ബെംഗളൂരു: മുസ്‌ലിങ്ങളായതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പാകിസ്താനികളാക്കി ബെംഗളൂരു പൊലീസ്. രാത്രിയില്‍ ചായ കുടിക്കാനിറങ്ങിയ മൂന്നു മലയാളി വിദ്യാര്‍ത്ഥികളെയാണ് പൊലീസ് മര്‍ദ്ദിക്കുകയും അസഭ്യങ്ങള്‍ പറയുകയും ചെയ്തത്.
രാത്രിയില്‍ പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളോട് ആദ്യം പൊലീസ് എന്തിനാണ് പുറത്തിറങ്ങി നടക്കുന്നതെന്ന് ചോദിക്കുകായിരുന്നു. പിന്നീട് തിരിച്ചറിയല്‍ രേഖ ചോദിച്ച പൊലീസ് ഇവര്‍ മുസ്‌ലിങ്ങളാണെന്ന് മനസിലാക്കിയ ഉടനെ അവരെ പാകിസ്ഥാനികളാണോയെന്ന് ചോദിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു.
വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സംഭവം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിയാണ് ദൃശ്യം ചിത്രീകരിച്ചത്.
ഇതിന് ശേഷം വിദ്യാര്‍ത്ഥികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. സ്റ്റേഷനിലെത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് ലാത്തി ഉപയോഗിച്ച് മര്‍ദിച്ചതായും ഇവര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും കൈക്കും കാലിനും പരിക്കേറ്റിറ്റിട്ടുണ്ട്.
വിദ്യാര്‍ത്ഥികളിലൊരാളുടെ രക്ഷിതാവ് വന്ന ശേഷമാണ് പൊലീസ് ഇവരെ വിട്ടയച്ചത്. വിദ്യാര്‍ത്ഥികളില്‍ നിന്നും ഇനിമുതല്‍ രാത്രിയില്‍ പുറത്തിറങ്ങില്ലെന്ന് എഴുതി വാങ്ങിച്ച ശേഷമാണ് പൊലീസ് ഇവരെ വിടാന്‍ തയ്യാറായത്.
പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്ന പേരില്‍ 500 രൂപ പിഴ ഈടാക്കിയ പൊലീസ് നിന്ന് കന്നടയിലുള്ള രേഖയിലും ഒപ്പിടാന്‍ പറഞ്ഞതായും വിദ്യാര്‍ത്ഥകള്‍ പറഞ്ഞു. രാത്രി പുറത്തിറങ്ങി നടന്നാല്‍ എന്ത് നടപടിയും എടുക്കാമെന്ന സ്ഥിതിയിലാണ് അവര്‍ അറസ്റ്റു ചെയ്തതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.