയ്ക്കാനും ജീവകാരുണ്യപരത സഹായിക്കുന്നു.

അമൃത മെഡിക്കല്‍ കോളജിലെ നഴ്‌സുമാരുടെ ന്യായമായ സമരത്തെ മാനേജ്‌മെന്റ് നേരിട്ടത് കയ്യേറ്റത്തിലൂടെയായിരുന്നു. കേരളത്തിലെ മിക്കവാറുമെല്ലാ ആശുപത്രികളും നഴ്‌സുമാരെ ക്രൂരമായി ചൂഷണം ചെയ്യുന്നു എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ അമൃത മെഡിക്കല്‍ കോളജിന്റെ ജീവകാരുണ്യ പ്രതിച്ഛായ ചൂഷണത്തെ പ്രച്ഛന്നമാക്കാന്‍ സഹായിക്കുന്നു.[]

വിദേശഫണ്ട് സമാഹരിക്കുന്നതിനുള്ള മാര്‍ഗം കൂടിയാണ് ജീവകാരുണ്യം. ഇങ്ങനെ ലഭിക്കുന്ന സംഭാവനയുടെ ഗണ്യമായൊരു ഭാഗവും വിനിയോഗിക്കുന്നത് വാണിജ്യ സംരംഭങ്ങള്‍ക്കാണ്. ജീവകാരുണ്യത്തെ ഏറ്റവും ലാഭകരമായ വിപണനതന്ത്രമാക്കാം എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് അമൃതാനന്ദമയി അധിപയായിട്ടുള്ള സാമ്പത്തിക സാമ്രാജ്യം.

ബ്രാന്‍ഡിങ്ങിന്റെ ചരിത്രത്തിലെ മൂന്നു ഘട്ടങ്ങളെക്കുറിച്ച് ജോണ്‍ ഗ്രാന്‍ഡ് ചര്‍ച്ച ചെയ്യുന്നുണ്ട്. ഒന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ആവിര്‍ഭവിച്ച “ട്രേഡ്മാര്‍ക്ക്”, ഉത്പന്നത്തിന്റെ ഗുണം, വിശ്വാസ്യത, സുരക്ഷിതത്വം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. രണ്ട്, തൃഷ്ണയുടെ ഘട്ടം: 1930-കള്‍ മുതല്‍ 1950-കള്‍ വരെയുള്ള ഘട്ടത്തിലെ ബ്രാന്‍ഡ് പ്രതിനിധീകരിച്ചത് സാമൂഹ്യമായ പദവികള്‍ക്കും അംഗീകാരത്തിനും വേണ്ടിയുള്ള ഉപഭോക്താവിന്റെ തൃഷ്ണയെയാണ്. മൂന്ന്, സമകാലീന ബ്രാന്‍ഡിങ്ങില്‍ ബ്രാന്‍ഡുകളും സംസ്‌കാരവും തമ്മിലുണ്ടായിരുന്ന അതിര്‍ത്തികള്‍ അപ്രത്യക്ഷമാകുന്നു. ബ്രാന്‍ഡുകള്‍ പാരമ്പര്യങ്ങളായിമാറുന്ന സമകാലീന ബ്രാന്‍ഡിങ്ങിനെ ജോണ്‍ ഗ്രാന്‍ഡ് “ആന്തരികാശയങ്ങളുടെ ഘട്ടം” (age of inward ideas) എന്ന് നിര്‍വചിക്കുന്നു.

സമകാലികമധ്യവര്‍ഗങ്ങള്‍ “പാരമ്പര്യ”ത്തെ പുതുമയായി കൊണ്ടാടുകയാണ്. മധ്യവര്‍ഗ ഉപഭോക്താക്കളുടെ ഈ പാരമ്പര്യദാഹത്തെയാണ് ഇന്നത്തെ ബ്രാന്‍ഡിങ് പ്രതിനിധീകരിക്കുന്നത്. ഒരു ഉല്പന്നത്തിന്റെ കമ്പോളമൂല്യത്തെ നിര്‍ണയിക്കുന്നത് അതിന്റെ ഭൗതികമായ ഉപയോഗക്ഷമത മാത്രമല്ല അത് പാരമ്പര്യമൂല്യങ്ങളെ എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു. ഒരു ഉത്പന്നം അഥവാ “ആശയം” അഥവാ മൂല്യം എത്രത്തോളം “മിത്തോളജൈസ്” ചെയ്യപ്പെടുന്നു, പാരമ്പര്യവത്കരിക്കപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അതിന്റെ നവീനത നിര്‍ണയിക്കപ്പെടുന്നത്.

