Spoiler Alert
ദിവ്യ പ്രഭ, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ അറിയിപ്പ് ഡിസംബര്‍ 16നാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. ദല്‍ഹിയില്‍ ജീവിക്കുന്ന ഹരീഷ്-രശ്മി എന്നീ ദമ്പതികളിലൂടെയാണ് ചിത്രം മുന്നേറുന്നത്. ദല്‍ഹിയിലെ ഒരു ഗ്ലൗസ് ഫാക്ടറിയിലെ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റിലാണ് ഇരുവരും ജോലി ചെയ്യുന്നത്. വിദേശത്തേക്ക് കുടിയേറാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ദല്‍ഹിയിലെ അവരുടെ ജീവിതം. ഒരു സെക്‌സ് ടേപ്പ് ലീക്കാകുന്നതിനെ തുടര്‍ന്ന് ഇരുവരുടെയും ജീവിതം തന്നെ മാറുന്നു.
ദല്‍ഹിയില്‍ വളരെ ഞെരുങ്ങിയ സാഹചര്യത്തിലാണ് ഇരുവരും ജീവിക്കുന്നത്. ഇത്തരത്തില്‍ ദല്‍ഹിയിലെ വളരെ താഴെക്കിടയില്‍ ജീവിക്കുന്ന മലയാളികളുടെ ജീവിതം ഇതിനുമുമ്പ് അടയാളപ്പെടുത്തിയ മലയാള സിനിമകള്‍ വന്നിട്ടുണ്ടോ എന്ന് സംശയമാണ്. ഗള്‍ഫില്‍ പരിമിതമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന മലയാളികളെ ഒരുപാട് സിനിമകളില്‍ കാണിച്ചിട്ടുണ്ട്.
എന്നാല്‍ അറിയിപ്പിലെ ദല്‍ഹി മലയാളികള്‍ ഒരു പുതുമയായിരുന്നു. അത് വളരെ റിയലിസ്റ്റിക്കായിട്ടാണ് ഈ ചിത്രത്തില്‍ കാണിച്ചത്. മലയാള സിനിമയില്‍ റിയലിസ്റ്റിക് അപ്രോച്ചിന് പഞ്ഞമില്ലെങ്കിലും അറിയിപ്പ് അതിന്റെ എക്‌സ്ട്രീമിലേക്ക് പോയിട്ടുണ്ട്.
അധികം സൗകര്യങ്ങളൊന്നുമില്ലാത്ത വീട്ടിലാണ് ഹരീഷും രശ്മിയും വാടകക്ക് താമസിക്കുന്നത്. ഒരു മുറിയും ബാത്ത്‌റൂമും അടുക്കളയുമുള്‍പ്പെടെ പരിമിതമായ സ്ഥലമാണ് വീടിനുള്ളില്‍ ഉള്ളത്. ഹരീഷ് മിക്കവാറും മുറിക്ക് പുറത്തുള്ള ഹാളിലാണ് കിടക്കുന്നത്.
കേരളത്തിലേക്ക് വരുന്ന അതിഥി തൊഴിലാളികളെ ഓര്‍മിപ്പിക്കുന്നതാണ് ദല്‍ഹിയിലെ ഹരീഷിന്റെയും രശ്മിയുടെയും താമസം. കേരളത്തില്‍ മാത്രമല്ല നോര്‍ത്ത് ഇന്ത്യയിലും മലയാളികളായ ‘അതിഥി തൊഴിലാളികള്‍’ ഉണ്ടെന്ന് ചിത്രം വരച്ചുകാട്ടുന്നു. പ്രിവിലേജ്ഡ് അല്ലാത്ത മനുഷ്യര്‍ തങ്ങളുടെ ജീവിത സാഹചര്യങ്ങളോടൊപ്പം കുത്തഴിഞ്ഞ സിസ്റ്റത്തിലും നിസഹായകരാവുന്ന കാഴ്ചയാണ് അറിയിപ്പ് നല്‍കുന്നത്.
മെയ്ന്‍ പ്ലോട്ടായ ലീക്ക്ഡ് വീഡിയോയ്ക്കും അപ്പുറം പല ലെയറുകളാണ് അറിയിപ്പില്‍ അഴിച്ചുകാട്ടപ്പെടുന്നത്. വീഡിയോക്ക് പിന്നിലുള്ള യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ രശ്മിയുടെയും ഹരീഷിന്റെയും ബന്ധത്തിനിടയിലും വിള്ളലുണ്ടാവുന്നു. താനല്ല ആ വീഡിയോയിലെന്ന് തെളിയിക്കാനുള്ള പോരാട്ടത്തിനിടയില്‍ മറ്റ് ചിലതും രശ്മിക്ക് മുന്നില്‍ തെളിയുകയാണ്. തുടര്‍ന്നുണ്ടാകുന്ന കണ്ടെത്തലുകളിലൂടെയും തിരിച്ചറിവൂടെയുമാണ് അറിയിപ്പ് മുന്നേറുന്നത്.
Content Highlight: malayali life of delhi in ariyippu movie