| Thursday, 21st March 2024, 10:15 am

ഷമിക്ക് പകരം ആളെത്തി, ഗുജറാത്ത് സ്വന്തമാക്കിയത് മലയാളി താരത്തെ; പക്ഷെ ഷമിയുടെ പവര്‍ കാണുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ സീസണ്‍ തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 22ന് ചെന്നൈയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ആദ്യം മത്സരം. എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ഫേവറേറ്റ് മാച്ചാണ് മുംബൈയും ഗുജറാത്തും തമ്മിലുള്ളത്. മാര്‍ച്ച് 24ന് രാത്രി 7:30നാണ് മത്സരം.

ഇന്ത്യന്‍ യുവ ബാറ്റര്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഗുജറാത്ത് ഇറങ്ങുമ്പോള്‍ മുബൈയെ നയിക്കുന്നത് ഹര്‍ദിക് പാണ്ഡ്യയാണ്. പുതിയ സീസണിന് മുന്നോടിയായി ഹര്‍ദിക് ഗുജറാത്ത് ക്യാപ്റ്റന്‍സി ഉപേക്ഷിച്ച് മുബൈയിലേക്ക് ചേക്കേറിയത് വലിയ ചര്‍ച്ചാവിഷയമായിരുന്നു.

എന്നാല്‍ ഇരു ടീമുകളും പ്രധാനതാരങ്ങളില്ലാതെയാണ് കളത്തിലിറങ്ങുന്നത്. ഗുജറാത്തിന്റെ പേസ് അറ്റാക്കിന്റെ നട്ടെല്ലും ലോകകപ്പ് ഹീറോയുമായ മുഹമ്മദ് ഷമി പരിക്കിനേ തുടര്‍ന്ന് ചികിത്സയിലാണ്. ലോകകപ്പ് സമയത്ത് കണങ്കാലിനേറ്റ പരിക്ക് കാരണം ശസ്ത്രക്രിയ വേണ്ടിവന്നതിനാല്‍ താരത്തിന് സീസണ്‍ മുഴുവന്‍ നഷ്ടപ്പെടുമെന്ന് ബി.സി.സി.ഐയും ടീം മാനേജ്‌മെന്റും അറിയിച്ചിരുന്നു. നേരത്തെ ഷമിക്ക് പകരക്കാരനാകുന്നത് ആരാണെന്ന് ടീം സ്ഥിരീകരിച്ചിട്ടില്ലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഷമിക്ക് പകരം ടീമിലെത്തിയത് മലയാളി താരം സന്ദീപ് വാര്യറാണെന്ന് മാനേജ്‌മെന്റ് പുറത്ത് വിട്ടിരിക്കുകയാണ്. U23 ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സന്ദീപ്. ഇതുവരെ താരം ഒരു ടി-20 ഇന്റര്‍ നാഷണല്‍ മത്സരമാണ് കളിച്ചത്. ആകെ എറിഞ്ഞ 18 പന്തില്‍ നിന്ന് 28 റണ്‍സ് വിട്ടുകൊടുത്ത താരം വിക്കറ്റൊന്നും എടുത്തിട്ടില്ല. എന്നാല്‍ ഐ.പി.എല്ലില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 102 പന്തെറിഞ്ഞ താരം 134 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും നേടി. 7.88 എന്ന ഇക്കണോമിയും 67 ആവറേജുമാണ് താരത്തിനുള്ളത്.

ഇതേസമയം മുബൈക്ക് ആദ്യ മത്സരങ്ങളില്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ നഷ്ടപ്പെടും. പരിക്ക് മൂലം താരം ശ്‌സ്ത്രക്രിയ ചെയ്ത് ചികിത്സയിലായിരുന്നു.

Content Highlight: Malayali player Sandeep Warrier has joined team Gujarat instead of Mohammad Shami

We use cookies to give you the best possible experience. Learn more