പഴമയേയും പാരമ്പര്യത്തേയും “പുതുമ”യായി ആഘോഷിക്കുന്ന സമകാലിക മധ്യവര്‍ഗങ്ങളെ ആകര്‍ഷിക്കണമെങ്കില്‍ ബ്രാന്‍ഡുകള്‍ മിത്തോളജൈസ് ചെയ്യപ്പെടണം. ആത്മീയതയുടെ ആഗോളസൂപ്പര്‍മാര്‍ക്കറ്റില്‍ ഏറ്റവും വിപണിമൂല്യമുള്ള ആത്മീയ ബ്രാന്‍ഡുകള്‍ ഏഷ്യന്‍ മിസ്റ്റിസിസമാണ്. താവോയും സെന്‍ബുദ്ധിസവും യോഗയും ഭജനയുമൊക്കെ ആത്മീയതാവിപണിയില്‍ വളരെയേറെ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകളാണ്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ആശ്ലേഷത്തിന്റെ ഹൃദയംഗമത്വവുമായി അവതരിച്ച “ആശ്ലേഷിക്കുന്ന വിശുദ്ധ”യ്ക്ക് ഈ സൂപ്പര്‍മാര്‍ക്കറ്റിലെ സൂപ്പര്‍ ബ്രാന്‍ഡായി മാറാന്‍ കഴിഞ്ഞത്.
അടുത്ത പേജില്‍ തുടരുന്നു

ആത്മസാന്ത്വനമന്വേഷിക്കുന്ന ഏകാന്തവ്യക്തികളുടെ വലിയ ആള്‍ക്കൂട്ടങ്ങളുടെ  സാന്നിധ്യമാണ് ആള്‍ദൈവങ്ങളെ ആത്മീയ വിപണിയില്‍ പൊലിപ്പിച്ചുനിര്‍ത്തുന്നത്. വ്യക്തികളെ സമൂഹത്തില്‍ നിന്ന് അടര്‍ത്തിമാറ്റുക മാത്രമല്ല അത്തരം വ്യക്തികളെ തങ്ങളുടെ ആശ്രമങ്ങളില്‍ ഒന്നിച്ചണിനിരത്താനും ഇത്തരം ആള്‍ദൈവങ്ങള്‍ക്കു കഴിയുന്നു. അതുകൊണ്ടാണ് ഈ ആശ്രമങ്ങള്‍ സ്വകാര്യപൊതുസ്ഥലത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നത്.

 

സ്വകാര്യ പൊതുസ്ഥലങ്ങള്‍

സാമൂഹ്യനിരപേക്ഷ വ്യക്തികളുടെ സ്വകാര്യദുഃഖങ്ങളെ സ്വകാര്യമായി അഭിസംബോധന ചെയ്യുന്ന പുതിയ ആള്‍ദൈവങ്ങള്‍ സാമൂഹ്യതയെ സ്വകാര്യവത്കരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവരുടെ ആശ്രമങ്ങളും യോഗ-ധ്യാന-ഭജനകേന്ദ്രങ്ങളും ഇത്തരം വ്യക്തികളുടെ വലിയ ആള്‍ക്കൂട്ടങ്ങളായും മാറുന്നു. അമൃതാനന്ദമയിയുടെ ആശ്ലേഷത്തിനായി ആയിരങ്ങളാണ് തിക്കിത്തിരക്കുന്നത്. ഈ ആശ്രമങ്ങളിലെ ജനക്കൂട്ടങ്ങളെ “സ്വകാര്യപൊതുസ്ഥലം” (private-public) എന്നു നിര്‍വചിക്കാം.

