വനിത പ്രീമിയര്‍ ലീഗ് ലേലത്തില്‍ മലയാളി തിളക്കം. വുമണ്‍സ് പ്രീമിയര്‍ ലീഗിലെ രണ്ടാം സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ വയനാട് മാനന്തവാടി സ്വദേശിനിയായ സജന സജീവനെ 15 ലക്ഷത്തിന് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്.
ലേലത്തിന് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 10 ലക്ഷം രൂപയായിരുന്നു സജനയുടെ അടിസ്ഥാന വില എന്നാല്‍ ലേലത്തില്‍ 15 ലക്ഷത്തിന് മുംബൈ മലയാളി താരത്തെ സ്വന്തം തട്ടകത്തില്‍ എത്തിക്കുകയായിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സ് ആയിരുന്നു സജനക്കായി ആദ്യം ലേലത്തില്‍ ശക്തമായ പോരാട്ടം നടത്തിയത്. പിന്നീട് മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി കേരള വനിത ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ് സജന. 2018ലെ അണ്ടര്‍ 23 കിരീടം കേരളം നേടുമ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നു സജന. വയനാട് മാനന്തവാടി സ്വദേശിനിയാണ് സജന. ചെറുപ്പം മുതല ക്രിക്കറ്റ് ഒരു വികാരമായി കൊണ്ടു നടന്ന സജന. തന്റെ പ്രിയപ്പെട്ട അധ്യാപികയായ എല്‍സമ്മ ടീച്ചര്‍ ആണ് സജനയുടെ ക്രിക്കറ്റ് കഴിവിനെ തിരിച്ചറിഞ്ഞു മുന്നോട്ട് നയിച്ചത്.
ലേലത്തില്‍ നാല് മലയാളി താരങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചത് സജന സജീവന് മാത്രമായിരുന്നു.അതേസമയം സജനയുടെ നാട്ടുകാരിയായ മിന്നു മണി കഴിഞ്ഞവര്‍ഷത്തെ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു.
പഞ്ചാബ് സ്വദേശിനിയായ കശ്വീ ഗൗതമും ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ അന്നബെല്‍ സതര്‍ലന്‍ഡുമാണ് ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള താരങ്ങള്‍. കശ്വിയെ ഗുജറാത്തും അന്നബെല്ലിനെ ദല്‍ഹിയും സ്വന്തമാക്കി. അടുത്തവര്‍ഷം മാര്‍ച്ച് നാലാം തീയതി മുതല്‍ മാര്‍ച്ച് 26 വരെയാണ് ടൂര്‍ണമെന്റ് നടക്കുക.
content highlights: Malayali shines in Women’s Premier League; Mumbai Indians acquired Wayanad girl