കുളിമുറിയില്‍ വീണ് പരുക്കേറ്റതിന് പിന്നാലെ പ്രസവം; തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ചു
Kerala News
കുളിമുറിയില്‍ വീണ് പരുക്കേറ്റതിന് പിന്നാലെ പ്രസവം; തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th April 2021, 11:20 am

തിരുവനന്തപുരം: കുളിമുറിയില്‍ വീണ് പരുക്കേറ്റതിന് പിന്നാലെ പ്രസവിക്കേണ്ടി വന്ന യുവതിയും കുഞ്ഞും മരിച്ചു. തല ചുറ്റി കുളിമുറിയില്‍ വീണ വൃന്ദ(27)ആണ് മരിച്ചത്. വെങ്ങാനൂര്‍ പഞ്ചായത്തിലെ ആലുവിള സോപാനം വീട്ടില്‍ സിനുവിന്റെ ഭാര്യയാണ് വൃന്ദ. ആറ് മാസം ഗര്‍ഭിണിയായിരുന്നു വൃന്ദ.

ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വീടിന്റെ പുറത്തുള്ള കുളിമുറിയില്‍ വൃന്ദ തല ചുറ്റി വീണത്. തുടര്‍ന്ന് അവിടെ വെച്ച് തന്നെ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഏറെ സമയം കഴിഞ്ഞിട്ടും വൃന്ദയെ കാണാതായതോടെ അമ്മൂമ്മ ലില്ലി ചെന്ന് നോക്കുകയായിരുന്നു.

തുടര്‍ന്നാണ് വൃന്ദയും കുഞ്ഞും അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. പുലര്‍ച്ചെ നാലോടെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ശേഷം ഐ.സി.യുവിലായിരുന്ന വൃന്ദയും ഉച്ചയോടെ മരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ ബാലരാമപുരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.