ആത്മസാന്ത്വനമന്വേഷിക്കുന്ന ഏകാന്തവ്യക്തികളുടെ വലിയ ആള്‍ക്കൂട്ടങ്ങളുടെ  സാന്നിധ്യമാണ് ആള്‍ദൈവങ്ങളെ ആത്മീയ വിപണിയില്‍ പൊലിപ്പിച്ചുനിര്‍ത്തുന്നത്. വ്യക്തികളെ സമൂഹത്തില്‍ നിന്ന് അടര്‍ത്തിമാറ്റുക മാത്രമല്ല അത്തരം വ്യക്തികളെ തങ്ങളുടെ ആശ്രമങ്ങളില്‍ ഒന്നിച്ചണിനിരത്താനും ഇത്തരം ആള്‍ദൈവങ്ങള്‍ക്കു കഴിയുന്നു. അതുകൊണ്ടാണ് ഈ ആശ്രമങ്ങള്‍ സ്വകാര്യപൊതുസ്ഥലത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നത്. പ്രാര്‍ഥനാ യോഗങ്ങള്‍, ഭജനകള്‍, സത്സംഗങ്ങള്‍, യോഗ-ധ്യാനപ്പന്തലുകള്‍ തുടങ്ങിയവയാണ് ആത്മീയതയുടെ പുതിയ സ്വകാര്യ പൊതുവിടങ്ങള്‍.[]

സ്വന്തം സ്വകാര്യദുഃഖങ്ങളുടെ പരിഹാരമന്വേഷിച്ചും സാന്ത്വനാഭയങ്ങള്‍ തേടിയുമെത്തുന്ന ഭക്തര്‍ ഒന്നിച്ചുചേരുന്ന ഇത്തരം ഗുരുസന്നിധികള്‍ ബാഹ്യമായി പൊതുവിടത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നുവെങ്കിലും അവ അങ്ങേയറ്റം സ്വകാര്യവും അന്തര്‍മുഖവുമാണ്. ആയിരക്കണക്കിനാളുകളെ ഒന്നിച്ചുചേര്‍ക്കുന്ന ഇത്തരം സ്വകാര്യപൊതുവിടങ്ങള്‍ യഥാര്‍ഥത്തില്‍ നമ്മുടെ സാമൂഹ്യജീവിതത്തിന്റെ പൊതുമണ്ഡലസ്വഭാവത്തെയും തുറസ്സിനെയുമാണ് പരിമിതപ്പെടുത്തുന്നത്. സത്സംഗങ്ങളും ആശ്ലേഷപ്പുരകളും വര്‍ധിക്കുന്നതനുസരിച്ച് ആരോഗ്യകരമായ സാമൂഹ്യജീവിതത്തെ സാധ്യമാക്കുന്ന പൊതുമണ്ഡലത്തിനും പൊതു-രാഷ്ട്രീയവ്യവഹാരത്തിനും നിലനില്‍ക്കാന്‍ കഴിയാതെവരുന്നു. അതിനാല്‍ അമൃതാനന്ദമയി എന്ന ആത്മീയപൈങ്കിളി നമ്മുടെ പൊതുമണ്ഡലത്തില്‍ സൃഷ്ടിക്കുന്ന പ്രഭാവം ദൂരവ്യാപകവും നിഷേധാത്മകവുമാണ്.

നവയുഗ ആത്മീയതാ വ്യവഹാരം വ്യക്തികളുടെ ബാഹ്യ-സാമൂഹ്യ സ്വത്വത്തെയും ആന്തരികത്തെയും വിഭജിക്കുന്നു. സാമൂഹ്യജീവിത്തിന്റെ കളങ്കമേല്‍ക്കാത്ത ആധികാരികസ്വത്വം ഒരുവന്റെ ഉള്ളിലാണെന്ന് ഈ വ്യവഹാരം പറയുന്നു. അതിനാല്‍ തന്റെ ഉള്ളിലേക്ക് നോക്കാന്‍ തന്റെ ആന്തരികമായ അഗാധതകളില്‍ അഭിരമിക്കാന്‍ ഇവര്‍ ആഹ്വാനം ചെയ്യുന്നു. ആധികാരികസ്വത്വം സാമൂഹ്യനിരപേക്ഷമായ ഒരു സ്വകാര്യതയാണെന്നു സിദ്ധാന്തിക്കുന്ന ഈ വ്യവഹാരം ആത്മാന്വേഷണത്തിന്റെ ആത്മ-ജ്ഞാനത്തിന്റെ നവയുഗവ്യവഹാരമാകുന്നു.

