ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കാന്‍ കഴിയുന്ന കലയാണ് സിനിമ. മഹാരാഷ്ട്രയില്‍ വേരുകളുള്ള ശിവാജിറാവു തമിഴരുടെ സൂപ്പര്‍സ്റ്റാര്‍ രജിനിയായതും പാലക്കാടുകാരന്‍ രാമചന്ദ്രന്‍ തമിഴ് മക്കളുടെ പുരട്ചി തലൈവര്‍ എം.ജി.ആര്‍ ആയതും അങ്ങനെയാണ്. ഈ വര്‍ഷം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം വമ്പന്‍ ഹിറ്റായ സിനിമകളെടുത്താല്‍ അതില്‍ പൊതുവായ ഒരു സാമ്യതയുണ്ട്. അതിന്റെയെല്ലാം സംഗീതം ചെയ്തിരിക്കുന്നത് മലയാളികളാണ്.
ബോളിവുഡില്‍ ഈ വര്‍ഷം ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ സ്ത്രീ 2, ബ്ലോക്ക്ബസ്റ്ററായി മാറിയ മൂഞ്ച്യ എന്നീ സിനിമള്‍ക്ക് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരുക്കിയത് മലയാളിയായ ജസ്റ്റിന്‍ വര്‍ഗീസാണ്. മാഡോക്ക് ഫിലിംസിന്റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്‌സില്‍ പെട്ട സിനിമകളാണ് സ്ത്രീ 2വും മൂഞ്ച്യയും.
തിയേറ്ററില്‍ രണ്ട് സിനിമകളുടെയും ഹോറര്‍ ഇഫക്ട് കൂടാന്‍ ജസ്റ്റിന്റെ സംഗീതം നല്‍കിയ ഇംപാക്ട് ചെറുതല്ല. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ജസ്റ്റിനെ തേടിയെത്തിയതുകൂടിയായപ്പോള്‍ 2024 തന്റെ പേരിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലൂടെ ജനശ്രദ്ധ നേടിയയാളാണ് ഗോവിന്ദ് വസന്ത. 2012ല്‍ അസുരവിത്ത് എന്ന ചിത്രത്തിന് സംഗീതം നല്‍കിക്കൊണ്ട് സിനിമാജീവിതം ആരംഭിച്ച ഗോവിന്ദ് തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. ഈ വര്‍ഷം ഗോവിന്ദ് സംഗീതം നല്‍കിയ ചിത്രങ്ങളാണ് ബ്ലൂ സ്റ്റാറും മെയ്യഴകനും.
പാ. രഞ്ജിത് നിര്‍മിച്ച ബ്ലൂ സ്റ്റാറിലെ ‘റെയിലിന്‍ ഒളികള്‍’ എന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ തംരഗമായി മാറി. വടചെന്നൈയുടെ തനത് സംസ്‌കാരത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലുള്ള സംഗീതമായിരുന്നൂ ബ്ലൂ സ്റ്റാറിന് വേണ്ടി ഗോവിന്ദ് ഒരുക്കിയത്. ബ്ലൂ സ്റ്റാറില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ കഥയും കഥാപശ്ചാത്തലവുമാണ് മെയ്യഴകന്റേത്.
യാതൊരു ആവര്‍ത്തനവിരസതയും തോന്നാതെ രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടിയും മികച്ച സംഗീതമാണ് ഗോവിന്ദ് ഒരുക്കിയത്. മെയ്യഴകന്റെ രണ്ടാം പകുതിയില്‍ കമല്‍ ഹാസന്‍ പാടിയ ‘യാരോ ഇവന്‍ യാരോ’ എന്ന പാട്ട് പ്രേക്ഷകന്റെ ഹൃദയത്തില്‍ തറക്കുന്ന തരത്തിലുള്ളതായിരുന്നു.
തെലുങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച മാസ് എന്റര്‍ടൈനറാണ് നാനി നായകനായ സരിപ്പോതാ സനിവാരം. ചിത്രത്തിലെ തീപ്പൊരി സംഗീതം ചിട്ടപ്പെടുത്തിയത് ജേക്‌സ് ബിജോയ് ആയിരുന്നു. കാലങ്ങളായി കണ്ടുവരുന്ന ടെപ്ലേറ്റിലുള്ള മാസ് സിനിമയെ മറ്റൊരു തലത്തിലേക്കെത്തിക്കാന്‍ ജേക്‌സിന്റ സംഗീതം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. എസ്.ജെ സൂര്യക്ക് കൊടുത്ത ബി.ജി.എം, സെക്കന്‍ഡ് ഹാഫിലെ ഫൈറ്റിന് കൊടുത്ത ബി.ജി.എം എല്ലാം സിരകളില്‍ തീപിടിപ്പിക്കുന്നതാണ്.
മലയാളസിനിമയെപ്പറ്റി മറ്റ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ വാനോളം പ്രശംസിക്കുന്നതിനോടൊപ്പം ഈ ഇന്‍ഡസ്ട്രിയിലുള്ളവരെ വേണ്ടരീതിയില്‍ ഉപയോഗിക്കുന്നതിനും 2024 സാക്ഷ്യം വഹിച്ചത് അഭിമാനം ഉണ്ടാക്കുന്ന കാര്യമാണ്. അതെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുയും കൂടി ചെയ്യുമ്പോള്‍ ‘മലയാളി പൊളിയല്ലേ’ എന്നത് സത്യമാണെന്ന് തോന്നും.
Content Highlight: Malayali music director’s works in other industries