തിരുവനന്തുരം: ഇറാഖില്‍ നിന്ന് തിരിച്ചെത്തിയ നഴ്‌സുമാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നഴ്‌സസ് അസോസിയേഷന്‍.
ആശുപത്രികള്‍ കാണിക്കുന്നത് കപട സ്‌നേഹമാണെന്നും അര്‍ഹമായ സേവന വേതന വ്യവസ്ഥകള്‍ പാലിക്കാത്ത ആശുപത്രികളാണ് ജോലി വാഗ്ദാനം ചെയ്യുന്നതെന്നുമാണ് നഴ്‌സസ് അസോസിയേഷന്റെ ആരോപണം.
സ്വകാര്യ ആശുപത്രികള്‍ പരസ്യം നല്‍കാനുള്ള മാര്‍ഗമായാണ് ഈ അവസരം വിനിയോഗിക്കുന്നത്. ഇത് ദുരുദ്ദേശപരമാണെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.
അതെസമയം തിരിച്ചെത്തിയ നഴ്‌സുമാരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ ഇന്ന് ഉച്ചയോടെയാണ് കൊച്ചിയിലെത്തിയത്. നഴ്‌സുമാരുടെ ബന്ധുക്കളും മുഖ്യമന്ത്രിയും മറ്റു ജനപ്രതിനിധികളുമുള്‍പ്പെട്ട വന്‍സംഘം ഇവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
നഴ്‌സുമാര്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് ഇവര്‍ക്ക് ജോലി വാഗ്ദാനവുമായി വിവിധ സ്വകാര്യ ആശുപത്രികള്‍ രംഗത്ത് വന്നത്. മസ്‌ക്കറ്റ് ആസ്ഥാനമായുള്ള അറ്റ്‌ലസ് ആശുപത്രി ചെയര്‍മാന്‍ എം.എം രാമചന്ദ്രന്‍, യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷ്ണല്‍ ഹോസ്പിറ്റലുടമ ബി.ആര്‍ ഷെട്ടി എന്നിവരാണ് ജോലി വാഗ്ദാനം നടത്തിയത്.