ലിബിയയില്‍ കുടുങ്ങിയ 44 മലയാളി നഴ്‌സുമാര്‍ നാട്ടിലെത്തി
Daily News
ലിബിയയില്‍ കുടുങ്ങിയ 44 മലയാളി നഴ്‌സുമാര്‍ നാട്ടിലെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th August 2014, 10:25 am

[] കൊച്ചി: ലിബിയയിലെ ആഭ്യന്തര സംഘര്‍ഷം നടക്കുന്ന മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 44 നഴ്‌സുമാര്‍ നെടുമ്പാശ്ശേരിയിലെത്തി. ലിബിയയിലെ ട്രിപ്പോളിയില്‍ മൂന്ന് ആശുപത്രികളിലായി ജോലി ചെയ്തിരുന്നവരാണ് ഇവര്‍.

കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് റോഡുമാര്‍ഗം ബസ്സില്‍ അയല്‍രാജ്യമായ ടുണീഷ്യയിലെത്തിച്ച് അവിടെ നിന്ന് വിമാനമാര്‍ഗം ഇവരെ ദുബായിലെത്തിക്കുകയായിരുന്നു. ദുബായ്-കൊച്ചിന്‍ എമറേറ്റ്‌സ് വിമാനത്തിലാണ് രാവിലെ 8.40 ഓടെ ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്.

രണ്ട് ദിവസം മുമ്പ് 58 പേരടങ്ങുന്ന സംഘം ലിബിയയില്‍ നിന്ന് തിരിച്ചെത്തിയിരുന്നു. നോര്‍ക്കയുടെ നേതൃത്വത്തിലാണ് ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയത്. തിരിച്ചെത്തിയ നഴ്‌സുമാര്‍ക്ക് നോര്‍ക്ക യാത്രാ ചെലവായി 2000 രൂപ നല്‍കും.

500ഓളം നഴ്‌സുമാരാണ് ലിബിയയില്‍ കുടുങ്ങിക്കിടക്കുന്നത്. നാളെ 27 പേരടങ്ങുന്ന സംഘവും നാട്ടിലേക്ക് തിരിക്കും. ട്രിപ്പോളി മെഡിക്കല്‍ സെന്ററില്‍ 350ഉം അവിടെ മറ്റൊരു ആശുപത്രിയില്‍ 60ഉം നഴ്‌സുമാരുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഇവരെ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം രണ്ട് പ്രത്യേക വിമാനങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മാള്‍ട്ട, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും വിമാന സര്‍വീസ്.

നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചിരുന്നു.

ആഭ്യന്തര കലാപം ശക്തമായ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങിയെത്തണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. മേഖലയില്‍ സമാധാനം വീണ്ടെടുക്കുന്നതുവരെ ഇന്ത്യയില്‍ നിന്നും ലിബിയയിലേക്കുള്ള എല്ലാ യാത്രകളും മാറ്റിവെച്ചിരിക്കുകയാണ്.