| Friday, 2nd July 2021, 9:59 am

മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ നായര്‍ എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രോജക്ട് കോഡിനേറ്റര്‍ കൂടിയായിരുന്നു ഉണ്ണികൃഷ്ണന്‍.

ആത്മഹത്യയാണ് നടന്നതെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. 11 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. പ്രോജക്ട് ലാബിന്റെ പരിസരത്തുള്ള ഒഴിഞ്ഞ പ്രദേശത്ത് നിന്നുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന നിലയിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സഹപാഠികളും അധ്യാപകരും ഈ സംശയം ഉന്നയിച്ചിരുന്നു.

പൊലീസും ആത്മഹത്യാ സാധ്യതകള്‍ ആദ്യ ഘട്ടത്തില്‍ തള്ളിക്കളഞ്ഞിരുന്നു. എവിടെയെങ്കിലും വെച്ച് കത്തിച്ച ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.

എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായാണ് എഫ്. ഐ.ആറില്‍ പറയുന്നത്. മാനസിക സമ്മര്‍ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പില്‍ പറയുന്നത്.

മരണത്തിന് ഉത്തരവാദികളായി ആരുടെയും പേര് ഉണ്ണികൃഷ്ണന്‍ എഴുതിയിട്ടില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഗവേഷണവുമായി മുന്നോട്ടുപോകാന്‍ സാധിക്കാത്ത മാനസികാവസ്ഥയിലാണെന്നും കുറിപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു.

2019ല്‍ മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം വലിയ ചര്‍ച്ചയായിരുന്നു. അധ്യാപകരുടെ പീഡനത്തെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഫാത്തിമ ഫോണിലെഴുതിയ അവസാന കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം, നിരന്തരമായ ജാതിവിവേചനത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും രാജിവെക്കുകയാണെന്ന് അറിയിച്ച് മദ്രാസ് ഐ.ഐ.ടിയിലെ ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്ന വിപിന്‍ പി. രംഗത്തുവന്നിരുന്നു. ഈ സംഭവം ചര്‍ച്ചയാകുന്നതിനിടയിലാണ് ഉണ്ണികൃഷ്ണന്റെ ആത്മഹത്യയും വന്നിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Malayali student Unnikrishnan found dead at Madras IIT, Police says it is a suicide

We use cookies to give you the best possible experience. Learn more