ന്യൂദല്‍ഹി: റെയില്‍വേയുടെ ടൂറിസം പദ്ധതിയായ ഭാരത് ഗൗരവ് പാക്കേജില്‍ ദില്ലിയിലെത്തിയ മലയാളികള്‍ ദുരിതത്തിലായെന്ന് റിപ്പോര്‍ട്ട്. ദല്‍ഹിയിലെ സഫ്ദര്‍ജങ് റെയില്‍വേ സ്റ്റേഷനില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന ശേഷമാണ് 700ഓളം യാത്രക്കാര്‍ക്കായി ട്രെയിന്‍ എത്തിയത്.
യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക ട്രെയിന്‍ 7.30ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ട്രെയിനില്‍ എത്തിയ ശേഷം ഭക്ഷണം നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍, ട്രെയിന്‍ എത്തിയപ്പോള്‍ 11 മണി കഴിഞ്ഞിരുന്നു.
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ശേഷം യാത്രക്കാര്‍ക്ക് ഭക്ഷണം പോലും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രെയിന്‍ വൈകുമെന്ന് ഐ.ആര്‍.സി.ടി.സി. യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നില്ല. 36,000 രൂപ നല്‍കി എ.സി ടിക്കറ്റ് എടുത്തവര്‍ക്ക് വെള്ളം പോലും ലഭിച്ചില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമയത്ത് ഭക്ഷണവും താമസ സൗകര്യവും പാക്കേജില്‍ ലഭിക്കാതെ വന്നതോടെ പല യാത്രക്കാരും യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങി. കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെ ട്രെയിന്‍ വൈകിയതോടെ ദുരിതത്തിലായി. വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ലഭിക്കാതെ വന്നതോടെ ഐ.ആര്‍.സി.ടി.സി. ജീവനക്കാരും യാത്രക്കാരും തമ്മില്‍ തര്‍ക്കവുമുണ്ടായി.
വന്‍തുക വാങ്ങിയിട്ടും തങ്ങള്‍ക്ക് യാത്രയില്‍ ഒരുക്കി തന്നത് മോശം താമസ സൗകര്യമാണെന്ന് യാത്രക്കാരനായ ബോബി മാധ്യമങ്ങളോട് പറഞ്ഞു. 12 ദിവസത്തെ യാത്രയാണ് പറഞ്ഞിരുന്നത്. യാത്രക്കാരില്‍ 95 ശതമാനവും മലയാളികളാണ്. സമയത്ത് തങ്ങള്‍ക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് മറ്റൊരു യാത്രക്കാരനായ രത്നാകരനും പറഞ്ഞു.