സ്വയം അറിയുക അല്ലെങ്കില്‍ അത്മജ്ഞാനം ആര്‍ജിക്കുക എന്നതിന്റെ വിവക്ഷ ആത്മജ്ഞാനത്തിനുള്ള പലതരം വ്യവഹാരങ്ങള്‍ക്കും സ്വത്വസാങ്കേതിക വിദ്യകള്‍ക്കും സ്വയം വിധേയമാവുക എന്നതാണ്. ആത്മജ്ഞാനം അന്വേഷിക്കുന്ന വ്യക്തി ഒരു പുതിയ കര്‍ത്താവ് ആയി മാറുന്നു. “ജ്ഞാനത്തിനു പാത്രമാകേണ്ട ഒരു “ഞാന്‍” ഉണ്ട് എന്ന ധാരണ” അഥവാ പലതരം സാങ്കേതികവിദ്യകളിലൂടെ അറിയേണ്ടതായ ഒരു “സ്വത്വം” തനിക്കതീതമായി നിലനില്‍ക്കുന്നു എന്ന വിശ്വാസത്തെ പൂര്‍വകല്പന ചെയ്തുകൊണ്ടല്ലാതെ ആത്മജ്ഞാനം സാധ്യമല്ല.

ആത്മജ്ഞാനപദ്ധതികളിലെ “ആത്മം” അഥവാ “ഞാന്‍” സമൂഹചരിത്ര നിരപേക്ഷമായ ഒരു നിഗൂഢസ്വത്വമാണ്. സാമൂഹ്യജീവിതപരിണാമപ്രക്രിയകളിലൂടെ രൂപം കൊള്ളുന്നതും നിരന്തരം പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്നതുമായ വ്യക്തിബോധത്തിന് സാമൂഹ്യനിരപേക്ഷമായ അസ്തിത്വമില്ല. അങ്ങനെയുണ്ടെന്ന സങ്കല്പമാണ് സാമൂഹ്യനിരപേക്ഷമായ വൈയക്തികതയുടെ കാല്പനികവും അയഥാര്‍ഥവുമായ സ്ഥലങ്ങളെ സാധ്യമാക്കുന്നത്. ഇത്തരം കാല്പനിക മസൃണതകളിലാണ് അമൃതാനന്ദമയിമാര്‍ തഴച്ചുവളരുന്നത്.

തന്റെ ഉള്ളില്‍ ആധികാരിക സ്വത്വത്തെയും ആനന്ദത്തെയും അന്വേഷിക്കുന്നവര്‍ തനിക്കു വെളിയിലുള്ള സമൂഹത്തെ അനധികൃതവും ആനന്ദരഹിതവുമെന്നു വിചാരിക്കുന്നു. ആത്മീയഗുരുക്കളുടെ സന്നിധിയില്‍ സ്വത്വത്തെ അഥവാ ആത്മത്തെ വിശുദ്ധീകരിക്കുമ്പോള്‍ തനിക്കു ചുറ്റുമുള്ള സമൂഹത്തെ അവിശുദ്ധീകരിക്കുകയോ പിശാചവത്കരിക്കുകയോ ചെയ്യുന്നു.

അമൃതാനന്ദമയിയുടെ ആശ്ലേഷത്തിനെത്തുന്ന പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ള ശിഷ്യസംഘം തങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ പിളര്‍പ്പ് അനുഭവിക്കുന്നവരാണ്.  ഔദ്യോഗിക തൊഴില്‍ ജീവിതത്തിന്റെ സമ്മര്‍ദങ്ങളും സ്വകാര്യ-കുടുംബജീവിതത്തിന്റെ സ്വാസ്ഥ്യവും തമ്മിലുള്ള പിളര്‍പ്പ്. ഔദ്യോഗിക ജീവിതത്തിന്റെ സാമ്പത്തിക നേട്ടങ്ങളെല്ലാം സ്വീകരിക്കുമ്പോള്‍ തന്നെ അത് സ്വകാര്യസ്വാസ്ഥ്യത്തെ അലങ്കോലപ്പെടുത്തുന്ന തിന്മയായി കാണാന്‍ ഇത്തരക്കാര്‍ നിര്‍ബന്ധിതരാവുന്നു. ഈ തിന്‍മയുടെ അധിനിവേശത്തെ പ്രതിരോധിക്കുന്ന “സ്വകാര്യത”യുടെ “ആത്മ”ത്തിന്റെ അശാന്തമായ അന്വേഷണമാണ് ഇവരെ അമൃതാനന്ദമയിയുടെ കരവലയത്തിലെത്തിക്കുന്നത്.

