| Thursday, 3rd March 2022, 11:49 am

ഉക്രൈന്‍ സൈന്യം അടിമകളോടെന്ന പോലെയാണ് പെരുമാറിയത്; ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചു; മലയാളി വിദ്യാര്‍ത്ഥിനി പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉക്രൈന്‍ സൈന്യം അടിമകളോടെന്ന പോലെയാണ് എല്ലാവരോടും പെരുമാറിയതെന്ന് മലയാളി വിദ്യാര്‍ത്ഥിനി. എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ വിദ്യാര്‍ത്ഥിനി അഭിരാമിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

40 കിലോമീറ്ററോളം ദൂരം നടന്നിട്ടാണ് തങ്ങള്‍ അതിര്‍ത്തിയില്‍ എത്തിയതെന്നും 24ാം തിയതി നടന്നുതുടങ്ങിയതാണെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.

‘ഇന്നെങ്കിലും ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. അതിര്‍ത്തിയില്‍ നിന്നും ഉക്രൈന്‍ സൈന്യം ഞങ്ങളെ കടത്തിവിടുന്നുണ്ടായിരുന്നില്ല. ആണ്‍കുട്ടികളെ അവര്‍ വിട്ടില്ല. പെണ്‍കുട്ടികളായതുകൊണ്ട് പിന്നീട് ഞങ്ങളെ കയറ്റിവിട്ടു.

ഉക്രൈന്‍ സൈന്യം ആണ്‍കുട്ടികളെ അടിക്കുകയും മറ്റും ചെയ്തു. ഭക്ഷണമില്ലാതെ പലരും തലകറങ്ങിവീണു. പോളണ്ട് അതിര്‍ത്തിയില്‍ വലിയ പ്രശ്‌നമായിരുന്നു. അടിമകളെപ്പോലെയാണ് ഉക്രൈന്‍ സൈന്യം വിദ്യാര്‍ത്ഥികളോട് പെരുമാറിയത്. എല്ലാവരേയും അവര്‍ അടിക്കുന്നുണ്ടായിരുന്നു. ഇന്ത്യക്കാരെ മാത്രമല്ല. ആഫ്രിക്കന്‍സിനെയും എല്ലാം അടിച്ചു.

വിദ്യാര്‍ത്ഥികളെ കയറ്റിവിടാന്‍ അവര്‍ സമ്മതിച്ചില്ല. അവസാനഗേറ്റ് കടക്കാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു. പലരും കരഞ്ഞ് നിലവിളിക്കുകായിരുന്നു. അതൊക്കെ കാണാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. പോളണ്ട് അതിര്‍ത്തിയിലേക്ക് ഇപ്പോഴും നിരവധി വിദ്യാര്‍ത്ഥികള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും അഭിരാമി മാധ്യമങ്ങളോട് പറഞ്ഞു.

അതിര്‍ത്തി കടക്കാന്‍ നന്നായി പാടുപെട്ടെന്ന് റൊമാനിയ അതിര്‍ത്തി വഴി എത്തിയ മറ്റൊരു മലയാളി വിദ്യാര്‍ത്ഥിനിയും മാധ്യമങ്ങളോട് പറഞ്ഞു.

റൊമാനിയ വഴിയാണ് വന്നത്. റൊമാനിയ അതിര്‍ത്തി കടക്കാന്‍ നന്നായി പാടുപെട്ടു. അവിടുത്തെ നിലവിലെ തിരക്കും കാര്യങ്ങളും എല്ലാവര്‍ക്കും അറിയാമായിരിക്കും. ഞങ്ങള്‍ വന്ന ശേഷവും നിരവധി കുട്ടികള്‍ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്.

കനത്ത മഞ്ഞിലും പെപ്പര്‍ സ്‌പ്രേയും ഗണ്‍ഷോട്ടുകളും പോലുള്ളവയെയും അതിജീവിച്ചാണ് അവര്‍ നില്‍ക്കുന്നത്. റൊമാനിയ കഴിഞ്ഞ ശേഷം വസ്ത്രവും ചെരുപ്പുകളും എല്ലാം എംബസി തന്നു. പെട്ടെന്ന് തന്നെ നാട്ടിലെത്തിച്ചു. പല കുട്ടികളും പല പല ക്യാമ്പിലാണ്. പലരും പല ബോര്‍ഡറുകളിലേക്കുമാണ് എത്തുന്നത്.

പോളണ്ട് ബോഡറുകളില്‍ കാര്യങ്ങള്‍ ഗുരുതരമാണ്. രണ്ട് മൂന്ന് ദിവസമായി അവിടെ നിന്നും അതിര്‍ത്തി കടക്കാന്‍ കഴിയാതെ നിരവധി പേര്‍ നില്‍ക്കുന്നുണ്ട്. കാര്‍ക്കീവില്‍ നിന്നൊക്കെ എത്തിപ്പെടാനായിരുന്നു പലരും ബുദ്ധിമുട്ടിയത്. വിദ്യാര്‍ത്ഥിനി പറഞ്ഞു.

798 പേരെ കൂടിയാണ് ഇന്നലെയും ഇന്നുമായി ഉക്രൈനില്‍ നിന്നും ഇന്ത്യയില്‍ തിരികെയെത്തിച്ചത്.. മൂന്ന് വിമാനങ്ങള്‍ കൂടി ഇന്ന് എത്താനുണ്ട്.

We use cookies to give you the best possible experience. Learn more