ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നടത്തിയ ലോങ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരാണ് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.
ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ പി.വി സുജിത്ത്, 24 ചാനല്‍ റിപ്പോര്‍ട്ടര്‍ ആര്‍. അച്യുതന്‍, ക്യാമറമാന്‍ മോഹന്‍ കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മലയാള മനോരമ റിപ്പോര്‍ട്ടര്‍ ശരണ്യ ഭുവനേന്ദ്രനെ സുരക്ഷാ ജീവനക്കാര്‍ അസഭ്യം പറയുകയുമുണ്ടായി.
മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനായി മെയിന്‍ ഗേറ്റിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ സുരക്ഷാ ജീവനക്കാര്‍ കൈയ്യേറ്റം ചെയ്തത്. പൊലീസ് നിര്‍ദേശത്തോടെ അകത്ത് കയറിയ മാധ്യമപ്രവര്‍ത്തകരെ അകാരണമായാണ് ഇവര്‍ ഉപദ്രവിച്ചത് എന്നാണ് വിവരം.
ദൃശ്യം പകര്‍ത്തുന്നതിനിടെ ക്യാമറമാനും റിപ്പോര്‍ട്ടര്‍ക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. റിപ്പോര്‍ട്ടര്‍ അച്യുതന്റെ മുഖത്തടിക്കുകയായിരുന്നു സുരക്ഷാ ജീവനക്കാര്‍. സുരക്ഷാ ജീവനക്കാര്‍ ലാത്തികൊണ്ട് അടിച്ചത് തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഖത്തടിച്ചത്.
കഴുത്തിലും നെഞ്ചിലും മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. പിന്നാലെ ഇവരെ അക്രമിക്കുന്നത് പകര്‍ത്തുന്നതിനിടെയാണ് ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ സുജിത്തിനെ ജീവനക്കാര്‍ അക്രമിച്ചത്.
സുരക്ഷാ ജീവനക്കാര്‍ ക്യാമറ പിടിച്ചുവാങ്ങുകയും നിലത്തടിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികളും പൊലീസും ഇടപെട്ടാണ് ക്യാമറ തിരിച്ച് വാങ്ങിയത്.
മാധ്യമപ്രവര്‍ത്തകരെ ദല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷാ ജീവനക്കാരുടെ അതിക്രമവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി ഘടകം അപലപിച്ചു. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ദല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്, ജെ.എന്‍.യു വൈസ് ചാന്‍സിലര്‍ ശാന്തിശ്രീ ധുലിപ്പുടി പണ്ഡിറ്റിനോടും സുരക്ഷാ ഏജന്‍സിയോടും ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, എ.എ റഹീം എന്നിവര്‍ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉടന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Content Highlight: Malayali Media Persons attacked in JNU