ആഗോളവത്കൃതമായ സാമൂഹ്യ-സാമ്പത്തിക സാങ്കേതിക-ജീവിതസാഹചര്യങ്ങള്‍ പരമ്പരാഗതമായ ജീവിതസങ്കല്പങ്ങളെയും അര്‍ഥ-മൂല്യസങ്കല്പങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ആധുനികതയെ പ്രയോജനവാദപരമായി സ്വീകരിച്ചിട്ടുള്ള കേരളം പോലെയുള്ള സമൂഹങ്ങള്‍ പുതിയ സാങ്കേതിക സൗകര്യങ്ങളെ ഒരു വശത്ത് സ്വീകരിക്കുകയും മറുവശത്ത് അതിന്റെ ആശയ-മൂല്യാടിസ്ഥാനങ്ങളെ നിരാകരിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ ബാഹ്യജീവിതം സാങ്കേതികസമൃദ്ധമാകുമ്പോള്‍തന്നെ, ആന്തരികജീവിതം പൂര്‍വാധികം പാരമ്പര്യബദ്ധവും അനുഷ്ഠാനജടിലവുമായിക്കൊണ്ടിരിക്കുന്നു.
അടുത്ത പേജില്‍ തുടരുന്നു

പരമ്പരാഗത ആരാധനാലയകേന്ദ്രങ്ങളിലെ പരമ്പരാഗതമായ ആചാരങ്ങളുടെ സ്ഥാനത്ത്, യോഗ-ധ്യാനം, ജീവനകല, സത്‌സംഗം, ആശ്ലേഷംപോലെയുള്ള വൈയക്തികാനുഷ്ഠാനുങ്ങള്‍ പ്രചാരം നേടി. ഒപ്പം, ഇത്തരം വൈയക്തികാനുഷ്ഠാനങ്ങളുടെ മാധ്യസ്ഥമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ “ആത്മീയപ്രഭാവം” ആര്‍ജിക്കുകയും ആത്മീയാന്വേഷകര്‍ക്ക് വിശുദ്ധസാമീപ്യമായി മാറുകയും ചെയ്തു. ഇതാണ് നവയുഗ ആത്മീയതാ പ്രസ്ഥാനത്തിന്റെ ചരിത്രപശ്ചാത്തലം.

 

“സന്ദിഗ്ദ്ധസ്വാതന്ത്ര്യ”ങ്ങളും ആത്മീയ വിപണിയും

പരമ്പരാഗത-സ്ഥാപനവത്കൃത മതങ്ങളില്‍ നിന്നു അകലം പാലിക്കുന്ന നവ ആത്മീയതാ പ്രസ്ഥാനങ്ങള്‍ പെരുകുന്ന കേരളത്തില്‍ തന്നെയാണ് ആരാധനാലയങ്ങളുടെയും അനുഷ്ഠാനപരതയുടെയും രാക്ഷസീയമായ വളര്‍ച്ച സംഭവിക്കുന്നത്. യൂറോപ്പിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. അവിടെ സ്ഥാപനവത്കൃത മതങ്ങളുടെ ആകര്‍ഷണീയത ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. അനവധി പളളികള്‍ അടഞ്ഞുകിടക്കുന്നു.

കേരളത്തിലാകട്ടെ, നിലവിലുള്ള ആരാധനാലയങ്ങള്‍ വലിയ സമുച്ഛയങ്ങളായി മാറുന്നു. പുതിയവ നിര്‍മിക്കപ്പെടുന്നു. ക്ഷയിച്ചവ പുനരുദ്ധരിക്കപ്പെടുന്നു. പ്രാകൃതവും വഴിമുടക്കികളുമായ ആചാരാനുഷ്ഠാനങ്ങള്‍ ലക്ഷങ്ങളെ ആകര്‍ഷിക്കുന്ന കാര്‍ണിവലുകളായി മാറുന്നു. സമീപകാല കേരളത്തില്‍ “പൊങ്കാല”യ്ക്കുണ്ടായ വ്യാപ്തിയും പ്രചാരവും അമ്പരപ്പിക്കുന്നതാണ്. തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തില്‍മാത്രം ഒതുങ്ങിനിന്ന പൊങ്കാല, ഇന്നൊരു അഖിലകേരള പ്രതിഭാസമായി മാറിയിരിക്കുന്നു.[]

