| Thursday, 23rd April 2020, 11:41 am

'കൊവിഡ് ഭേദമാകുന്നതിന് മുന്‍പ് നിര്‍ബന്ധിച്ച് ഹോസ്റ്റലിലേക്ക് വിട്ടു'; സാമ്പിള്‍ കൊണ്ടുപോകുകയല്ലാതെ പരിശോധനാഫലം കാണിക്കുന്നില്ലെന്നും മുംബൈ ആശുപത്രിയിലെ മലയാളി നഴ്‌സുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ കൊവിഡ് ഭേദമാകുന്നതിന് മുമ്പ് തന്നെ ചികിത്സയില്‍ കഴിഞ്ഞ മലയാളി നഴ്‌സുമാരെ ഹോസ്റ്റലിലേക്ക് തിരികെ വിട്ടതായി പരാതി.

രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നഴ്‌സിനെ ആദ്യ ടെസ്റ്റ് നെഗറ്റീവായപ്പോള്‍ത്തന്നെ തിരികെ ഹോസ്റ്റലിലേക്ക് വിടുകയായിരുന്നു. അതിന് ശേഷം രണ്ടാം ടെസ്റ്റില്‍ വീണ്ടും പോസിറ്റീവായപ്പോള്‍ രണ്ടാമതും ഇവരെ അര്‍ദ്ധരാത്രിയോടെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് തിരികെയെത്തിച്ചു.

ഹോസ്റ്റലില്‍ എത്തിയതോടെ നിരവധി ആളുകളുമായി ഇടപഴകേണ്ട സാഹചര്യമുണ്ടായതായി നഴ്‌സുമാര്‍ പറയുന്നു. ഇവര്‍ തിരികെയെത്തിയ ശേഷം റൂമില്‍ ഒപ്പം താമസിക്കുന്നവരുമായി അടക്കം സമ്പര്‍ക്കം പുലര്‍ത്തിയതായും അവര്‍ക്കൊക്കെ എങ്ങനെ രോഗമില്ലെന്ന് ഉറപ്പിക്കാനാകുമെന്നും നഴ്‌സുമാര്‍ ചോദിക്കുന്നു.

ഫലം വരാതെയും ഇവിടെ ക്വാറന്റീനില്‍ താമസിക്കുന്നവരോട് അടക്കം വന്ന് ഡ്യൂട്ടി ചെയ്യാനാണ് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിക്കുന്നതെന്നും നഴ്‌സുമാര്‍ പറയുന്നു.

കൃത്യമായി പരിശോധന നടത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്നും, സാമ്പിളുകളെടുത്ത് കൊണ്ടുപോവുകയല്ലാതെ പരിശോധനാഫലം കാണിച്ച് തരുന്നില്ലെന്നും മലയാളി നഴ്‌സുമാര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ക്വാറന്റീനില്‍ കഴിയുന്ന നഴ്‌സുമാര്‍ തീര്‍ത്തും ദുരിതസ്ഥിതിയിലാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. ഫലം പോസിറ്റീവാണോ നെഗറ്റീവാണോ എന്നറിയില്ല.

ഫലം കാണിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറല്ല. നിങ്ങളുടെ ഫലം നെഗറ്റീവാണെന്ന് വാക്കാല്‍ പറയുന്നത് മാത്രമേയുള്ളൂ. രോഗലക്ഷണങ്ങളുള്ളവര്‍ക്ക് പോലും രോഗമില്ലെന്നാണ് പറയുന്നത്.

ലക്ഷണങ്ങളില്ലാത്തവര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത് കൂടിവരുമ്പോള്‍, ലക്ഷണങ്ങളുള്ളവര്‍ക്കും രോഗമില്ലെന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കുമെന്ന് നഴ്‌സുമാര്‍ ചോദിക്കുന്നു. ഫലം നേരിട്ട് നല്‍കാന്‍ പറയുമ്പോഴൊന്നും ആശുപത്രി അധികൃതര്‍ അതിന് തയ്യാറാകുന്നില്ലെന്നും നഴ്‌സുമാര്‍ പറയുന്നു.

മുംബൈ ജസ്‌ലോക് ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുന്ന നഴ്‌സുമാരുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു നഴ്‌സുമാരെ താമസിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇതില്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടുകയും നഴ്‌സുമാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more