| Monday, 11th November 2024, 9:40 am

മലയാളി എഴുത്തുകാര്‍ മദ്യപിച്ച് കുപ്പികള്‍ കാട്ടിലേക്ക് വലിച്ചെറിയുന്നവര്‍; വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി ജയമോഹന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാര്‍ജ: മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിയുമായി ബന്ധപ്പെട്ട് മലയാളി യുവാക്കളെ പെറുക്കി എന്ന് വിളിച്ച എഴുത്തുകാരന്‍ ബി. ജയമോഹന്‍ വീണ്ടും മലയാളികള്‍ക്കെതിരെ അധിക്ഷേപവുമായി രംഗത്ത്.

മലയാളി എഴുത്തുകാരും മദ്യപിച്ച് ബിയര്‍ കുപ്പികള്‍ കാട്ടിലേക്ക് വലിച്ചെറിയുന്നവരാണെന്നാണ് ജയന്‍മോഹന്റെ പുതിയ പരാമര്‍ശം. മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ട് മലയാളി യുവാക്കളെ പെറുക്കി എന്ന് വിളിച്ച സംഭവത്തെക്കുറിച്ച് ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രതികരിക്കുകയായിരുന്നു ജയമോഹന്‍.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നായകന്മാരെ ന്യായീകരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയിസെന്നും എന്നാല്‍ അതിനോട് ശക്തമായ വിയോജിപ്പാണ് തനിക്ക് ഉള്ളതെന്നും ജയമോഹന്‍ പറഞ്ഞു. മലയാളി എഴുത്തുകാരും ഇത്തരത്തില്‍ തമിഴ്‌നാട്ടിലെ കാട്ടിലേക്ക് മദ്യകുപ്പി വലിച്ചെറിയുന്നവരാണെന്നും ജയമോഹന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ സ്വത്വത്തെ വിമര്‍ശിക്കുമ്പോള്‍ പ്രകോപിതരാവുന്നവര്‍ നിലവാരമില്ലാത്തവരാണെന്നും തമിഴന്‍മാരെയും താന്‍ പല തവണ വിമര്‍ശിച്ചിട്ടുണ്ടെന്നും ജയ്‌മോഹന്‍ പറഞ്ഞു.

പെറുക്കി എന്ന വാക്ക് കൊണ്ട് താന്‍ ഉദ്ദേശിച്ചത് ഒരു സിസ്റ്റത്തിലും ഉള്‍ക്കൊള്ളാത്തയാള്‍ എന്നാണ്. ബോട്ടില്‍ വലിച്ചെറിയുന്ന വിഷയത്തെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും ആ പ്രവര്‍ത്തി മോശമാണെന്ന് കുറെ മലയാളികള്‍ മനസിലാക്കിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ജയമോഹന്‍ പ്രതികരിച്ചു.

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിന് പുറമെ തമിഴ്നാട്ടിലും ഗംഭീര കളക്ഷനുമായി മുന്നേറിക്കൊണ്ടിരിക്കവെയാണ്‌ ജയമോഹന്റെ പെറുക്കി പരാമര്‍ശം വന്നത്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമ തന്നെ അലോസരപ്പെടുത്തിയെന്നും, മലയാളികള്‍ക്ക് മദ്യപിക്കാനും ഛര്‍ദ്ദിക്കാനുമല്ലാതെ വേറൊന്നും അറിയില്ലെന്നും ജയമോഹന്‍ പറഞ്ഞു. തന്റെ ബ്ലോഗിലൂടെയായിരുന്നു ജയമോഹന്റെ പ്രതികരണം.

അടിസ്ഥാന അറിവോ പൊതു നാഗരികതയോ മലയാളികള്‍ക്കില്ലെന്നും ഊട്ടി, കൊടൈക്കനാല്‍, കുറ്റാലം ഭാഗങ്ങളില്‍ മദ്യപാനികള്‍ റോഡില്‍ വീണു കിടക്കുന്നത് കണ്ടിട്ടുണ്ടെന്നും ഇതൊക്കെ അഭിമാനത്തോടെയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നതെന്നും ജയമോഹന്‍ ബ്ലോഗില്‍ എഴുതി.

‘ഇവര്‍ മദ്യപിച്ച ശേഷം കാട്ടില്‍ കുപ്പികള്‍ വലിച്ചെറിയുകയാണ് ചെയ്യുന്നത്. എല്ലാ വര്‍ഷവും ചുരുങ്ങിയത് 20 ആനകള്‍ക്കെങ്കിലും ഇതുമൂലം പരിക്ക് പറ്റുകയും കാലിലെ മുറിവ് ചീഞ്ഞ് മരിക്കുകയും ചെയ്യുന്നുണ്ട്. ഞാനെഴുതിയ ‘എലിഫന്റ് ഡോക്ടേഴ്സ്’ എന്ന പുസ്തകത്തില്‍ ഇതിനെപ്പറ്റി പറയുന്നുണ്ട്.

ഇതിന്റെ സംവിധായകന്‍ ആ പുസ്തകം വായിക്കാന്‍ ഇടയുണ്ടാവില്ല. അയാളും ആ മദ്യപാനി സംഘത്തിലെ ഒരാളായിരിക്കും. ഈ മലയാളി ‘പെറുക്കി’കള്‍ക്ക് മറ്റൊരു ഭാഷയും അറിയില്ല. എല്ലാ ചോദ്യങ്ങള്‍ക്കും മലയാളത്തിലാണ് ഉത്തരം നല്‍കുന്നത്. മറ്റുള്ളവര്‍ അവരുടെ ഭാഷ അറിയണമെന്ന വാദമാണ് ഇവരുടേത്’, ജയമോഹന്‍ പറഞ്ഞു.

Content Highlight: Malayali writers are also throws bottles into the forest when drunk; writer Jayamohan with abusive remarks again

We use cookies to give you the best possible experience. Learn more