അരനൂറ്റാണ്ടിനുമുമ്പ് പ്രാകൃതമെന്നും അപരിഷ്‌കൃതമെന്നും വിലയിരുത്തപ്പെട്ട പല ആചാരാനുഷ്ഠാനങ്ങളും “മാന്യത” കൈവരിക്കുകയും പുനരധിവസിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയില്‍ മലയാളികള്‍ക്കും തമിഴര്‍ക്കുമെതിരെ രൂപംകൊണ്ട ശിവസേന എന്ന ക്രിമിനല്‍ സംഘത്തിനുപോലും ഗണേശോത്സവത്തിന്റെ പേരില്‍ മാന്യത നല്‍കുന്ന ഒരു സമൂഹമായി കേരളം മാറിയിരിക്കുന്നു.

ഇത്തരം അനുഷ്ഠാനബാഹ്യതകളില്‍ പങ്കെടുക്കുന്നവര്‍തന്നെയാണ്, അമൃതാനന്ദമയിയുടെ സത്‌സംഗത്തിനുമെത്തുന്നതെന്നത് വിരോധാഭാസമായി തോന്നാം. എന്നാല്‍ ഏലസുകളും ജപച്ചരടുകളുമണിഞ്ഞ കൈകളിലുള്ളത് ഐപാഡും ബ്ലാക്ക്‌ബെറിയുമാണ്. ആഗോളാധുനികത ഒരു വശത്ത് ഭൗതികസമൃദ്ധികളെ സൃഷ്ടിക്കുമ്പോള്‍, മറുവശത്ത്, “സന്ദിഗ്ദ്ധമായ സ്വാതന്ത്ര്യ”ങ്ങളെ (precarious freedoms)ക്കൂടി ഉത്പാദിപ്പിക്കുന്നുവെന്ന് അള്‍റിച്ച് ബെക്കും എലിസബത്ത് ബക്കും നിരീക്ഷിക്കുന്നു.

സമകാലിക ലോകത്തിന്റെ സ്വാതന്ത്ര്യം അനിശ്ചിതവും അരക്ഷിതവുമാണ്. അതിനെ നേരിടാനുള്ള ഉത്തരവാദിത്വം ആര്‍ജിക്കുന്നതിനുപകരം അതിനെ അമൃതാനന്ദമയിയുടെ കാല്‍ക്കല്‍ അടിയറ വച്ച്, പകരം സാന്ത്വനം സ്വീകരിക്കുന്നവരാണ് അവരുടെ ഭക്തര്‍. ആധുനിക ഭൗതികസംസ്‌കാരത്തിന്റെ സമൃദ്ധിയിലേക്ക് സ്വയം എടുത്തെറിഞ്ഞ മലയാളികളെ, പക്ഷെ ആശയ സിദ്ധാന്ത-മൂല്യപാപ്പരത്തം വലിയ കുറ്റബോധത്തിലേക്കാണ് നയിച്ചത്.

ആധുനികതയുടെ മൂല്യ-ലോകബോധപരിചയമില്ലാതിരിക്കുകയും എന്നാല്‍ അതിന്റെ ഭൗതികസൗകര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുമ്പോഴുള്ള പിളര്‍പ്പ് സൃഷ്ടിക്കുന്ന കുറ്റബോധത്തിന്റെയും അപകര്‍ഷതയുടെയും പ്രകാശനങ്ങളാണ് ഇന്നു കേരളത്തില്‍ ആവിര്‍ഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ കുറ്റബോധാപകര്‍ഷതകളുടെ ബാഹ്യപ്രകാശനത്തെ പൊങ്കാലകളും ആന്തരികപ്രകാശനത്തെ അമൃതാനന്ദമയിയും പിടിച്ചെടുക്കുന്നു. അതുകൊണ്ടാണ്, യൂറോപ്പില്‍നിന്നു വ്യത്യസ്തമായി കേരളത്തില്‍ പരമ്പരാഗതമായ മതപരതയ്ക്കും നവയുഗ ആത്മീയതയ്ക്കും സഹവര്‍ത്തിക്കാന്‍ കഴിയുന്നത്.

