ഭോപ്പാൽ: മധ്യപ്രദേശിൽ അനുമതിയില്ലാതെ ശിശു സംരക്ഷണ കേന്ദ്രം നടത്തിയെന്ന കേസിൽ മലയാളി വൈദികൻ അറസ്റ്റിൽ. ഫാ. അനിൽ മാത്യുവിനെയാണ് മതപരിവർത്തനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത്.
അനിൽ മാത്യു ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്.
ഭോപ്പാലിൽ വർഷങ്ങളായി ഓചൽ എന്ന ബാലികാ സംരക്ഷണ കേന്ദ്രം നടത്തിവരികയാണ് ഫാ. അനിൽ മാത്യു.
എന്നാൽ ഏതാനും മാസങ്ങൾക്കു മുമ്പ് സ്ഥാപനത്തിന്റെ ലൈസൻസ് അധികൃതർ പുതുക്കി കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് ശിശു സംരക്ഷണ കമ്മീഷൻ സ്ഥാപനത്തിൽ റെയ്ഡ് നടത്തുകയും അനുമതിയില്ലാതെയാണ് സ്ഥാപനം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വൈദികനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹിന്ദു വിഭാഗത്തിലെ കുട്ടികൾ അവരുടെ ആരാധനാരീതികളല്ല അനാഥാലയത്തിൽ പാലിക്കുന്നതെന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് മതപരിവർത്തനം നടത്തിയെന്നും ആരോപിച്ച് മതപരിവർത്തന കുറ്റവും വൈദികനെതിരെ ചുമത്തിയിട്ടുണ്ട്.
ഉത്തർപ്രദേശിലും മധ്യപ്രദേശിലും ജാമ്യമില്ലാത്ത വലിയ കുറ്റമാണ് മതപരിവർത്തനം.
നേരത്തെ സ്ഥാപനത്തിൽ നിന്ന് ജാർഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ 26 പെൺകുട്ടികളെ കാണാതായി എന്ന ആരോപണത്തിൽ അനിൽ മാത്യുവിനെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് പരിശോധനയിൽ തെളിഞ്ഞു. പഠനം പൂർത്തിയാക്കിയ പെൺകുട്ടികൾ വീടുകളിലേക്ക് മടങ്ങിയതാണെന്ന് പൊലീസ് പിന്നീട് അറിയിച്ചു.
വിഷയത്തിൽ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നേരിട്ട് ഇടപെടലുകൾ നടത്തുന്നതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
CONTENT HIGHLIGHT: Malayali Priest arrested in Bhopal for running Child protection institution without recognition