ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളെ ആക്രമിച്ച വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് എ.എ. റഹീം എം.പി. വംശീയമായുള്ള അക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും, രാജ്യ തലസ്ഥാനത്തെ പ്രമുഖ സര്‍വകലാശാലകളിലൊന്നിന്റെ ക്യാമ്പസില്‍ ഇത്തരം ഒരു അക്രമം നടന്നത് ലജ്ജാകരമാണെന്നും റഹീം പറഞ്ഞു.
വിദ്വേഷ ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു ദല്‍ഹി സര്‍വകലാശാലയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു സംഘം ആക്രമണം നടത്തിയത്.ദല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാമ്പസിലാണ് സംഭവം. വയനാട് സ്വദേശികളായ വിഷ്ണു പ്രസാദ്, അഖില്‍, കണ്ണൂര്‍ സ്വദേശികളായ ഗൗതം, ജെയിംസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
വിഷ്ണു പ്രസാദ് മുണ്ട് ഉടുത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ ബൈക്കിലെത്തിയ മൂന്ന് പേര്‍ പരിഹസിച്ചു. അധിക്ഷേപിച്ചവരോട് വിഷ്ണു പ്രസാദ് പോകാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ മൂവര്‍ സംഘം മര്‍ദിക്കുകയായിരുന്നു.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്ന് മനസിലാക്കി വംശീയമായി അധിക്ഷേപിച്ചാണ് ആക്രമണം നടത്തിയത്. ‘നിങ്ങള്‍ എന്തിനാണ് മുണ്ട് ധരിക്കുന്നത്?’, ‘ഇത് നിങ്ങള്‍ക്ക് ഇത്തരം വസ്ത്രം ധരിക്കാനുള്ള സ്ഥലമല്ല’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു
ഹരിയാന രജിസ്ട്രേഷന്‍ ബൈക്കിലെത്തിയ സംഘമാണ് തങ്ങളെ ബെല്‍റ്റ് ഉപയോഗിച്ച് അടിച്ചതെന്നും വിഷ്ണു പ്രസാദ് പറഞ്ഞു. വിഷ്ണു പ്രസാദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദനമേറ്റത്.
അക്രമികള്‍ കൈയില്‍ കെട്ടിയ ചരടുകള്‍ ഉയര്‍ത്തി കാട്ടിയെന്നും തങ്ങള്‍ ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്റെ ആളുകളാണെന്ന് വെളിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു.
ആക്രമണത്തിന് പിന്നില്‍ എ.ബി.വി.പിക്കാരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു. പുറത്തുനിന്ന് ദല്‍ഹിയില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള അതിക്രമം തുടര്‍ക്കഥയാണെന്ന് എസ്.എഫ്.ഐ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ അടിയന്തര നടപടി വേണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ മോറിസ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
എ.എ. റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ദല്‍ഹി സര്‍വകലാശാലയില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രാദേശിക അടിസ്ഥാനത്തിലുണ്ടായ വിദ്വേഷ ആക്രമണം അപലപനീയമാണ്. ലുങ്കി ധരിച്ചു നടക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം.
ഭാഷയും വസ്ത്രവുമായിരുന്നു വിദ്വേഷത്തിന്റെ കാരണം. മദ്യപിച്ചെത്തിയ അക്രമി സംഘം വസ്ത്രധാരണത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് വിദ്വേഷ അക്രമത്തിന് ഇരകളായത്. അക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്.
രാജ്യ തലസ്ഥാനത്തെ പ്രമുഖ സര്‍വകലാശാലകളിലൊന്നിന്റെ ക്യാമ്പസില്‍ ഇത്തരം ഒരു അക്രമം നടന്നത് ലജ്ജാകരമാണ്.
യൂണിവേഴ്സിറ്റി ക്യാമ്പസും പരിസരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ ഇടമാണെന്നും, ഇത്തരം വിദ്വേഷ ആക്രമണങ്ങളെ അവര്‍ ഭയപ്പെടേണ്ടതില്ലെന്നും ഉറപ്പാക്കാന്‍ തുടര്‍നടപടി ഉണ്ടാകണം.
വിദ്യാര്‍ത്ഥികള്‍, അഡ്മിനിസ്‌ട്രേഷന്‍, ഫാക്കല്‍റ്റി എന്നിവരുള്‍പ്പെടെയുള്ള എല്ലാവരും രാജ്യത്തിന്റെ വൈവിധ്യത്തെ ബഹുമാനിക്കുന്നതില്‍ ബോധവാന്മാരാണെന്ന് ഉറപ്പാക്കാന്‍ സര്‍വകലാശാലകള്‍ക്കുള്ളില്‍ നടപടികള്‍ കൈക്കൊള്ളണം.
വിദ്വേഷ ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.
Content Highlight: Malayali students were beaten for wearing Dhoti in front of Delhi University