സ്ഥാപനവത്കൃതമതങ്ങളുമായി മനുഷ്യര്‍ ബന്ധപ്പെട്ടിരുന്നത് രണ്ടു രീതിയിലായിരുന്നു. ഒന്ന് ഭൗതികക്ഷേമത്തിനുവേണ്ടി; രണ്ട് ലോകത്തിന്റെ അധിഷ്ഠാനവും നിയന്താവുമെന്നു സങ്കല്പിക്കുന്ന അനീതശക്തികളുമായുള്ള താദാത്മ്യത്തിന്റെ രൂപത്തില്‍. പള്ളിയിലും അമ്പലത്തിലും പോകുന്നവര്‍ മിക്കപ്പോഴും പ്രാര്‍ഥിക്കുന്നത് തന്റെയും കുടുംബത്തിന്റെയും ക്ഷേമൈശ്വര്യങ്ങള്‍ക്കു വേണ്ടിയാണ്.

ഭൗതികജീവിതത്തില്‍ മതത്തിനു നിര്‍ണായക സ്ഥാനമുണ്ടായിരുന്ന കാലഘട്ടത്തില്‍ ഒരു ക്ഷേമദാതാവിന്റെ ധര്‍മം നിര്‍വചിക്കാന്‍ മതസ്ഥാപനങ്ങള്‍ക്കു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ മതേതരത്വത്തിന്റയും ആധുനിക ഭരണകൂടങ്ങളുടെയും ആവിര്‍ഭാവത്തോടെ, മതത്തിന്റെ മധ്യസ്ഥത്തിലൂടെ നിര്‍വഹിക്കപ്പെട്ടിരുന്ന ക്ഷേമത്തിന്റെ നിര്‍വഹണം ഭരണകൂടസ്ഥാപനങ്ങളില്‍ നിക്ഷിപ്തമായി. ഇത് ഒരു “ക്ഷേമസ്ഥാപനം” എന്ന നിലയിലുള്ള മതത്തിന്റെ അസ്തിത്വത്തെ ഇത് ദുര്‍ബലമാക്കുകയുണ്ടായി.

സ്ഥാപനവത്കൃത മതങ്ങളോടുള്ള വിശ്വാസികളുടെ പരാശ്രയബന്ധത്തിന്റെ മേഖലയിലേക്ക് ഭരണകൂടം കടന്നുവന്നതോടെ, മതം ആത്മനിഷ്ഠതയുടെ സ്വകാര്യഭൂമികയിലേക്കു പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമായി. ഭൗതികനിഷ്ഠമായ ആവശ്യങ്ങള്‍ക്ക് മതത്തെ ആശ്രയിക്കേണ്ടതില്ലാത്ത സാഹചര്യത്തില്‍ ആത്മനിഷ്ഠതയുടെ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള ഉപാധിയായി മതത്തെ നിര്‍വചിക്കാന്‍ തുടങ്ങി.

വ്യക്തിനിഷ്ഠമായ ആത്മീയ പരിപാലനകേന്ദ്രങ്ങളെയും ആത്മീയപരിപാലകരെയും ആളുകള്‍ ആശ്രയിച്ചുതുടങ്ങി. പരമ്പരാഗത ആരാധനാലയകേന്ദ്രങ്ങളിലെ പരമ്പരാഗതമായ ആചാരങ്ങളുടെ സ്ഥാനത്ത്, യോഗ-ധ്യാനം, ജീവനകല, സത്‌സംഗം, ആശ്ലേഷംപോലെയുള്ള വൈയക്തികാനുഷ്ഠാനുങ്ങള്‍ പ്രചാരം നേടി. ഒപ്പം, ഇത്തരം വൈയക്തികാനുഷ്ഠാനങ്ങളുടെ മാധ്യസ്ഥമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ “ആത്മീയപ്രഭാവം” ആര്‍ജിക്കുകയും ആത്മീയാന്വേഷകര്‍ക്ക് വിശുദ്ധസാമീപ്യമായി മാറുകയും ചെയ്തു. ഇതാണ് നവയുഗ ആത്മീയതാ പ്രസ്ഥാനത്തിന്റെ ചരിത്രപശ്ചാത്തലം.

തുടരും…

11.   John Grant, The new Marketing Manifesto: The 12 Rules for Building Successful Brands in the 21st Centuary

12.   Ulrich Beck and Elizabeth Beck, Individualization: institutionalized individualism and its social and political consequences

മലയാളിയുടെ സാംസ്‌കാരിക അപകര്‍ഷതയും അമൃതാനന്ദമയിയും