മലയാളി കഥാപാത്രമാണോ, വാലിലൊരു നായരിരിക്കട്ടെ; അന്യഭാഷാ ചിത്രങ്ങളിലെ സ്റ്റീരിയോടൈപ്പ്
Film News
മലയാളി കഥാപാത്രമാണോ, വാലിലൊരു നായരിരിക്കട്ടെ; അന്യഭാഷാ ചിത്രങ്ങളിലെ സ്റ്റീരിയോടൈപ്പ്
അമൃത ടി. സുരേഷ്
Monday, 11th September 2023, 2:09 pm

ഭാഷാ വ്യത്യാസമില്ലാതെ എല്ലാ ഭാഷയിലുമുള്ള ചിത്രങ്ങളും എല്ലാ പ്രേക്ഷകരിലേക്കും എത്തുന്ന കാലമാണിത്. പല ഭാഷകളില്‍ നിന്നുമുള്ള താരങ്ങളെ ഉള്‍ക്കൊള്ളിച്ച് ഇറക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്ക് പിന്നില്‍ എല്ലാ നാട്ടിലേയും പ്രേക്ഷകരെ ആകര്‍ഷിക്കുക എന്ന ഉദ്ദേശവും ഉണ്ടായിരുന്നു.

തമിഴ് സിനിമകളില്‍ പണ്ടുമുതലേ മലയാളികളെ വെച്ച് ഇത്തരമൊരു ശൈലി ഉണ്ടായിരുന്നു. അതിനൊപ്പം മലയാളി കഥാപാത്രത്തിനൊപ്പം ഒരു നായര്‍ വാല്‍ എന്ന സ്റ്റീരിയോടൈപ്പ് കൂടി ഉണ്ടായിരുന്നു.

തമിഴ് സംവിധായകനായ അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനില്‍ ഒരു മലയാളിയെ കൊണ്ടുവന്നപ്പോള്‍ വാലായി നായര്‍ വെക്കാന്‍ മറന്നിട്ടില്ല. ഷാരൂഖ് ഖാന്‍ നായകനായ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറില്‍ കാമിയോ റോളിലാണ് മാധവന്‍ നായര്‍ എന്ന കഥാപാത്രമെത്തുന്നത്.

സ്‌കൂട്ടറില്‍ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് വളരെ ഊര്‍ജസ്വലനായാണ് ഈ കഥാപാത്രം വരുന്നത്. ഇടക്ക് ഹാപ്പി ഓണമെന്നും ഓണ സദ്യ എന്നുമൊക്കെ പറയുന്നുണ്ട്. മാസ് എന്റര്‍ടെയ്ന്‍മെന്റ് ചിത്രത്തില്‍ ഇത് രസകരമായ ഘടകമാണെങ്കിലും മലയാളികള്‍ക്ക് ഈ കഥാപാത്രത്തോട് ഒരു ബന്ധവും തോന്നില്ല.

ജവാനിലേത് പോലെ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത രജിനികാന്ത് ചിത്രം ജയിലറിലും മലയാളി സാന്നിധ്യമുള്ളിടത്ത് നായരുമുണ്ടായിരുന്നു. മലയാളി നടത്തുന്ന ചായക്കടയുടെ പേരിനൊപ്പമാണ് നായര്‍ വന്നത്. ഇതിനൊപ്പം കഥകളിയുടേയും വള്ളംകളിയുടെയും ചിത്രങ്ങളും കൂടി വെച്ചപ്പോള്‍ ‘സമ്പൂര്‍ണ മലയാളി’ കടയായി.

മാസ് സിനിമകളിലെ ദുര്‍ബലനായ തല്ലുകൊള്ളി വില്ലന്‍ സ്റ്റീരിയോടൈപ്പ് ബ്രേക്ക് ചെയ്ത് ശക്തനും കുശാഗ്രബുദ്ധിക്കാരനുമായ വില്ലനെ സൃഷ്ടിക്കുകയും അയാള്‍ക്ക് രസകരമായ മലയാളി ടച്ച് കൊടുക്കുകയും ചെയ്യുമ്പോഴും ‘മലയാളി നായര്‍’ സ്റ്റീരിയോടൈപ്പ് ബ്രേക്ക് ചെയ്യാന്‍ സംവിധായകനായില്ല.

എന്തായാലും അന്യഭാഷാ ചിത്രങ്ങളിലെ മലയാളി കഥാപാത്രങ്ങളുടെ സ്റ്റീരിയോടൈപ്പ് അതേപോലെ പിന്തുടരാന്‍ ജവാനും ജയിലറും ശ്രദ്ധിച്ചിട്ടുണ്ട്.

Content Highlight: Malayali Nair stereotype in other south indian and bollywood movies

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.