മലയാളി ഏഷ്യന്‍ ഗെയിംസ് താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഒന്ന് ഫോണില്‍ പോലും വിളിച്ചില്ലേ?
Kerala News
മലയാളി ഏഷ്യന്‍ ഗെയിംസ് താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഒന്ന് ഫോണില്‍ പോലും വിളിച്ചില്ലേ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th October 2023, 10:44 pm

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചെന്ന പരാതിയുമായി മലയാളി താരങ്ങള്‍. ഏഷ്യന്‍ ഗെയിംസിന്റെ എല്ലാ സ്‌ക്വാഡിലും മലയാളികളുണ്ടെങ്കിലും സര്‍ക്കാരിന്റെ പിന്തുണ കിട്ടുന്നില്ലെന്നാണ് കായികതാരങ്ങളുടെ ആരോപണം. ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടത്തിന് ശേഷം സര്‍ക്കാര്‍ പ്രതിനിധികള്‍ ഫോണില്‍ പോലും വിളിച്ചില്ലെന്നും എച്ച്.എസ്. പ്രണോയി അടക്കമുള്ള കായികതാരങ്ങള്‍ പറഞ്ഞു.

അവഗണനയില്‍ പ്രതിഷേധിച്ച് കായിക താരങ്ങല്‍ കേരളം വിടുന്നത് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കേരളത്തിന് വേണ്ടി മത്സരിച്ച് ജയിച്ച താരങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലിയും പാരിതോഷികങ്ങള്‍ ഉടന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

‘സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണനയില്‍ മനംമടുത്ത് കായികതാരങ്ങള്‍ കൂട്ടത്തോടെ കേരളം വിടുന്ന സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും കത്ത് നല്‍കി.

കേരളത്തിന് വേണ്ടി മത്സരിക്കുന്നതും സ്വന്തം നാട്ടില്‍ ചുവടുറപ്പിച്ച് നില്‍ക്കുന്നതും അഭിമാനമായി കാണുന്ന കായിക താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല.

രാജ്യത്തിന് വേണ്ടി മെഡല്‍ നേടിയ കായിക താരങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണം. രാജ്യത്തിന്റെ തന്നെ അഭിമാനമായ മലയാളി കായികതാരങ്ങള്‍ സംസ്ഥാനം വിട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലിയും പാരിതോഷികങ്ങളും ഉടന്‍ നല്‍കാനുള്ള അടിയന്തിര ഇടപെടല്‍ ഉണ്ടാകണം,’ പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, മന്ത്രിസഭ ചേര്‍ന്ന് താരങ്ങള്‍ക്കുള്ള പാരിതോഷികം പ്രഖ്യാപിക്കുമെന്നാണ് കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ വിശദീരണം. ഇത് പുതിയ കാര്യമല്ല, വര്‍ഷങ്ങളായി നടക്കുന്ന കാര്യമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് വാര്‍ത്തകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Malayali players complained that the state government ignored them After winning the Asian Games medal