കുവൈത്ത് സിറ്റി: കുവൈത്തിൽ മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 23 ദിവസമായി തടവിൽ കഴിയുകയായിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള 60 നഴ്‌സുമാർക്ക് മോചനം.
കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖായിദ് അൽ സബാഹ് നേരിട്ട് ഇടപെട്ടതിനെ തുടർന്നാണ് 19 മലയാളികൾ ഉൾപ്പെടെയുള്ള നഴ്‌സുമാർക്ക് മോചനത്തിന് വഴി തുറന്നത്. ഇവർക്ക് കുവൈത്തിൽ തുടരാനും അനുമതി ലഭിച്ചു.
ആഗസ്റ്റിൽ മാലിയ മേഖലയിലുള്ള സ്വകാര്യ ആശുപത്രിയിൽ ഹ്യൂമൻ റിസോഴ്സ് കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിൽ ആവശ്യമായ രേഖകളില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്ന് 19 മലയാളികൾ ഉൾപ്പെടെയുള്ള നഴ്‌സുമാരെ പിടികൂടി നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
കുവൈത്തിൽ ജോലി ചെയ്യാനുള്ള ലൈസൻസും യോഗ്യതയും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
മൂന്ന് മുതൽ പത്ത് വർഷം വരെ ആശുപത്രിയിൽ ജോലി ചെയ്തുവന്നവരായിരുന്നു പിടിയിലായവരിൽ ഭൂരിപക്ഷവും.
അഞ്ച് മലയാളി നഴ്‌സുമാർ മുലയൂട്ടുന്ന അമ്മമാരായിരുന്നു. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനാകാതെ പ്രയാസപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെട്ടിരുന്നു. തുടർന്ന് മുലയൂട്ടുന്നതിനുള്ള സൗകര്യം ജയിലിൽ ഒരുക്കിയിരുന്നു.
CONTENT HIGHLIGHT: Malayali Nurses freed from Kuwait jail