| Tuesday, 7th April 2020, 4:54 pm

'ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല, രണ്ടുകുഞ്ഞുങ്ങളെയും കൊണ്ട് എന്തു ചെയ്യണമെന്ന് അറിയില്ല, രക്ഷിക്കണം'; ദല്‍ഹിയില്‍ കൊവിഡ് ബാധിച്ച മലയാളി നഴ്‌സ് ദുരിതത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച മലയാളി നഴ്സുമാര്‍ക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി. മലയാളികള്‍ ഉള്‍പ്പെടെ 16 നഴ്സുമാര്‍ക്കും രണ്ട് ഡോക്ടര്‍മാര്‍ക്കുമാണ് ദല്‍ഹിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ കൊറോണ രോഗികളെ ചികിത്സിക്കേണ്ടി വന്നതിന് പിന്നാലെയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്. ഇവര്‍ക്ക് മതിയായ ചികിത്സ പോലും ലഭിക്കുന്നില്ലെന്നാണ് പരാതി.

ദല്‍ഹിയിലെ ആശുപത്രിയില്‍നിന്നും ചികിത്സ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി മലയാളി നഴ്‌സ് വീഡിയോ പുറത്തുവിട്ടു. രോഗം സ്ഥിരീകരിച്ച ഇവര്‍ക്കൊപ്പമാണ് രോഗമില്ലാത്ത രണ്ടുകുട്ടികളും ഉള്ളത്. സൗകര്യങ്ങള്‍ കുറഞ്ഞ ചെറിയ കുടുസുമുറിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എട്ടുവയസ്സും നാലുവയസ്സുമാണ് കുട്ടികളുടെ പ്രായം.

‘കൊവിഡ് 19 പോസിറ്റീവായതിനെത്തുടര്‍ന്ന രാജീവ് ഗാന്ധി ആശുപത്രിയില്‍ അഡ്മിറ്റായ, ദല്‍ഹി സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സ്റ്റാഫാണ് ഞാന്‍. എന്റെ ഭര്‍ത്താവ് നാട്ടിലാണ്. ഞാനും എന്റെ രണ്ടുകുഞ്ഞുങ്ങളും തന്നെയാണ് ഈ ആശുപത്രിയില്‍ വന്നുകിടക്കുന്നത്. എനിക്ക് വേറെയൊരു മാര്‍ഗവുമില്ല. ഇവിടെ ഞങ്ങള്‍ക്ക് ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല’, വീഡിയോ സന്ദേശത്തില്‍ നഴ്സ് പറയുന്നു. കരഞ്ഞുകൊണ്ടാണ് നഴ്‌സ് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.

കുട്ടികള്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ ടെസ്റ്റ് നടത്താന്‍ ആരും ഇതുവരെ വന്നിട്ടില്ല. കുടിവെള്ളം പോലും ആരും എത്തിക്കുന്നില്ലെന്നും നഴ്‌സ് വീഡിയോയില്‍ പറഞ്ഞു. ‘ജനറല്‍ വാര്‍ഡിലാണ് ഞങ്ങളുള്ളത്. ഒരു റൂം പോലും അറേഞ്ച് ചെയ്യാന്‍ അവര്‍ തയ്യാറല്ല. ഞങ്ങള്‍ക്കു വേണ്ടി ആരും ഒന്നും ചെയ്യുന്നില്ല. ഒരു ട്രീറ്റ്മെന്റും ഞങ്ങള്‍ക്ക് കിട്ടുന്നില്ല. രണ്ടുകുഞ്ഞുങ്ങളെയും കൊണ്ട് എന്തു ചെയ്യണമെന്ന് അറിയില്ല. ഞങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും നാട്ടിലെ ഗവണ്‍മെന്റ് ചെയ്തു തരണം’, അവര്‍ വീഡിയോയില്‍ പറഞ്ഞു.

നഴ്സുമാരുടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ദല്‍ഹി, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. ചികിത്സ ഉറപ്പാക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ ഉറപ്പാക്കണമെന്നും സുരക്ഷിതമായ താമസസൗകര്യം ഒരുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more